അഡ്വ. സി. നിവേദിത
(മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ)
പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ നാളിതുവരെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നിരന്തരം അതിക്രമങ്ങള്‍ തുടരുകയാണ്. ഈ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളുടെ നഗ്നമായ ലംഘനങ്ങള്‍, അവരുടെ മേല്‍ നടത്തുന്ന സാമ്പത്തിക ചൂഷണങ്ങള്‍, അധികാരത്തണലില്‍ വര്‍ധിക്കുന്ന വേട്ടയാടലുകള്‍, തുടങ്ങി അവരുടെ മനുഷ്യാവകാശങ്ങള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന തരത്തില്‍ സ്ത്രീത്വ വിരോധത്തിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങളാണ് കേരളത്തിന് പറയാനുള്ളത്.
ഇതു മാത്രമല്ല, വോട്ട് ബാങ്ക് നഷ്ടപ്പെടാതിരിക്കുവാന്‍, മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന സ്ത്രീത്വ വിരുദ്ധ സ്ഥിതികള്‍ ചൂണ്ടിക്കാണിക്കുന്നവരെ സര്‍ക്കാര്‍ പരസ്യമായിത്തന്നെ എതിര്‍ക്കാനും മടി കാണിച്ചിട്ടില്ല. ഇത്തരമൊരവസ്ഥയിലേക്ക് കേരള ഭരണം അധഃപതിച്ച സാഹചര്യം മുമ്പുണ്ടായിട്ടില്ല എന്നതിന് ചരിത്രം സാക്ഷി.
ഭരണത്തിന്റെ തണലിലാണ് ലഹരി മാഫിയ തഴച്ചു വളരുന്നത്. അതു കൊണ്ടു തന്നെ ആ മാഫിയയ്ക്ക് തടയിടാന്‍ സാധിച്ചില്ല എന്നതു മാത്രമല്ല, ഇത്തരം സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവരായി ഭരണ നേതൃത്വം അധഃപതിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങള്‍ നമുക്ക് കാണാനായി. കേരളത്തില്‍ മുക്കിലും മൂലയിലും മയക്കുമരുന്ന് വ്യാപകമാണ്. സെന്‍ട്രല്‍ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ ഈ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കാല് ലക്ഷം കോടിയുടെ ലഹരി എത്തുമായിരുന്നു. ലഹരി മാഫിയകള്‍ക്ക് വേണ്ട സഹായം നല്കുവാന് പറ്റിയ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട് എന്നതുകൊണ്ട് തന്നെയാകണം ഇത്രയും അധികം ലഹരി വസ്തുക്കള്‍ ഒരേ സമയം എത്തിക്കുവാന്‍ ലഹരി മാഫിയക്ക് ധൈര്യം നല്‍കിയത്.
വലിയ സ്വാധീനം സ്ത്രീകളില്‍ ഉണ്ടാക്കിയ എല്‍ഡിഎഫിന്റെ വാഗ്ദാനമായിരുന്നു മദ്യവര്‍ജ്ജനം. എന്നാല്‍ അധികാരം കിട്ടിയപ്പോള്‍ അവിശ്വസനീയമാംവണ്ണം ഭരണകൂടം അത് വിസ്മരിച്ചു. വാഗ്ദാനങ്ങളോരൊന്നും ഒന്നൊന്നായി കാറ്റില്‍ പറത്താന്‍ തുടങ്ങിയപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വഞ്ചനയുടെ ആഴം തിരിച്ചറിയാന്‍ അധിക സമയം വേണ്ടിവന്നില്ല. ഇടയില്‍ ഒരു നവോത്ഥാന പട്ടത്തിനായി നടത്തിയ പാഴ്ശ്രമം ജനങ്ങള്‍ക്ക് കാണാനും സാധിച്ചു. അയ്യപ്പ വിശ്വാസികളെ വെല്ലുവിളിച്ചും അപഹസിച്ചും പിണറായി നടത്തിയ പൊറാട്ടുനാടകം, സര്‍ക്കാരിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്തെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക്, സ്ത്രീ സമൂഹത്തിന് പ്രത്യേകിച്ച് അവസരം നല്‍കുന്നതായിരുന്നു. അതുകൊണ്ട് ആ പരിപ്പ് ഇവിടെ വേവില്ല എന്നത് പിണറായി സര്‍ക്കാരിന് ബോധ്യമാകാനും അധികം സമയം വേണ്ടി വന്നില്ല. എന്നിരുന്നാലും ആ സമയത്തിനുള്ളില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കാനായി ഉപയോഗിക്കാമായിരുന്ന സര്‍ക്കാര്‍ ഖജനാവിലെ കോടികള്‍ പാഴായിക്കഴിഞ്ഞിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടര്‍ക്ക് സംഭവിച്ച ദാരുണ അന്ത്യത്തിന് കാരണം ജനസുരക്ഷ കൈകാര്യം ചെയ്യുന്നതില്‍ അമ്പേ പരാജയപ്പെട്ട പിണറായി സര്‍ക്കാറാണ് എന്നതിലും സംശയമില്ല. മത പാഠശാലകളില്‍ എന്തു സംഭവിക്കുന്നു എന്നത് ആസിഫയുടെ മരണത്തിലൂടെ നമുക്ക് ബോധ്യമാകുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന ഓരോ സംഭവത്തെയും ഒറ്റപ്പെട്ടതെന്ന് വിശേഷിപ്പിച്ച് കൈ കഴുകുന്നതും പതിവാക്കിയിരിക്കുന്നു.
2018 മുതല്‍ ഇന്നു വരെ സ്ത്രീകള്‍ക്കു നേരെ നടന്ന അതിക്രമങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ എത്രമാത്രം സ്ത്രീ വിരുദ്ധമാണ് ഇടതു സര്‍ക്കാര്‍ എന്നുവ്യക്തമാകും. നടക്കുന്നതത്രയും വളരെ ആസൂത്രിതവും കൃത്യമായ ഉദ്ദേശ ലക്ഷ്യം വെച്ച് സ്ത്രീകളെ വേട്ടയാടുന്നവയുമാണ്. കേരളത്തില്‍ മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരാണിത്. ഏതു കാലത്തേതില്‍ നിന്നും ഭിന്നമായ ദുരന്ത സാഹചര്യങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉരുത്തിരിയുന്നത് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുള്ളതായി തോന്നുന്നില്ല. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ കേസുകള്‍ 2021 ലാണ് ഉടലെടുത്തത്. എന്നാല്‍ 2023 ലെ ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷം അതിനണ്ടും മുകളില്‍ പോകും എന്നതു തന്നെയാണ്.
അഴിമതി നടത്തുന്നതില്‍ പ്രാവീണ്യം നേടിയവര്‍ തൊഴിലുറപ്പ് പദ്ധതിയേയും കുടുംബശ്രീ കൂട്ടായ്മകളെയും വരെ അതിനായി ദുരുപയോഗിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണമുള്ള സ്ത്രീ വേദികളെല്ലാം ഭരണകക്ഷിയുടെ ചട്ടുകം മാത്രമായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കേരളത്തില്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന ഭരണകൂട ഭീകരതയാണ് പല സംഭവങ്ങളിലും വെളിപ്പെടുന്നത്. നിയമപാലകരെല്ലാം രാഷ്ട്രീയ ഇടപെടലുകള്‍ക്ക് വിധേയരായി ജീവിക്കണം എന്ന നിര്‍ബന്ധ ബുദ്ധി ഈ സര്‍ക്കാരിന് ഉള്ളതായി മനസിലാക്കണം. സ്വയം രക്ഷയ്ക്ക് അവശ്യം വേണ്ട സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. അല്ലെങ്കില്‍ അത്തരം സംരക്ഷണം നല്കുന്ന നിയമങ്ങളെക്കുറിച്ച് സാമാന്യ ധാരണ പോലുമില്ല എന്ന് തോന്നിപ്പിക്കുന്നതാണ് ഡോ. വന്ദനയുടെ കൊലപാതകം.
സമൂഹത്തില്‍ അസ്വസ്ഥതകളും അശാന്തിയും വിതയ്ക്കുന്ന ഗുണ്ടകള്‍ക്കും മറ്റു മാഫിയ സംഘങ്ങള്‍ക്കും ലഹരിക്കടത്തുക്കാര്ക്കും സംരക്ഷണമൊരുക്കുന്ന സര്‍ക്കാര്‍, വന്‍തോതില്‍ വഴിവിട്ട വരുമാനമാര്ജിക്കുന്നവരുടെ നാക്കായും ഒത്താശ ചെയ്യുന്നവരായും മാറുകയാണ്. വേട്ടക്കാര്‍ക്ക് നേരെ വിമര്‍ശനമെങ്കിലും ഉന്നയിക്കാന്‍ ഭയപ്പെടുന്ന അവസ്ഥയുണ്ടാക്കി അവരെ സംരക്ഷിക്കുന്നവര്‍ക്ക് മാത്രം നിലനില്‍പ്പുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അഴിമതിക്കും സ്ത്രീ സംഹാരം നടത്തുന്നതിനും സംരക്ഷണമൊരുക്കുകയാണ്. അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്കെതിരെയുള്ള പ്രതികരണം പോലും അസാധ്യമാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുകയാണ് സര്‍ക്കാര്‍ രീതി. പോലീസ് എന്നാല്‍ രാഷ്ട്രീയ അടിമകള്‍ മാത്രമായി മാറിയിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഭരണ പരാജയത്തെ മറ്റുള്ളവരുടെ വീഴ്ചയാക്കി ചിത്രീകരിക്കാനുള്ള കേരള സര്‍ക്കാരിന്റെ പരിഹാസ്യമായ ദുസ്സാമര്‍ത്ഥ്യമാണ് കൊട്ടാരക്കര ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് പരിചയക്കുറവാണെന്ന് പറഞ്ഞ മന്ത്രിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ആരോഗ്യമന്ത്രി സ്വന്തം സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ് ഈ ന്യായീകരണവുമായി കൊല്ലപ്പെട്ട കുട്ടിയെ അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മന്ത്രിമാരുള്ള നാട്ടില്‍ പൗരന്മാരുടെ സംരക്ഷണം സ്വന്തം ഉത്തരവാദിത്തമായി മാറുകയാണ്.
വര്‍ത്തമാനകാല സാമൂഹ്യ പ്രസക്തി ഏറെയുള്ള, സ്ത്രീ സമൂഹം ഏറെ ജാഗ്രതയോടെ പ്രതികരിക്കേണ്ടുന്ന സന്ദേശവുമായെത്തിയ ഒരു സിനിമയ്ക്കെതിരെ ശബ്ദിക്കാന്‍ കാണിക്കുന്നതിന്റെ ചെറിയൊരംശം ആവേശമെങ്കിലും സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ കാണിച്ചിരുന്നെങ്കില്‍ നിയമ സംവിധാനങ്ങള്‍ പാടേ തകരുന്ന അവസ്ഥയില്‍ എത്തുമായിരുന്നില്ല. ഇവിടെ ഒരു താരതമ്യത്തിനായി ഒരു കാര്യം മാത്രം ചൂണ്ടിക്കാട്ടാം. കേന്ദ്ര മന്ത്രിസഭയിലുണ്ട് വനിതാ മന്ത്രിമാര്‍. അവരവരുടെ വകുപ്പുകള്‍ കൈയടക്കത്തോടെ നയിച്ച്, നയം നടപ്പിലാക്കി ജനക്ഷേമത്തിന് മുഴുസമയം പ്രവര്‍ത്തിക്കുന്ന അവര്‍ ഒരു അഴിമതി ആരോപണങ്ങളിലും ആക്ഷേപങ്ങളിലും വിവാദങ്ങളിലും ഇല്ല. നമുക്കുമുണ്ട് വനിതാ മന്ത്രിമാര്‍. വിലയിരുത്തല്‍ വായനക്കാര്‍ക്ക് വിടുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒട്ടേറെ സമിതികളുടെ തലപ്പത്ത് വനിതകള്‍ക്ക് സ്ഥാനം നല്കി. ആ സമിതികളുടെ പ്രവര്‍ത്തനം യശസ്കരമാണ്, ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ നൂതന ആശയങ്ങളും പദ്ധതികളും അവര്‍ ആവിഷ്കരിക്കുന്നു. ഇവിടെയുമുണ്ട് വനിതാ ക്ഷേമത്തിനും യുവജനക്ഷേമത്തിനും സമിതികള്‍. തലപ്പത്ത് വനിതകളും! താരതമ്യം ജനങ്ങള്‍ നടത്തട്ടെ.
ഈ സാഹചര്യത്തില്‍ ജനങ്ങള്‍ തിരുത്തല്‍ ശക്തിയായാല്‍ മാത്രമേ കേരളത്തില്‍ സ്വസ്ഥമായ ജീവിതം സാധ്യമാവുകയുള്ളൂ. അത്തരത്തിലുള്ള ഒരു സാമൂഹ്യ ദൗത്യമെന്ന നിലയില്‍ സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യ ജീവിതത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് മഹിളാ മോര്‍ച്ച ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും. ‘ഇടതുഭരണം രാക്ഷസഭരണം; രാക്ഷസഭരണം തുലയട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി തലസ്ഥാന നഗരിയില്‍ നൂറു കണക്കിന് സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് മഹിളാമോര്‍ച്ച ഇന്നു സംഘടിപ്പിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മാര്‍ച്ചും 27 ന് ജില്ലാ കളക്ട്രേറ്റുകളിലേക്ക് നടത്തുന്ന മഹിളാ മാര്‍ച്ചും അതിന്റെ വിളംബരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: