തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലന്നും സ്വയം വിശ്യാസ്യത ഇല്ലാതാക്കുകയാണെന്നും ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍. ഇപ്പോള്‍ രാജ്യത്ത് മാധ്യമ പ്രവര്‍ത്തനത്തിന് എന്തോ അപകടം ഉണ്ടായിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദേഹം പറഞ്ഞു.
ഭരണസംവിധാനത്തിന്റെ പ്രിയമോ അപ്രിയമോ അല്ല മാധ്യമങ്ങളുടെ വിശ്വാസ്യത തീരുമാനിക്കുന്നത്. കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മാറുന്ന കാലത്തെ മാധ്യമങ്ങള്‍ പ്രതിസന്ധിയും ഭാവിയും’ എന്ന വിഷയത്തില്‍നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് പത്രപ്രവര്‍ത്തനത്തില്‍ നീണ്ട പാരമ്പര്യമുണ്ട്, സ്വദേശാഭിമാനിയുടെ കാലം മുതല്‍ തുടര്‍ന്നു വരുന്നതുമാണത്.കേരളം നേടിയ പ്രബുദ്ധതക്ക് അതൊരു വലിയൊരു ഘടകവുമാണ്.മുഖ്യധാരാ മാധ്യമങ്ങള്‍ ആ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്നിരുന്നു.സമീപകാലത്തായി ആരോഗ്യപരമായ ആ പ്രവര്‍ത്തന ശൈലിക്ക് ഗണ്യമായ മാറ്റം വന്നു.
സത്യസന്ധമായ വാര്‍ത്തകള്‍ക്ക് മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കുന്ന അവസ്ഥ നിലവിലുണ്ട്. വളരെ ഉയര്‍ന്ന വിശ്വാസ്യത അവര്‍ക്കുണ്ട്. ആദര്‍ശപരമായ പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതമായ ധാര്‍മ്മിക നിലവാരം ദീര്‍ഘകാലം ഉയര്‍ത്തിപ്പിടിച്ചതിന്റെ ഗുണഫലമാണത്. ആ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് പ്രധാനമന്ത്രിയേയോ മുഖ്യമന്ത്രിയേയോ കുറ്റപ്പെടുത്താനാവില്ലെന്നും പി. ശ്രീകുമാര്‍ പറഞ്ഞു.
ഏതോ പേപ്പര്‍ സംഘടനകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യയിലെ മാധ്യമ നിലവാരം താഴ്ന്നു എന്നു കൊട്ടിഘോഷിക്കുകയും ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ ശക്തിയാകുന്നു എന്നു പറയുമ്പോള്‍ പ്രാധാന്യം നല്‍കാതിരുക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ നിലവാരം ഇടിയാന്‍ കാരണം ഇത്തരം നിലപാടുകളാണ്. പി. ശ്രീകുമാര്‍ പറഞ്ഞു.
മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരായ രാജീവ് ദേവരാജ് (മാതൃഭൂമി ന്യൂസ്), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), മനോഹരന്‍ മോറായി (ദേശാഭിമാനി), വി.എസ്. രാജേഷ് (കേരള കൗമുദി), അബ്ദുള്‍ ഗഫൂര്‍ (ജനയുഗം), സി.കെ. കുര്യാച്ചന്‍ (ദീപിക), എ.കെ. ഹാരിസ് (മാധ്യമം), പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
സരസ്വതി നാഗരാജന്‍ മോഡറേറ്ററായിരുന്നു.കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: