തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ നമസ്കാരവും ശുഭദിനവും നേര്‍ന്ന് ആരംഭിച്ച പ്രസംഗത്തില്‍ സംസ്ഥാനത്തും പുറത്തും വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ മലയാളികളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
വിദ്യാഭ്യാസ രംഗത്തില്‍ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് സൈനിക സ്കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ട് ജഗദീപ് ധന്‍കര്‍ പറഞ്ഞു. കേരളക്കരയില്‍ ജനിച്ച കെ ആര് നാരായണനും കേരളം കര്‍മ്മ ഭൂമിയാക്കിയ എപിജെ അബ്ദുല്‍ കലാമും രാജ്യം കണ്ട ധിഷണാശാലികളായ രാഷ്ട്രപതിമാരായിരുന്നു. സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളുടെ വലിയ പാരമ്പര്യം കേരളത്തിനുണ്ട്. ചട്ടമ്പി സ്വാമികള്‍,ശ്രീനാരായണഗുരു, ചാവറയച്ഛന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, എന്നിവര്‍ക്ക് ഉപരാഷ്ട്രപതി അഭിവാദ്യവും അര്‍പ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോട് ജനങ്ങള്‍ക്ക് എത്ര മതിപ്പുണ്ടെന്ന് മനസിലാക്കിയിടുണ്ട്. എം.എ. യൂസുഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെ മനസിലായി. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഡോ. വര്‍ഗീസ് കുര്യന്. ഇ. ശ്രീധരന്, ജി. മാധവന് നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയിരുന്നു. ഉപരാഷ്ട്രപതി പറഞ്ഞു. കെ ജെ യേശുദാസ്, പി ടി ഉഷ, എം ഫാത്തിമ ബീവി, മാനുവല്‍ ഫെഡ്രിക്, അഞ്ജു ബോബി ജോര്‍ജ്, കെ എസ് ചിത്ര എന്നിവരെപേരെടുത്ത് പറഞ്ഞ് ജഗദീപ് ധന്‍കര്‍ പ്രശംസിച്ചു.
”ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ എത്തിയതില്‍ സന്തോഷമുണ്ട്. ശാന്തമായ കടല്‍ത്തീരങ്ങള്‍, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങള്‍, തനതായ കലാരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍, ആലപ്പുഴയിലെയും കൊല്ലത്തെയും ശാന്തമായ കായലുകള്‍, പര്‍വതനിരകള്‍, 1978ല്‍ രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ച തേക്കടി വന്യജീവി സങ്കേതം എന്നിവയുള്ള പ്രകൃതി സൗന്ദര്യത്തിന്റെ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: