ന്യൂദല്‍ഹി: രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ നിയമങ്ങള്‍ നവീകരിക്കുന്നതു സംബന്ധിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ചര്‍ച്ച ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് മുബൈയില്‍ നടന്നു. ഡിജിറ്റല്‍ മേഖലയുടെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, നിയമ വിദഗ്ധര്‍ മുതലായവര്‍ പങ്കെടുത്ത ഡിജിറ്റല്‍ ഇന്ത്യ ഡയലോഗ് ചര്‍ച്ച കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.
ഡിജിറ്റല്‍ രംഗത്ത് ഒരു അന്താരാഷ്ട്ര നിലവാരമുള്ള നിയമ ചട്ടക്കൂട് നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാട് അദ്ദേഹം അവതരിപ്പിച്ചു. ‘ആധുനിക ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനടക്കം ലക്ഷ്യമിട്ട് രൂപീകൃതമാവുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സൈബര്‍ നിയമ ചട്ടക്കൂടിന്റെ ഒരു പ്രധാന സ്തംഭമായിരിക്കും പുതിയ ഡിജിറ്റല്‍ ഇന്ത്യ നിയമമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റ് വഴി പ്രചരിക്കുന്ന തെറ്റായ വസ്തുതകള്‍ ഉപയോക്താക്കള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. മൂന്നാം തലമുറ വെബ്ബിലും നിര്‍മ്മിത ബുദ്ധിയിലും അധിഷ്ഠിതമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും വസ്തുതകളും യഥാവിധി കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇന്റെര്നെറ്റിടങ്ങളിലെ വിവിധ തരം ഇടനിലക്കാരെ വ്യത്യസ്ത രീതിയില്‍ കൈകാര്യം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതില്‍ അവ്യക്തത തോന്നേണ്ടതില്ല. സുരക്ഷിതമായ ഇന്റര്‍നെറ്റ് ഇടങ്ങളെന്നത് ഡിജിറ്റല്‍ പൗരന്മാരുടെ ന്യായമായ അവകാശമാണ്. അത് സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാദ്ധ്യസ്ഥവുമാണ്. ഉപഭോക്താക്കള്‍ക്ക് ഹാനികരമാവാത്തതൊന്നും നിരോധിക്കാന്‍ ഉദ്ദേശമില്ലെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: