സ്ഥിതിപ്രകരണം
(ഭാര്‍ഗവോപാഖ്യാനം: ഭൃഗുവിന്റെ പുത്രനായ ശുക്രന്റെ ജന്മാന്തര കഥകള്‍)
സൂര്യവംശത്തിന്റെ സല്‍ക്കീര്‍ത്തിയാകുന്ന പൊക്കമേറുന്ന വൃക്ഷത്തിന്റെ നേരായ വേരായി എപ്പോഴും വിളങ്ങുന്ന ഹോ രാമചന്ദ്ര! നീ കേട്ടാലും. വരകാരനില്ലാതെ ഒരു ചായവുമില്ലാതെ ഒരു ചിത്രം ആകാശത്തിലുണ്ടായി. അത് മറ്റുള്ളവരാരും കാണുന്നില്ല. അത് മഹാവിസ്മയമായ സ്വാനുഭവമാണ്. തന്നെയുമല്ല, നിദ്രകൂടാതെ താന്‍ കാണുന്ന സ്വപ്‌നവുമാണത്. സാക്ഷിയായി, സദാഭേദവിഹീനനായി, സ്വച്ഛനായി, സമനായ ചിദാത്മാവില്‍ കണ്ണാടിയിലെന്നപോലെ നിരര്‍ത്ഥമായ ഈ ജഗത്ത് പ്രതിഫലിക്കുന്നു. കാര്യകാരണസംബന്ധമൊന്നുമില്ലാതെ ശുദ്ധമാകുന്ന ബ്രഹ്മത്തില്‍ ഈ ജഗത്തൊക്കെയും വെറും തോന്നല്‍ മാത്രമായി വര്‍ത്തിക്കുന്നു. സര്‍വ്വാത്മകവും ചിദാകാശവും അഖണ്ഡിതവും നിര്‍വാദവും ഏകമായതുമായ പരബ്രഹ്മമെന്ന് നീ പ്രയത്‌നിച്ച് ഭാവിച്ചുകൊള്ളുക. എങ്കില്‍ നിന്റെ മനസ്സിന് ചാഞ്ചല്യമില്ലാതെ വരും.
1 (ജഗത്തെന്നാല്‍ ചലിക്കുന്നത്, സഞ്ചരിക്കുന്നത്, സ്ഥിരമായ ഒരു രൂപത്തില്‍ നിലനില്‍പ്പില്ലാത്തത്).
ആനകള്‍, അശ്വങ്ങള്‍, ആളുകള്‍ ഇത്യാദി നാനാവിധത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ന്ന് നല്ലവണ്ണം വലുപ്പമുള്ള ഒരു കല്ല് നോക്കിയാല്‍ എങ്ങനെയായീടുന്നുവോ അങ്ങനെ ഈ ജഗത്ത് പരിപൂര്‍ണമാകുന്ന പരബ്രഹ്മം ഒന്നായി വിളങ്ങുന്നു എന്ന കാര്യം നീ നന്നായി ഉറച്ചീടുക. രണ്ടാമതായ ഒരു കാരണം ഇല്ലാത്തതുകൊണ്ട് ഈ ജഗത്തെന്നും ഉത്ഭവിച്ചിട്ടില്ല. നന്നായി പ്രചുരമാകുന്ന ബ്രഹ്മത്തില്‍ ജഗത്ത് പ്രതിഭാമാത്രം ആയിരിക്കുന്നു. വിശ്വം ഉത്ഭവിച്ചിട്ടില്ല എന്നുള്ള കാര്യം നിന്റെ ഉള്ളില്‍ നന്നായി അറിയാനായി നല്ല ഭാര്‍ഗവവൃത്താന്തം ഞാനിപ്പോള്‍ പറയാം, ശുദ്ധബൂദ്ധേ! നന്നായി കേട്ടുകൊള്ളുക.
2 (ഒന്നാമത്തെ കാരണം പരബ്രഹ്മം. അങ്ങനെയൊരു കാരണമേ പ്രപഞ്ചത്തിലുള്ളു)
3 (ഉന്നതമായ ബോധംകൊണ്ടുമാത്രം ഗ്രഹിക്കാനാകുന്നത്)
മന്ദരപര്‍വതത്തിന്റെ താഴ്‌വരയില്‍ ഭഗവാനായ, മുനിനായകനായ ഭൃഗു, ദാരുണമായ തപം ചെയ്തു വാണിരുന്നു. അദ്ദേഹത്തിന്റെ പുത്രനും അത്യന്തബുദ്ധിമാനുമായ ശുക്രന്‍ സകലചന്ദ്രാഭയോടെയും ഭക്തിയോടുംകൂടി പിതൃശുശ്രൂഷയും ചെയ്തു ആ തേജസ്വിയായ ബാലകനും അടുത്തു വാണിരുന്നു. ആകാശത്തിനും ഭൂമിക്കും മദ്ധ്യത്തിലായി പണ്ട് രാജാവായിരുന്ന ത്രിശങ്കു എന്നപോലെ അത്യന്തം ഉത്തമമായ, ഏകമായ, സനാതനമായ, ശുദ്ധമായ മഹാപദമെത്താത്തകാരണം വിദ്യ, അവിദ്യ എന്നുള്ള ദൃഷ്ടികള്‍ക്കിടയിലായി ശുക്രന്‍ ഇരുന്നു. മഹാനായ അച്ഛന്‍ നിര്‍വ്വികല്പസമാധിയില്‍ ക്ലേശഹീനം മരുവുന്ന അവസരത്തില്‍ ഒരിക്കല്‍ ആകാശമാര്‍ഗത്തില്‍ക്കൂടി രാകേന്ദുമുഖിയായ ഒരു ദേവസ്ത്രീപോകുന്നതു കണ്ടു. നല്ല ഇളംകാറ്റിലിളകുന്ന കുറുനിരകളും ഇളകിയാടുന്ന മന്ദാരമാലയും മുല്ലബാണന്റെ വല്ലിയെ വെല്ലുന്ന പുരികക്കൊടികളും കണ്മുനയുടെ തല്ലിന്റെ ഭംഗിയും പല്ലവങ്ങള്‍ക്കുള്ളില്‍ സരസമായി അല്ലലുണ്ടാക്കുന്ന മോഹനമായ അധരവും മുല്ലമൊട്ടിനുള്ള ഗര്‍വ്വം അല്പംപോലും ഇല്ലാതെയാക്കുന്ന നല്ല ദന്തങ്ങളും പൊന്നിന്‍കുടംപോകട്ടെ, ഹിമാദ്രിതന്നെ വന്നാല്‍ ഒന്നങ്കമാടാമെന്നു തുള്ളുന്ന കുചങ്ങളും കല്യനായ ഭാര്‍ഗ്ഗവമുനി കണ്ടോരു നേരത്ത് മനസ്സ് വല്ലാതെകണ്ട് ഒന്നിളകി.
പിന്നെ സുന്ദരിയായീടുന്ന അവളെയും ധ്യാനിച്ച് കണ്ണടച്ചങ്ങനെ ചിത്തത്തില്‍ ഓരോന്നു ജനിപ്പിക്കുന്നവന് അധീനനായി ഇങ്ങനെ ഓരോ മനോരാജ്യം തുടങ്ങി.
മദയാനയെപ്പോലെ സഞ്ചരിക്കുന്ന അവള്‍ ദേവലോകത്തില്‍ വസിക്കുന്നവളാണെന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ ദേവലോകത്തില്‍ ചെന്ന് സുധര്‍മ്മയില്‍ മേവുന്ന ദേവേന്ദ്രനെ കണ്ടു. വനത്തെ വനലതാസഞ്ചയം ചുറ്റുന്നതുപോലെ അവിടെയുള്ള സുന്ദരിമാരെല്ലാം സുന്ദരനായ ദേവേന്ദ്രനെ സകൗതുകം വലയിതരായി സേവിക്കുന്നു. രണ്ടാമത്തെ ബ്രഹ്മാവിനെപ്പോലെ ദേവേന്ദ്രനെ കണ്ടു ഞാന്‍ വീണുവണങ്ങി. രണ്ടാം ഭൃഗുവിനെയെന്നതുപോലെ ദേവേന്ദ്രനും എന്നെ നന്നായി വന്ദനംചെയ്തു. ദേവേന്ദ്രനാല്‍ പൂജിതനായിട്ട് ശുക്രന്‍ സ്വര്‍ഗത്തില്‍ വാഴുന്നുണ്ടായിരുന്നു. സുന്ദരിമാര്‍ക്കെതിരായ ആ ഇളമാന്‍മിഴിയാളെ അവിടെ ഞാന്‍ കണ്ടു. രണ്ടുപേരും തമ്മില്‍ അനുരാഗവബദ്ധരായി നോക്കിനിന്നുപോയി. സാര്യദേവനും താമരപ്പൊയ്കയ്‌ക്കും പുലര്‍ച്ചെ ഭവിക്കുന്ന ശോഭ ഭൃഗുപുത്രനും ആ സുന്ദരാംഗിക്കുമുണ്ടായി. സങ്ക്‌ല്പിത അര്‍ത്ഥഭാക്കാകിയ ശുക്രന്‍ ആ സുന്ദരിയെ ഇങ്ങനെ കണ്ടയുടനെ സംഹാരത്തെ രുദ്രന്‍ എന്നപോലെ അന്ധകാരത്തിനെ അവിടെ സങ്കല്പിച്ചു. പെട്ടെന്ന് അവിടെയുണ്ടായിരുന്നവരൊക്കെ സ്വന്തം മന്ദിരങ്ങളിലേക്കു പോയി. കാര്‍മേഘത്തെ മയില്‍പ്പേടയെന്നപോലെ ആ സുന്ദരി ശുക്രനെ പ്രാപിച്ചു. സന്തോഷത്തോടെ ആ കല്യാണിയുമൊന്നിച്ച് എട്ടു ചതുര്യുഗം അവിടെ വസിച്ചു.
പുണ്യങ്ങളെല്ലാം ക്ഷയിച്ചതുകാരണം അവര്‍ പിന്നെ ഭൂമണ്ഡലത്തില്‍ പതിച്ചു. ഭൂമിയില്‍ പതിച്ചനേരത്ത് തന്നുടെ രൂപം ഭാര്‍ഗ്ഗവനായ ശുക്രന്‍ മറന്നു. അവന്റെ ജീവന്‍ ചന്ദ്രമണ്ഡലത്തില്‍ പതിച്ച് ഹിമമായി ചമഞ്ഞു. പിന്നീട് നെല്ലായിട്ടു മാറിയ അതിനെ ദശാര്‍ണദേശത്തുള്ള ഒരു ബ്രാഹ്മണന്‍ ഭക്ഷിച്ച് അദ്ദേഹത്തില്‍ അത് രേതസ്സായി മാറിയിട്ട് അദ്ദേഹത്തിന്റെ ഭാര്യയില്‍ ഗര്‍ഭസ്ഥനായി ഭവിച്ചു. പിന്നീട് ആ ബ്രാഹ്മണന്റെ പുത്രനായി പിറന്നു വളര്‍ന്നു. ഉത്തമന്മാരായ താപസന്മാരോടുണ്ടായ സംഗംനിമിത്തം അദ്ദേഹം അവരുടെ പ്രീതിനേടി. മേരുപര്‍വതത്തെച്ചുറ്റിയുള്ള കാട്ടില്‍ ദാരുണമായ തപസ്സ് ചെയ്തു.
ഇങ്ങനെ ഒരു മന്വന്തരംവരെ കഴിച്ചുകൂട്ടിയശേഷം അവന് മാന്‍പേടയില്‍ മനുഷ്യാകൃതിയുള്ള ഒരു പൈതല്‍ പിറന്നു. പുത്രനെക്കുറിച്ച് അതിവാത്സല്യം അവനുണ്ടായകാരണം പിന്നെയും വളരെ മോഹങ്ങള്‍ മനസ്സില്‍ ഉണ്ടായിവന്നതുകൊണ്ട് ഓരോ വിചാരങ്ങള്‍ തുടങ്ങി. പുത്രന്‍ ചിരംജീവിയാകണം എന്നൊക്കെയുള്ള വിചാരങ്ങള്‍ മൂത്ത് തന്റെ നിലപോലും മറന്നുപോയി. ഉള്ളില്‍ ധര്‍മ്മചിന്തയില്ലാതെ പുത്രസൗഖ്യത്തെ മാത്രം നിനച്ചുകൊണ്ട് ആയുസ്സ് അധികവും കുറുകിവന്നതുമൂലം അവനെ കൗതുകത്തോടെ മരണം കൊണ്ടുപോയി. ഹേ രാമചന്ദ്ര! ഭോഗൈകചിന്തയോടെ മരിച്ചതുകൊണ്ട് മദ്രരാജാവിന്റെ പുത്രനായിട്ടു ജനിച്ച് വളരെക്കാലം മദ്രദേശത്തെ രക്ഷിച്ചു. അന്യങ്ങളായുള്ള അനേകം ജന്മങ്ങളെ പിന്നെയും പ്രാപിച്ചു. പലജന്മങ്ങളെ അന്തമില്ലാതെ പ്രാപിച്ചുകൊണ്ട് ശുക്രന്‍ വളരെ മാഹാത്മ്യങ്ങളുള്ള ഒരു മുനിയുടെ പുത്രനായി പിറന്നു. നിരന്തരം ഘോരമായ തപംചെയ്ത് ഗംഗാതടത്തില്‍ സുഖമായി വാണു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: