മലപ്പുറം: തിരൂര്‍ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ തള്ളി. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് ചെന്നൈയില്‍ പിടിയിലായിട്ടുണ്ട്. സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാന എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരിപ്പോള്‍ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ ചെന്നൈയിലാണ് ഉള്ളത്.
കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്. കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിമാവിലെ ഹോട്ടലില്‍ വെച്ചാണെന്നാണ് പ്രാഥമിക വിവരം.
ചൊവ്വാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എരഞ്ഞിപ്പാലത്തുള്ള ഹോട്ടലില്‍ സിദ്ധിഖ് മുറിയെടുത്തിരുന്നു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം പ്രതികള്‍ ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം.
പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.
നാളെ മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ചു ഉപേക്ഷിച്ച സ്ഥലത്തെത്തും. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: