തിരുവല്ല: വിദ്യാര്‍ഥികളുടെ കണ്സഷന് ടിക്കറ്റിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത് അധ്യയന വര്‍ഷത്തെ സംഘര്‍ഷഭരിതമാക്കിയേക്കും. ഉടമകള്‍ കര്‍ശനമായ നിലപാടുമായി മുന്നോട്ടുപോയാല്‍ സമരം ആരംഭിക്കാനാണ് വിദ്യാര്‍ഥിസംഘടനകളുടെ തീരുമാനം. നിലവിലെ മിനിമം ചാര്‍ജിന്റെ അമ്പത് ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ ആവശ്യം നടപ്പാക്കി കിട്ടാനായി നാളെ തൃശൂരില്‍ ചേരുന്ന കണ്‍വന്‍ഷനിലും ചര്‍ച്ചകളുണ്ടാകും.
വിദ്യാര്‍ഥികളുടെ കണ്സഷന് അവകാശമായി പറയുന്നവര്‍ എങ്ങനെയാണ് ഈ വ്യവസായം മുന്നോട്ടുപോകുന്നതെന്ന് കൂടി അന്വേഷിക്കണമെന്ന് കൊല്ലത്തെ സ്വകാര്യബസ് ഉടമയായ സി. പ്രദീപ്കുമാര്‍ പറഞ്ഞു. തീര്‍ത്തും നിര്‍ധനരായ വിദ്യാര്‍ഥികളെ സൗജന്യമായി തന്നെ ബസില്‍ കൊണ്ടുപോകാന്‍ ഒരുക്കമാണ്. പക്ഷേ എല്ലാവരെയും ഇപ്പോഴത്തെ വിധത്തില്‍ കൊണ്ടുപോകാനാകില്ല. ഇന്ധനവില വര്‍ധന രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള അനിവാര്യ മാര്‍ഗമായാണ് കണ്സഷന്ചാര്ജ് വര്‍ധനവ് കാണുന്നത്, പ്രദീപ് കുമാര്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ കണ്സഷന് വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ബസ് ഒരു സര്‍വീസ് മാത്രമല്ല, സംരംഭം കൂടിയാണെന്നും ബസ് ജീവനക്കാരനായ കെ. മനു പ്രതികരിച്ചു. ചെലവ് തുകയെങ്കിലും തിരിച്ചുകിട്ടാത്തതും കടക്കെണിയും കാരണമാണ് പല മുതലാളിമാരും ബസുകള്‍ വിറ്റഴിച്ചത്. ഒരുപാട് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തൊഴില്‍രഹിതരായി. കണ്സഷന് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ സ്വകാര്യബസിലെ ജീവനക്കാരുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടാക്കുക മിക്ക റൂട്ടുകളിലും പതിവാണ്. അവര്‍ ഒന്നോര്‍ക്കണം, ജീവിക്കാനായാണ് ബസ് ജീവനക്കാരും പണിയെടുക്കുന്നതെന്നും കണ്ടക്ടര്‍ ജോലി ചെയ്യുന്ന മനു ചൂണ്ടിക്കാട്ടി.
അതേസമയം സ്വന്തമായി ജോലി ചെയ്തല്ല, വീട്ടുകാരെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നതെന്നും നിരക്ക് വര്‍ധനവ് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം ബുദ്ധിമുട്ടിക്കുന്നതാണെന്നും എബിവിപി പത്തനംതിട്ട ജില്ലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണന് പറഞ്ഞു. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. പൊടുന്നവെയുള്ള ചാര്‍ജ് വര്‍ധനവ് ഒഴിവാക്കണമെന്നും മറിച്ചായാല്‍ വിദ്യാര്‍ഥി പ്രക്ഷോഭമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഗോകുല്‍ കൃഷ്ണന് ചൂണ്ടിക്കാട്ടി.
നിലവിലുള്ള സ്ഥിതി തുടരണമെന്നും ബസ് വ്യവസായത്തിലെ പ്രശ്നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളല്ല ഉത്തരവാദികളെന്നും ചാര്‍ജ് വര്ധിപിച്ചാല് ശക്തമായ സമരം ആരംഭിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോ അറിയിച്ചു. ചാര്‍ജ് വര്‍ധന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആണ് ബസ് ഉടമകളെ സാമ്പത്തികമായി സഹായിക്കേണ്ടതെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ. യദുകൃഷ്ണന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: