ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
ഗുരു പുഞ്ചിരിച്ചു പറഞ്ഞു. ‘ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ,’അടുത്ത് കീഴെയിരിക്കുക എന്നാണ്. ശിഷ്യന്‍ ഗുരുവിന് സമീപം താഴെയിരുന്ന് ഇരുവരും തമ്മില്‍ ചെയ്യുന്ന സംവാദത്തിലൂടെയാണ് ആത്മസാക്ഷാത്ക്കാരം ഉണ്ടാവുന്നത്. ശിഷ്യന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു, ഗുരു പകര്‍ന്നുതരുന്ന ഉത്തരങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച്, അതെക്കുറിച്ച് ചിന്തിച്ച് അപഗ്രഥിച്ചും ഗുരുവില്‍നിന്നും സംശയനിവാരണം വരുത്തിയും തല്‍വിഷയത്തെപ്പറ്റി ധ്യാനിച്ചും ശിഷ്യന്‍ എല്ലാ സന്ദേഹങ്ങള്‍ക്കും പിറകിലുള്ള അജ്ഞാനത്തെ വേരോടെ പിഴുതെറിയുന്നു. ഇങ്ങനെയുള്ള വിവിധ ഉപനിഷത്തുക്കളാല്‍ സമ്പന്നമാണ് വേദങ്ങള്‍. അവയെല്ലാം പരംപൊരുളിനെക്കുറിച്ചുള്ള ഒരേ ജ്ഞാനസാരമാണ് പലവിധത്തില്‍ ശിഷ്യന്‍ നല്‍കുന്നത്. നാം തമ്മില്‍ നടന്ന ഈ സംവാദംപോലും, ഈശ്വരന്റെ പ്രപഞ്ചമനസ്സ് സ്വമേധയാ രേഖപ്പെടുത്തി ഏതെങ്കിലും ഒരു ഋഷിയിലൂടെ ഉപനിഷത്തായി പ്രസിദ്ധമായേക്കാം!’
വീണ്ടും നിറപുഞ്ചിരിയോടെ ഗുരുദേവന്‍ പറഞ്ഞു. ‘വരും യുഗങ്ങളില്‍ പ്രത്യക്ഷ സൃഷ്ടികളുടെ ആവിഷ്‌ക്കാരങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ സംസാരവും ധര്‍മ്മാര്‍ത്ഥകാമങ്ങളും ഒടുവില്‍ മോക്ഷവും മനുഷ്യജീവിതത്തിന്റെ ലക്ഷ്യങ്ങളായി തുടരുകതന്നെ ചെയ്യും. മനുഷ്യന്റെ വൈദഗ്‌ദ്ധ്യം വര്‍ദ്ധിക്കുന്തോറും, ശാസ്ത്രസാങ്കേതികത പുരോഗമിക്കും തോറും, അവന് ഒരുപക്ഷേ വേദാനുസാരിയായ വിശ്വാസങ്ങളും, ആചാരങ്ങളും കര്‍മ്മങ്ങളും മറ്റും കാലോചിതമല്ല എന്ന് തോന്നിയേക്കാം. സാംസാരിക നേട്ടങ്ങളായ അര്‍ത്ഥകാമപൂരണങ്ങള്‍ക്കായി ദേവതാസങ്കല്‍പ്പങ്ങളുമായി ബന്ധമില്ലാത്ത പുതിയ വിശ്വാസസംഹിതകള്‍ പ്രമാണമാവുകയും ചെയ്‌തേക്കാം. പുതിയ വിശ്വാസസംഹിതകളും മതങ്ങളും ധര്‍മ്മത്തെയും മോക്ഷത്തെയും അഭിസംബോധന ചെയ്യാനും സാദ്ധ്യതയുണ്ട്. നിയന്ത്രണാതീതമായ തലത്തില്‍ സുഖലോലുപതയ്‌ക്കും ഭൗതികവാദത്തിനും മനുഷ്യജീവിതത്തില്‍ സ്ഥാനമുണ്ടാവാം. മാത്രമല്ല ഓര്‍മ്മകള്‍ വര്‍ദ്ധിപ്പിക്കാനും ഇന്ദ്രിയാനുഭൂതികള്‍ കൂടുതല്‍ ദീപ്തമാക്കാനും, ഉല്ലാസങ്ങള്‍കൂട്ടാനും അറിവ് ഗഹനമാക്കാനും വേണ്ടുന്ന മനുഷ്യനിര്‍മ്മിത ഉപകരണങ്ങളില്‍ മനുഷ്യന് നിയന്ത്രണാതീതമായ വിധേയത്വം ഉണ്ടാവാനും സാദ്ധ്യതയുണ്ട്. ഇത ്പ്രകൃതിവിഭവങ്ങളെ കൂടുതല്‍ വേഗത്തില്‍ ഉപഭോഗംചെയ്യാനും തല്‍ഫലമായി വലിയ പ്രകൃതിദുരന്തങ്ങള്‍, മനുഷ്യനിര്‍മ്മിത ദുരന്തങ്ങളടക്കം, ഉണ്ടാവാനും ഇടയുണ്ട്. പൊതുവേ ധര്‍മ്മച്യുതിക്കും സാധ്യതയുണ്ട്. മോക്ഷത്തിനായുള്ള ഉല്‍ക്കടമായ ലക്ഷ്യത്തിന്റെ അഭാവത്തില്‍ മനുഷ്യന്‍ ജനനമരണചക്രത്തില്‍ ചുറ്റിക്കൊണ്ടേയിരിക്കും. ഒരാള്‍ ജീവിക്കുമ്പോള്‍ മറ്റൊരാള്‍ മരിക്കുന്നു. ജീവിതം മുഴുവന്‍ ആശകളിലും, ആസക്തികളിലും, വിദ്വേഷത്തിലും കഴിഞ്ഞ ഒരാള്‍ മരിക്കുമ്പോള്‍ അയാളിലുണ്ടാവുന്ന അവസാന ചിന്തയും ഈ കാര്യങ്ങളെക്കുറിച്ചായിരിക്കും, ഈശ്വരനെക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ആവുകയില്ല. നാനാത്വത്തില്‍ ഏകത്വമെന്ന സത്യം തിരിച്ചറിയാതെ ജീവിച്ച് മരിക്കുന്നവര്‍ക്ക് മോക്ഷപദം സാദ്ധ്യമാണെന്ന് കരുതുന്നവര്‍ മോഹിതരായി സ്വയം കബളിപ്പിക്കുകയാണ്. അജ്ഞാനവും വിവേകവും തമ്മിലുള്ള അന്തരം അവര്‍ക്ക് കാണാനാകുന്നില്ല’
ഇതൊക്കെയാണെങ്കിലും മോക്ഷത്തിനായുള്ള അദമ്യമായ ത്വരയുണ്ടാവുന്നത് വളരെക്കുറച്ചുപേരില്‍ മാത്രമാണ്. അവര്‍ മോക്ഷമാര്‍ഗത്തില്‍ ഏറെക്കാലം സഹനശക്തിയോടെ കഴിഞ്ഞവരാണ്. അവരില്‍ ചിലര്‍ക്ക് അനശ്വരങ്ങളായ ഉപനിഷത്ത്പാഠങ്ങള്‍ അവരുടെ യാത്രയില്‍ വഴിവിളക്കാവുന്നു. അജ്ഞാനത്തിന്റെ പാതയില്‍ തുടരുമ്പോള്‍ത്തന്നെ ശ്രേഷ്ഠരായ സംസാരികളും ഉപനിഷദ്പഠനവും ജപവും മറ്റും ചെയ്യുന്നുണ്ട്. നചികേതസിന്റെ കഥയും അദ്ദേഹത്തിന്റെ മൂന്ന് വരങ്ങളും ഒരുപക്ഷേ സുപ്രസിദ്ധമായേക്കാം. എന്നാല്‍ ഈ പാഠങ്ങള്‍ വളരെ കുറച്ച് നചികേതസുമാര്‍ക്ക ്മാത്രമായുള്ളതാണ്. അവര്‍ പ്രായത്തില്‍ കുറഞ്ഞവരോ കൂടിയവരോ ആകട്ടെ, മൂന്നാമത്തെ വരംതേടാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണിത്. മറ്റുള്ളവര്‍ക്ക് മനസ്സിനെ വിമലീകരിക്കാന്‍കൂടുതല്‍ സമയം ആവശ്യമുണ്ട്. നിര്‍മ്മലമായ മനസ്സിനെ പരമപദമായ ഉള്ളുണര്‍വ്വിന്റെ നിതാന്തസാന്നിദ്ധ്യത്തിനായി തയ്യാറെടുക്കാനാവൂ. അനന്താവബോധസാന്നിദ്ധ്യം സാധകനില്‍ ഒരുനിറവാകുന്നത് ക്ഷിപ്രമായാണ്. അതൊരിക്കലും പിന്‍വലിക്കാനാവാത്ത ആത്മദര്‍ശനവുമാണ്. അത്യസാധാരണമായ, നചികേതസ്സിന്റെ ഉള്ളുണര്‍വ്വിന്റെ കഥ എല്ലാവര്‍ക്കും പ്രചോദനപ്രദമാകട്ടെ.’
യമദേവന്‍ നിശ്ചയദാര്‍ഢ്യത്തോടെ എഴുന്നേറ്റു. യാത്രപറയാന്‍ സമയമായിരിക്കുന്നു. അനുഗ്രഹാര്‍ത്ഥം, ഞാന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം നമസ്‌ക്കരിച്ചു. അദ്ദേഹം കുനിഞ്ഞ് തോളില്‍പ്പിടിച്ച് എന്നെ എഴുന്നേല്‍പ്പിച്ചു. ആലിംഗനം ചെയ്തു.
എന്റെ കണ്ണുകള്‍ സജലങ്ങളായി, ആനന്ദത്തിന്റേയും കൃതജ്ഞതയുടേയും കണ്ണീരായിരുന്നു അത്. ഗുരുദേവനെ വിട്ടുപിരിയുന്നതിലുള്ള വിഷാദവും കണ്ണീരില്‍ ലയിച്ചിരുന്നു.
അദ്ദേഹം പൊയ്‌ക്കഴിഞ്ഞ് ആ ഉദ്യാനത്തില്‍ ഞാന്‍ ആദ്യം എത്തിയ ഇടത്തേയ്‌ക്ക് നടന്നു. അവിടെത്തന്നെ ഞാന്‍ ധ്യാനലീനനായി ഇരിപ്പുറപ്പിച്ചു. ഇങ്ങോട്ട് വന്നതുപോലെ തന്നെ തിരിച്ച് ഭൂമിയിലേക്ക് മടങ്ങിപ്പോകാന്‍ എനിക്ക് കഴിയും എന്നതില്‍ എനിക്ക് സംശയമേ ഉണ്ടായിരുന്നില്ല. ഈശ്വരകൃപയുണ്ടെങ്കില്‍ അനന്താവബോധത്തില്‍ എന്തും സാദ്ധ്യമാണ്. കൂടാതെ ഏതൊരിടവും എനിക്കെന്റെ വീടാണ്. പ്രിയപ്പെട്ടവീട്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: