ന്യൂദല്‍ഹി: ലോകം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യയെ ഉറ്റുനോക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍നിന്ന് ദല്‍ഹിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
ജപ്പാന്, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കു നടത്തിയ പര്യടനത്തിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ”സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിലും ലോകത്തിന്റെ പ്രതീക്ഷയുടെ കിരണമായി ഇന്ത്യ മാറിയെന്ന് പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹിക്കുമ്പോള്‍, ഉത്തരാഖണ്ഡ് പോലുള്ള മനോഹരമായ സംസ്ഥാനങ്ങള്‍ ഇന്നത്തെ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേദാര്‍നാഥ് എന്ന ”ദേവഭൂമി ലോകത്തിന്റെ ആത്മീയ ബോധത്തിന്റെ കേന്ദ്രമാകു”മെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചാര്‍ധാം യാത്രയ്ക്കുള്ള തീര്‍ഥാടകരുടെ എണ്ണം പഴയ റിക്കാര്‍ഡുകള്‍ ഭേദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേദാര്‍നാഥ്-ബദ്രിനാഥ് ധാമില്‍ 1300 കോടിയുടെ പുനരുജ്ജീവന പ്രവര്‍ത്തനമാണ് നടക്കുന്നത്.
ഗൗരികുണ്ഡ്-കേദാര്‍നാഥ്, ഗോവിന്ദ് ഘട്ട്- ഹേംകുണ്ഡ് സാഹിബ് എന്നിവിടങ്ങളില്‍ 2500 കോടിയുടെ റോപ്വേ പദ്ധതി, കുമാവോണിലെ പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പദ്ധതികള്‍ നടന്നുവരികയാണെന്ന് മോദി ചൂണ്ടിക്കാട്ടി. 12,000 കോടിയുടെ ചാര് ധാം മഹാപരിയോജനയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. 16,000 കോടി യുടെ ഋഷികേശ്-കരണ്‍പ്രയാഗ് റെയില്‍ പദ്ധതി 2-3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: