എസ്. രാധ ചൗഹാന്‍ ഐഎഎസ്
(സെക്രട്ടറി, പേഴ്‌സണല്‍ & ട്രെയിനിങ് വകുപ്പ്)
ഈ മാസം അവസാനം ഋഷികേശില്‍ നടക്കാനിരിക്കുന്ന ജി-20 അഴിമതിവിരുദ്ധ പ്രവര്‍ത്തകസമിതി യോഗത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ് അഴിമതിയുടെ ലിംഗപരമായ മാനം. സാമ്പത്തിക-സാമൂഹ്യ മേഖലകളില്‍ കൂടുതല്‍ ദുര്‍ബലരാണെന്നതിനാല്‍ സ്ത്രീകള്‍ പുരുഷന്‍മാരില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് അഴിമതിക്ക് ഇരയാകേണ്ടി വരുന്നത്. ലിംഗാധിഷ്ഠിത അധികാര വ്യത്യാസങ്ങള്‍ നിര്‍ബന്ധിത അഴിമതിക്കും മറ്റു തരത്തിലുള്ള ചൂഷണത്തിനും സ്ത്രീകളെ ലക്ഷ്യമിടുന്നതിന് ധൈര്യം പകരും. ഇതിനു പുറമേ സാമൂഹ്യമാനദണ്ഡങ്ങളുടെ ഫലമായി, ലിംഗപരമായ യാഥാസ്ഥിതിക സാമൂഹിക കര്‍ത്തവ്യങ്ങളും പ്രത്യേക ആവശ്യങ്ങളും നിര്‍ണയിക്കുന്ന പ്രവര്‍ത്തനമേഖലകളില്‍ സ്ത്രീകള്‍ പലപ്പോഴും ഉയര്‍ന്ന അഴിമതിയുടെ അപകടസാധ്യതകള്‍ക്ക് വിധേയരാകുന്നു. കുടുംബത്തിലെ പ്രാഥമിക സംരക്ഷണമെന്നത് സ്ത്രീകളുടെ ചുമതലയാണെന്നതിനാല്‍ പലപ്പോഴും പൊതുസേവനങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇടപെടുമ്പോള്‍ സ്ത്രീകള്‍ പതിവായി അഴിമതിയെ അഭിമുഖീകരിക്കുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസത്തില്‍ അഴിമതി ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും ഇത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ലിംഗസമത്വത്തെയും ബാധിക്കുന്നുവെന്നും ദീര്‍ഘകാല സാമൂഹ്യ – സാമ്പത്തിക പുരോഗതിയെ ബാധിക്കുന്നുവെന്നും പൊതുവെ അഭിപ്രായമുണ്ട്.
വൈവിധ്യങ്ങള്‍ വര്‍ധിപ്പിക്കലും ഉള്‍പ്പെടുത്തലും അഴിമതി തടയുന്നതിന് കാരണമാകുമെന്നതിനാല്‍, അഴിമതിയുടെ വ്യത്യസ്തമായ ആഘാതം പരിശോധിക്കപ്പെടുമ്പോള്‍, തൊഴില്‍ വിപണിയിലും പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന പ്രക്രിയയിലും സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കേണ്ടതുണ്ടെന്നത് ആവശ്യമായി വരികയാണ്. 25നും 54നും ഇടയില്‍ പ്രായമുള്ളവരില്‍ തൊഴില്‍ പങ്കാളിത്തത്തിലെ ലിംഗപരമായ അന്തരം 29.2 ശതമാനമാണെന്ന് അന്താരാഷ്‌ട്ര തൊഴില്‍ സംഘടനയുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. സ്ത്രീപങ്കാളിത്തം 61.4 ശതമാനവും പുരുഷപങ്കാളിത്തം 90.6 ശതമാനവുമാണ്. അഴിമതി തടയുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നിയമനിര്‍മ്മാണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നത് ഔപചാരിക സമ്പദ് വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. വിവരം ലഭ്യമാക്കുന്നതിലെ അസമത്വം എങ്ങനെയാണ് സ്ത്രീകള്‍ക്ക് വായ്പയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നതിനു കാരണമാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുവഴി വ്യവസായ നിക്ഷേപത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സ്ത്രീകളുടെ അവസരങ്ങള്‍ തടയപ്പെടുന്നു. സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റല്‍ രൂപാന്തരണം ഒരുപരിധിവരെ ഇതിന് പരിഹാരമാകുമെങ്കിലും ലോകമെമ്പാടും വളരെ വ്യക്തമായ ഡിജിറ്റല്‍ ലിംഗവിഭജനം നിലനില്‍ക്കുന്നു. അന്താരാഷ്‌ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ 57 ശതമാനത്തിന് മാത്രമാണ് ഇന്റര്‍നെറ്റ് ലഭ്യതയുള്ളത്. പുരുഷന്‍മാരില്‍ ഇത് 62 ശതമാനമാണ്. ഇത് ഇ-കൊമേഴ്സ്, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥകള്‍ എന്നിവയിലൂടെ ലഭ്യമായ എണ്ണമറ്റ അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നു.
ഈ വിഷയം ലോകത്ത് വിവിധ അന്താരാഷ്‌ട്ര വേദികളില്‍ ഇതിനകം ചര്‍ച്ചയായതാണ്. ഐക്യരാഷ്‌ട്ര സഭയുടെ ഓഫീസ് ഓഫ് ഡ്രഗ്‌സ് ആന്‍ഡ് ക്രൈം (യുഎന്‍ഒഡിസി) 2020 ഡിസംബറില്‍ പുറത്തിറക്കിയ ‘ഇതാണ് സമയം’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്, ലിംഗസമത്വവുമായ ബന്ധപ്പെട്ട ഇടപെടലുകള്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ക്രിയാത്മക സ്വാധീനം ചെലുത്തുന്നുവെന്നാണ്. ഈ ബന്ധം ആഗോളതലത്തില്‍ ലിംഗ അവബോധവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനും സാധ്യതകള്‍ തുറന്നിടുന്നു. 2021ലെ ഐക്യരാഷ്‌ട്രസഭ, പൊതുസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ രാഷ്‌ട്രീയ പ്രഖ്യാപനത്തിലൂടെ, അംഗങ്ങള്‍ ലിംഗഭേദവും അഴിമതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവരുടെ ധാരണ മെച്ചപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും പുരുഷന്മാരെയും അഴിമതി വ്യത്യസ്തമായി ബാധിക്കാവുന്ന വഴികള്‍ ഉള്‍പ്പെടെ, പ്രസക്തമായ നിയമനിര്‍മ്മാണം, നയവികസനം, ഗവേഷണം, പദ്ധതികള്‍, പരിപാടികള്‍ എന്നിവയില്‍ ലിംഗസമത്വത്തെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് പ്രോത്സാഹിപ്പിക്കുന്നത് തുടരാനും തീരുമാനിച്ചിരുന്നു. അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ജി20യുടെ അഴിമതിവിരുദ്ധ പ്രവര്‍ത്തകസമിതി എല്ലായ്‌പ്പോഴും മുന്‍പന്തിയിലാണ്. 2019ലെ ജി20 നേതാക്കളുടെ പ്രഖ്യാപനം അനുസരിച്ച് അഴിമതിയും ലിംഗഭേദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്‌ട്ര സംഘടനകള്‍ ഏറ്റെടുക്കുന്നതിനെ ജി20 രാജ്യങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. ജി20 അഴിമതിവിരുദ്ധ സംഘത്തിന്റെ 2019-2021, 2022-24 കര്‍മപദ്ധതിയില്‍ അംഗരാജ്യങ്ങള്‍ അഴിമതിയും ലിംഗഭേദവും സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്തണമെന്നും കൂടുതല്‍ നടപടികളിലൂടെ സാധ്യമായതെല്ലാം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. അതോടൊപ്പം, നയരൂപീകരണത്തില്‍ ലിംഗപരമായ മാനവും അഴിമതിവിരുദ്ധ ശ്രമങ്ങളും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു.
ഭരണനിര്‍വഹണത്തില്‍ സുതാര്യതയും ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യാഗവണ്മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് സ്ത്രീശാക്തീകരണത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുകയും സ്ത്രീകള്‍ അഴിമതിക്ക് ഇരയാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്തു. ദേശീയ സാമൂഹ്യ സഹായ പദ്ധതി (എന്‍എസ്എപി), പ്രധാനമന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ), ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം), ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) പോലുള്ള നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികള്‍ സ്ത്രീകളുടെ വരുമാനവും സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ശേഷിയും ഗണ്യമായി വര്‍ധിപ്പിച്ചു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാറിന് കീഴില്‍ നേരിട്ടുള്ള ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ സംയോജിപ്പിച്ച് (ജെഎഎം സംവിധാനം) പണത്തിന്റെ നേരിട്ടുള്ള കൈമാറ്റം സാധ്യമാക്കുന്നു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി നേരിട്ട് പണമെത്തിക്കുന്നത് ലിംഗപരമായ അന്തരം മറികടക്കാന്‍ സഹായിച്ചു. 55.6 ശതമാനം ജന്‍ധന്‍ അക്കൗണ്ടുകളും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതാണ്. ജെഎഎം സംവിധാനത്തിന് സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തില്‍ നിര്‍ണായക പങ്കാണുള്ളത്. പിഎം മുദ്ര യോജനയിലൂടെ (പിഎംഎംവൈ) സ്ത്രീ സംരംഭകര്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. 2030 ഓടെ രാജ്യത്ത് സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 30 ദശലക്ഷം എംഎസ്എംഇകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിലൂടെ 150 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കരുതപ്പെടുന്നു. ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസിന്റെ (ജിഇഎം) ‘വുമണിയ’ സംരംഭം സ്ത്രീസംരംഭകര്‍ക്ക് വിപണികള്‍, ധനകാര്യം, മൂല്യവര്‍ധന എന്നിവയിലേക്ക് കൂടുതല്‍ ഇടപഴകലിന് അവസരമൊരുക്കുന്നു. 2023 ജനുവരി 15ലെ കണക്ക് അനുസരിച്ച് 1.44 ലക്ഷം വനിതാ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ ജിഇഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 21,265 കോടി രൂപ മൂല്യമുള്ള 14.76 ലക്ഷത്തിലധികം ഓര്‍ഡറുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഋഷികേശില്‍ നടക്കുന്ന ജി20 അഴിമതിവിരുദ്ധ പ്രവര്‍ത്തകസമിതി യോഗം, ജി20 അംഗരാജ്യങ്ങളുടെ ഭാവി സംരംഭങ്ങളുടെ ആഖ്യാനങ്ങള്‍ സജ്ജമാക്കുന്നതിനായി, ലിംഗഭേദമെന്യേയുള്ള സംവേദനാത്മക ഭരണനിര്‍വഹണത്തിന്റെയും അഴിമതിവിരുദ്ധ സമ്പ്രദായങ്ങളുടെയും മികച്ച ഇന്ത്യന്‍-ആഗോള മാതൃകകള്‍ സ്വീകരിക്കും. അഴിമതിയുടെ ലിംഗപരമായ വ്യത്യാസം മനസിലാക്കേണ്ടതിന്റെ ആവശ്യകത പൊതു-സ്വകാര്യ മേഖലകളിലെ നയആസൂത്രകര്‍ക്ക് അംഗീകരിക്കാനും, സ്ത്രീകളുടെയും പുരുഷന്മാരുടെയും നിര്‍ദിഷ്ട ആശങ്കകളെയും അനുഭവങ്ങളെയും അഭിസംബോധന ചെയ്യുന്ന നയങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും എങ്ങനെ കഴിയും? ഗവണ്മെന്റുകള്‍ക്ക് എങ്ങനെയാണ് അഴിമതിവിരുദ്ധ നയങ്ങളും ഭരണത്തില്‍ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളും സംയോജിപ്പിക്കാന്‍ കഴിയുക? അഴിമതിവിരുദ്ധ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ കൊണ്ടുവരുന്നതില്‍ ലിംഗ വിശകലനത്തിനും അഴിമതിയെക്കുറിച്ചുള്ള ലിംഗഭേദ ഡാറ്റയ്‌ക്കും എന്ത് പങ്കാണുള്ളത്? തുടങ്ങിയ ചോദ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവരും. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള വിദഗ്ധരുടെ പാനല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അഴിമതിക്കെതിരായ കരുത്തുറ്റ സങ്കേതമെന്ന നിലയില്‍ ലിംഗപരമായ സംവേദനക്ഷമതയുള്ള ഭരണത്തിലും നയരൂപീകരണത്തിലും മുന്നോട്ടുള്ള വഴി തുറക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: