തിരുവനന്തപുരം: അഞ്ച് പതിറ്റാണ്ടിനു ശേഷം അധ്യാപികയെ കാണാന്‍ വീട്ടിലെത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്ഖര്‍. സൈനിക് സ്‌കൂളിലെ 12ാം ക്ലാസില്‍ തന്നെ പഠിപ്പിച്ച അധ്യാപികയായ രത്‌ന നായരെ കണ്ണൂരിലെ പന്ന്യന്നൂരിലെ വീട് ധന്ഖര്‍ സന്ദര്‍ശിച്ചത് ഭാര്യ ഡോ.സുധേഷ് ധന്‍ഖറിനൊപ്പം.
അധ്യാപികയും കുടുംബവും ഉപരാഷ്‌ട്രപതിയെ കരിക്ക് നല്‍കിയാണ് സ്വീകരിച്ചത്. ധന്‍ഖറിന് ചൂട് ഇഡലിയും രത്‌ന നായര്‍ നല്‍കി. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറും സന്ദര്‍ശനത്തിന്റെ ഭാഗമായി. ഇതിലും മികച്ച ഒരു ഗുരുദക്ഷിണ തരാന്‍ കഴിയില്ല. ക്ലാസിലെ മുന്‍ ബെഞ്ചില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുന്ന ആ കുട്ടിയെ താന്‍ ഇന്നും ഓര്‍ക്കുന്നുവെന്ന് ജഗ്ദീപ് ധന്‍ഖറുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ അധ്യാപിക പറഞ്ഞു.
വളരെ സജീവവും നല്ല അച്ചടക്കവും അനുസരണയും ഉള്ള ഒരു കുട്ടിയായിരുന്നു. ക്ലാസ്സിന് അകത്തും പുറത്തും എല്ലാ പ്രവര്‍ത്തനങ്ങളിലും അവന്‍ മികവ് പുലര്‍ത്തി. ഒരു നല്ല സംവാദകനും നല്ല കായികതാരവുമായ അവന്‍ വിദ്യാഭ്യസത്തിലും മികവ് പുലര്‍ത്തിയെന്നും അധ്യാപിക രത്‌ന നായര്‍ ഓര്‍ത്തെടുത്തു.
ചിറ്റോര്‍ഗഡിലേത് ബോര്‍ഡിംഗുള്ള സൈനിക് സ്‌കൂളാണ്. വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തില്‍ ഏകദേശം ഒമ്പത് മാസത്തോളം അധ്യാപകര്‍ക്കൊപ്പമായിരിക്കും. അതുകൊണ്ടുതന്നെ അവര്‍ അധ്യാപകരുമായി ദീര്‍ഘകാല ബന്ധം വളര്‍ത്തിയെടുക്കുന്നു. മാതാപിതാക്കള്‍ ഇടയ്‌ക്ക് സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ജഗ്ദീപിന്റെ അച്ഛന്റെ സന്ദര്‍ശനം പതിവായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. തന്റെ രണ്ട് ആണ്‍മക്കളുടെ പുരോഗതി നിരീക്ഷിക്കാന്‍ എല്ലാ മാസവും അദേഹം സ്‌കൂള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: