ആലപ്പുഴ: സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എബിവിപി ബലിദാനിയായ വിദ്യാര്‍ഥിയെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ കേസ് ഫയല്‍ ചെയ്തു. പരുമല പമ്പ കോളജില്‍ എസ്എഫ്ഐ അക്രമത്തില്‍ കൊല്ലപ്പെട്ട മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ അതീവ മോശമായ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെയാണ് വിദ്യാര്‍ഥിയുടെ പിതാവ് കോടതിയെ സമീപിച്ചത്. എബിവിപി പ്രവര്ത്തകന് അനു പി. എസിന്റ അച്ഛന് മാന്നാര്‍ സ്വദേശിയായ ശശി പി. സി ആണ് അഡ്വ. പ്രതാപ് ജി. പടിക്കല്‍ മുഖേന സിപിഎം നേതാവായ തൃശൂര്‍ സ്വദേശി എന്‍. വി. വൈശാഖനെതിരെ മാവേലിക്കര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കോളജിലെ എബിവിപി പ്രവര്‍ത്തകരായിരുന്ന അനു പി. എസ്, കിം കരുണാകരന്, സുജിത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. 1996 സപ്തംബര്‍ 17ന് എസ്എഫ്ഐ, ഡിവൈഎഫ്ഐക്കാരായ പ്രതികള്‍ രാഷ്ട്രീയ വിരോധം കാരണം കോളജിലെ ഹിന്ദി ഡിപ്പാര്‍ട്ട്മെന്റിന് സമീപം വച്ച് വിദ്യാര്‍ഥികളെ ആക്രമിച്ച് കൊലപ്പെടുത്തുവാനായി ശ്രമിച്ചപ്പോള്‍ രക്ഷക്കായി പുറത്തേക്ക് ഓടിയ മൂന്നു പേരെയും പ്രതികള്‍ ആക്രമിച്ച് പമ്പാനദിയിലേക്ക് തള്ളുകയും തുടര്‍ന്ന് കരയിലേക്ക് കയറാന്‍ ശ്രമിച്ച കുട്ടികളെ അതിന് അനുവദിക്കാതെ കല്ലെറിഞ്ഞ് നദിയില്‍ താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പുളിക്കീഴ് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ കേസിന്റെ അന്വേഷണ വേളയില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷപെടുത്താനായി പോലീസ് കേസ് അന്വേഷണം അട്ടിമറിച്ചിരുന്നു എന്ന വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. അതിനെ ശരിവയ്ക്കുന്ന തരത്തില്‍ ഈ കേസിന്റെ പരാജയത്തിന് കാരണക്കാര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ആണെന്നും പോലീസ് നിയമത്തിന്റെ രക്ഷകരായിരുന്നു ആകേണ്ടതെന്നും കേസിന്റെ അന്തിമ വിധി ന്യായത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതി എഴുതിയിരുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ മെയ് 21 ന് ഒരു സ്വകാര്യ ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത വൈശാഖന് കൊല്ലപ്പെട്ടവര്‍ മദ്യപാനികള്‍ ആയിരുന്നുവെന്നും മോശക്കാരായിരുന്നുവെന്നുമുള്ള തരത്തില്‍ ചിത്രീകരിച്ചതിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഏക മകനെ നഷ്ടപ്പെട്ട ദുഃഖത്തില്‍ വര്‍ദ്ധക്യ കാലത്തും സങ്കടപ്പെടുന്ന മാതാ പിതാക്കളെ വീണ്ടും അപമാനിക്കാനായി സിപിഎം നേതാവ് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് അനുവിന്റെ പിതാവ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് വാദിയായ പി.സി. ശശിക്കായി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: