Categories: Samskriti

ഭക്തിമുക്തികളുടെ ജ്ഞാനപ്പാന

പുല്ലായിട്ടെങ്കിലും ഭാരതത്തില്‍ ജനിക്കുന്നത് പുണ്യമാണെന്നിരിക്കെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണ്! വീണ്ടും പൂന്താനം ഓര്‍മിപ്പിക്കുകയാണ് ഇന്നു നാം ജീവിക്കുന്ന കലിയുഗത്തിന്റെ മഹിമ. മുക്തി കിട്ടുവാന്‍ ഏറ്റവും എളുപ്പം കലിയുഗമാണ്. യാഗം, പൂജ, ഒന്നും വേണ്ട, നാമസങ്കീര്‍ത്തനങ്ങള്‍ മാത്രം മതി.

ഡോ. അംബികാ സോമനാഥ്

നുഷ്യനായി പിറന്ന  നാം എപ്പോഴും ചിന്തിക്കേണ്ട കാര്യമാണ് നമ്മുടെ ജന്മമഹിമ. ജന്മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് മനുഷ്യജന്മമാണ്. അതില്‍ തന്നെ പുണ്യം ചെയ്തവരാണ് ഭാരതത്തില്‍ ജനിക്കുന്നവര്‍. യാഗങ്ങളുടെയും, ഋഷീശ്വരന്‍മാരുടെയും പുണ്യനദികളുടെയുമൊക്കെ സംഗമഭൂമിയായ ഭാരതം ഏറ്റവും ശ്രേഷ്ഠമാണ്. ഒരു പുല്ലായിട്ടെങ്കിലും ഭാരതത്തില്‍ ജനിക്കുന്നത് പുണ്യമാണെന്നിരിക്കെ മനുഷ്യജന്മം എത്ര ശ്രേഷ്ഠമാണ്! വീണ്ടും പൂന്താനം ഓര്‍മിപ്പിക്കുകയാണ് ഇന്നു നാം ജീവിക്കുന്ന കലിയുഗത്തിന്റെ മഹിമ. മുക്തി കിട്ടുവാന്‍ ഏറ്റവും എളുപ്പം കലിയുഗമാണ്. യാഗം, പൂജ, ഒന്നും വേണ്ട, നാമസങ്കീര്‍ത്തനങ്ങള്‍ മാത്രം മതി.

‘തിരുനാമ സങ്കീര്‍ത്തനമെന്നിയേ

മറ്റേതുമില്ല യത്‌നമറിഞ്ഞാലും’

സ്ഥാനമോഹം, മദമത്സരാദികള്‍, സ്ത്രീസേവ, സ്തുതിപാഠം, സ്വത്തുതര്‍ക്കം, ഗുരുജനനിന്ദ എന്നു വേണ്ട സ്വന്തം സുഖത്തിനു വേണ്ടി കൊലപാതകം വരെ മനുഷ്യര്‍ നടത്തുന്നു. ഒരു കാലത്തും അവസാനിക്കാത്ത ആര്‍ത്തിയാണ് പണത്തിനോട്. പത്ത്, നൂറ്, ആയിരം, പതിനായിരം, ലക്ഷം, കോടി ഇങ്ങനെ തൃപ്തിയാകാതെ പണം സമ്പാദിച്ചു കൊണ്ടേയിരിക്കുന്നു. ഒരു ദിവസം, പ്രതീക്ഷിക്കാത്ത അതിഥിയായി മരണം വരുന്നു. ഈ സമ്പാദിച്ചത് വല്ലതും കൊണ്ടു പോകാന്‍ പറ്റുന്നുണ്ടോ. ഇല്ലതാനും.  

ചത്തുപോം നേരം വസ്ത്രമതുപോലു-

മൊത്തിടാ കൊണ്ടുപോവാനൊരുത്തര്‍ക്കും

ഓരോ സൂര്യാസ്തമയവും നമ്മുടെ ആയുസ്സിന്റെ ദൈര്‍ഘ്യം കുറയ്‌ക്കുന്നു. പക്ഷേ ഓരോ ദിവസവും വര്‍ധിക്കുന്ന ഒന്നുണ്ട്. മോഹം. ആഗ്രഹങ്ങള്‍ ഒരിക്കലും തീരുന്നില്ല. ഓണം, വിഷു, തിരുവാതിര, ചോറൂണ്, പിറന്നാള്‍, മക്കളുടെ കല്യാണം, ചെറുമക്കളുടെ ചോറൂണ് ഇങ്ങനെ നിരവധി ആഗ്രഹങ്ങള്‍ മനസ്സില്‍ ഒരിക്കലും തീരാതെ കിടക്കുന്നു. ഇതിനിടയ്‌ക്ക് സത്‌സംഗത്തിനോ, സദ്പ്രവൃത്തികള്‍ ചെയ്യാനോ സമയവുമില്ല, തോന്നുകയുമില്ല. ഈശ്വരഭജനത്തിന് ഒട്ടും തന്നെ സമയമില്ല. ഞാന്‍ എന്ന നമ്മുടെ അഹന്ത മാറ്റിവയ്‌ക്കാതെ നമ്മുടെ മനസ്സില്‍ ഈശ്വരന്‍ കയറുന്നതെങ്ങനെ.

പൂന്താനം പറയുന്നുണ്ട്:

സക്തികൂടാതെ നാമങ്ങളെപ്പോഴും  

ഭക്തിപൂണ്ടു ജപിക്കണം

സജ്ജനങ്ങളെ കാണുന്ന നേരത്തു

ലജ്ജ കൂടാതെ വീണു നമിക്കണം

ഇത്യാദി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അഭിവൃദ്ധിക്കും യശസ്സിനും ഉതകുന്ന നല്ലകാര്യങ്ങള്‍ എത്ര ലളിതമായി പൂന്താനം പറഞ്ഞു തന്നിട്ടുണ്ട്. അര്‍ഥവത്തല്ലാത്ത ഒരു വരിപോലും അദ്ദേഹം എഴുതിയില്ല. എണ്ണമറ്റ ഭഗവദ്‌നാമങ്ങളില്‍ ഒരെണ്ണമെങ്കിലും കേള്‍ക്കുകയോ, ജപിക്കുകയോ, സ്വപ്‌നത്തിലെങ്കിലും അറിയുകയോ, മറ്റൊരുത്തര്‍ക്കു വേണ്ടി പറയുകയോ ഏതു ദിക്കിലിരുന്നെങ്കിലും ചൊല്ലുകയോ ചെയ്താല്‍ ജന്മസാഫല്യം സാധ്യമാണെന്നും പറയുന്നു.  

ആമോദം പൂണ്ടു ചൊല്ലുവിന്‍ നാമങ്ങള്‍

ആനന്ദം പൂണ്ടു ബ്രഹ്മത്തില്‍ ചേരുവാന്‍

ഇത്രയുമെല്ലാം പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കി തരുന്നു. ഇതില്‍ ഏതെങ്കിലും രണ്ടുവരി മനസ്സിലാക്കി ജീവിച്ചാല്‍ ജീവിതവിജയം നേടാം. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ ധാരാളം കൃതികള്‍ പൂന്താനത്തിന്റെതായിട്ടുണ്ട്. അനാചാരങ്ങളെയും സ്വാര്‍ഥതയെയും അഹങ്കാരത്തെയും അത്യാഗ്രഹത്തെയും കുറിച്ച്  ഇത്ര ലളിതമായി തുറന്നു പറയുന്ന മറ്റൊരു കൃതിയുമില്ല. ഈശ്വരഭജനം, മുക്തിമാര്‍ഗം എന്നിവ സരളമായി മനസ്സിലാക്കി തരുന്ന ജ്ഞാനപ്പാന അന്നും ഇന്നും തലയെടുപ്പോടെ മുന്നില്‍ തന്നെ  നില്‍ക്കുന്നു. ജ്ഞാനപ്പാന എഴുതിയ  പൂന്താനത്തിന്റെ ദീര്‍ഘവീക്ഷണത്തെപ്പറ്റി, എത്ര പറഞ്ഞാലും മതിയാവുകയില്ല. ഈ കൃതി എഴുതിയ കാലത്തേക്കാള്‍ എത്രയോ യോജിക്കുന്നത് ഇന്നത്തെ കാലമാണ്. ജനങ്ങളെ ഇന്നലെയും ഇന്നും നാളെയും മനസ്സിലാക്കി, വേണ്ട മാര്‍ഗനിര്‍ദേശം തന്ന ആ മഹാത്മാവിനും ഈ ചെറിയ വലിയ ഗ്രന്ഥത്തിനും കോടി നമസ്‌ക്കാരം!  

(അവസാനിച്ചു)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക