തിരുവനന്തപുരം ചിറയിന്‍കീഴില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. ചിറയിന്‍കീഴ് പുളിമൂട്ടുകടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന് അര്ജുന് എന്ന യാളുടെ ശല്യം സഹിക്കവയ്യാതെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന് രാജീവ് ആരോപിക്കുന്നത്. ഇയാള്‍ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. പതിനാറു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാല്‍, ആരോപണ വിധേയനായ അര്ജുന് രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. യുവാവ് പെണ്‍കുട്ടിക്ക് അയച്ച മൊബൈല്‍ സന്ദേശങ്ങളും നല്കിയ കത്തുകളും പരിശോധിച്ചതില്‍ നിന്നും ഭീഷണിയുടെ സ്വഭാവം അവയില്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ യുവാവിനെതിരെ കേസെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഇയാളോട് പോലീസിനു മുന്നാകെ ഹാജരാജന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു രാഖിശ്രീ. മികച്ച വിജയമാണ് എസ്എസ്എല്‍സി പരീക്ഷയില്‍ രാഖിശ്രീ സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഖിശ്രീ അന്ന് പകല്‍ സ്കൂളിലെത്തി കൂട്ടുകാരെ കാണുകയും ചെയ്തിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമാണ് രാഖിശ്രീ ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയത്.
അര്‍ജുനുമായുള്ള പരിചയമാണ് രാഖിശ്രീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ആറുമാസം മുന്‍പ് സ്കൂളില്‍ നടന്ന ക്യാമ്പില്‍ വച്ചാണ് യുവാവുമായി പെണ്‍കുട്ടി പരിചയപ്പെടുന്നതെന്നാണ് സൂചനകള്‍. പരിചയം പിന്നീട് വളരുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ രാഖിശ്രീക്ക് ഒരു മൊബൈല്‍ഫോണ്‍ നല്‍കിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഈ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ ബന്ധപ്പെടാന്‍ തന്റെ അമ്മയുടേയും സഹോദരിയുടെയും ഫോണ്‍ നമ്പറുകളും ഇയാള്‍ പെണ്‍കുട്ടിക്ക് നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് രാജീവ് ആരോപിക്കുന്നുണ്ട്.
എസ്എസ്എല്‍സി ജയിച്ചയുടന്‍ യുവാവിനൊപ്പം ഇറങ്ങിച്ചെല്ലണമെന്നും ഇല്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും രാജീവ് ആരോപിക്കുന്നു. ഇതിനിടെ കഴിഞ്ഞ 15ന് ട്യൂഷന് കഴിഞ്ഞുവന്ന പെണ്‍കുട്ടിയെ ചിറയിന്‍കീഴ് ബസ് സ്റ്റോപ്പില്‍ വച്ച് തടഞ്ഞുനിര്‍ത്തി യുവാവ് ഭീഷണപ്പെടുത്തിയെന്നും ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇതിനിടെ രാഖിശ്രീയുടെ മാതാപിതാക്കള്‍ക്ക് എതിരെ ആരോപണ വിധേയനായ യുവാവിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തില്‍ രാഖിശ്രീക്ക് എതിര്‍പ്പ് ഇല്ലായിരുന്നുവെന്നും യുവാവിന്റെ അമ്മയും സഹോദരിയും പറയുന്നു. യഥാര്‍ത്ഥത്തില്‍ ഈ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കള്‍ക്കാണ്. അവര്‍ പെണ്‍കുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സംഭവത്തില്‍ ഫോണ്‍വിവരങ്ങളുടേയും സുഹൃത്തുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: