തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ കൊണ്ടുവന്നു തള്ളുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് ഹൗസ് കീപ്പിങ് വിഭാഗം. മാലിന്യം നിക്ഷേപിക്കുന്നതിനായി ഓരോ ഡിപ്പാര്‍ട്ട്മെന്റിലും സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളില്‍ ജീവനക്കാര്‍ പലരും വീടുകളില്‍ നിന്നുള്ള മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയതോടെയാണ് ഹൗസ് കീപ്പിങ് വിഭാഗം സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
വേസ്റ്റ് ബിന്നുകള്‍ സിസിടിവി പരിധിയിലാക്കുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ് സര്‍ക്കുലറിലുള്ളത്. ജീവനക്കാര്‍ ആഹാരവും വെള്ളവും കൊണ്ടു വരുന്നതിനായി പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതു പോലെ തന്നെ കുപ്പികളില്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്. കൂടാതെ, സെക്രട്ടേറിയറ്റ് പരിസരത്തെ നായ്ക്കള്‍ക്ക് ഭക്ഷണം നല്കി പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
സെക്രട്ടേറിയറ്റിലെ പല വിഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീട്ടിലെ മാലിന്യം ഓഫിസില്‍ നിക്ഷേപിക്കരുതെന്ന് പല തവണ നിര്‍ദേശം നല്‍കിയിട്ടും ജീവനക്കാര്‍ പ്രവണത തുടരുകയാണെന്നാണ് ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ ആരോപണം. ഭക്ഷണാവശിഷ്ടവും സാനിറ്ററി പാഡുകളും ഇത്തരത്തില്‍ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: