ന്യൂദല്‍ഹി: 1975ല്‍ അന്നത്തെ നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ലമെന്റ് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. അതുകൊണ്ട് തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കണമെന്ന കോണ്‍ഗ്രസ് വാദത്തിന് മറുപടിയായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചരിത്രം തന്നെ അനാവരണം ചെയ്യുകയായിരുന്നു ഹര്‍ദീപ് സിങ്ങ് പുരി.
“1987ല്‍ പാര്‍ലമെന്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. നിങ്ങളുടെ പാര്‍ട്ടിയുടെ ഭരണത്തലവന്മാര്ക്ക് ഇതെല്ലാം ഉദ്ഘാടനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ സര്‍ക്കാരിന്റെ മേധാവിക്ക് (പ്രധാനമന്ത്രി മോദിയ്ക്ക്) പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൂടാ”- കോണ്‍ഗ്രസ് വാദങ്ങളെ തള്ളി ഹര്‍ദീപ് സിങ്ങ് പുരി ചോദിച്ചു. “കോണ്‍ഗ്രസ് അവരുടെ കപടനാട്യം മാറ്റിവെച്ച് മഹത്വത്തിലേക്ക് ചുവടുവെയ്ക്കുന്ന ഈ നിര്‍ണ്ണായക നേട്ടത്തില്‍ ഇന്ത്യയുടെ പുഞ്ചിരിയോട് ചേരാന്‍ കോണ്ഗ്രസുകാര്ക്കാവില്ലേ?”- ഹര്‍ദീപ് സിങ്ങ് പുരി ചോദിച്ചു.
നഗരവികസനമന്ത്രിയായ ഹര്‍ദീപ് സിങ്ങ് പുരിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ചത്. കോണ്‍ഗ്രസിന് ഇന്ത്യയുടെ വികസനത്തില്‍ ദേശീയ ബോധമോ ദേശസ്നേഹമോ ഇല്ലെന്നും ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.
മെയ് 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യുമെന്ന ക്ഷണക്കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല വിതരണം ചെയ്ത് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: