എന്‍. മുരളീധരന്. പുക്കാട്ടുപടി
വിശന്നു വലഞ്ഞപ്പോള്‍ അല്പം അരി കഴിച്ചൂവെന്ന ആരോപണത്തിന്റെ പേരില്‍ വിളിപ്പേരുകിട്ടിയ അരിക്കൊമ്പനാണ് ഞാന്‍. ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തുപോകുകയാണ്. ഞങ്ങളുടെ സുഖവാസകേന്ദ്രങ്ങളിലേക്ക് അച്ഛനും അമ്മയും സഹോദരങ്ങളുമായുള്ള യാത്ര. തട്ടിയും മുട്ടിയും കുത്തിമറിഞ്ഞും നടന്ന കാലം. ഞങ്ങളെ ശല്യം ചെയ്യാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. ഇരുകാലിമനുഷ്യരെ ഞങ്ങളുടെ മേച്ചില്‍ സ്ഥലങ്ങളുടെ പരിസരങ്ങളില്‍ കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നേയില്ല. ആ പ്രദേശമെല്ലാം ഞങ്ങളുടെ സ്വന്തമായിരുന്നു. ഞങ്ങള്‍ക്ക് പതിച്ചുകിട്ടിയത്.
ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഞങ്ങളെ തടുത്തുകൂട്ടി ഉള്‍വനഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ ഇടയ്ക്കൊക്കെ വടിയെടുക്കാറുള്ളതും ഞാന്‍ ഓര്‍മ്മിക്കുന്നു. അടുത്ത യാത്രയ്ക്കായി ഞങ്ങള്‍ കാത്തിരിക്കും. അത് ഞങ്ങളുടെ ഒരു വിനോദയാത്രയായിരുന്നു, കാട്ടിലെ ഉത്സക്കാലവും. വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. ഞങ്ങള്‍ വളര്‍ന്നു. കുടുംബമായി, പ്രാരബ്ധങ്ങളായി. അടുത്ത തലമുറയെ പോറ്റേണ്ട ഭാരം ഞങ്ങളിലേക്കായി. മുമ്പുകണ്ടു പരിചയിച്ച പല വാസസ്ഥലങ്ങളും നിര്‍ജീവമായി തോന്നിത്തുടങ്ങി. ഭക്ഷണത്തിനായി പരക്കംപായണം. ഞങ്ങളോടൊത്ത് സഹവര്‍ത്തിത്വത്തോടെ ജീവിച്ച നല്ലവരായ ഇരുകാലികളായ വനവാസികളും ഇന്ന് സന്തോഷത്തിലല്ലന്നു ഞങ്ങള്‍ക്കറിയാം. വിശന്നുപൊരിഞ്ഞപ്പോള്‍ രണ്ടപ്പം കട്ട അവരിലൊരുവനെ തല്ലിക്കൊന്നെന്ന ദാരുണ കഥയും ഞങ്ങള്‍ കേട്ടു. ഇരുകാലികളിലെ ‘കരശേഷി’ ഉള്ളവര്‍ക്ക് എന്തുമാകാമല്ലോ!
ഞങ്ങളുടെ സുഖവാസകേന്ദ്രങ്ങളെല്ലാം അവര്‍ കയ്യേറിയിരിക്കുന്നു. ആഘോഷത്തിനായി ഒത്തുചേരുന്ന ഞങ്ങളെ ആട്ടിപ്പായിക്കാന്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് അവര്‍ പയറ്റുന്നത്. പ്രതിരോധിക്കാനല്ലാതെ ഒളിഞ്ഞുകീഴ്പ്പെടുത്താനുള്ള ബുദ്ധിയും ശക്തിയും ഞങ്ങള്‍ക്കില്ലല്ലോ. നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ ചില വിഫലശ്രമങ്ങള്‍ ഞങ്ങളും നടത്തി നോക്കി. പ്രതിരോധിക്കുമ്പോള്‍ അല്ലറ ചില്ലറ ഉപദ്രവങ്ങള്‍ ഞങ്ങളില്‍നിന്നും ഉണ്ടാകുന്നതു സ്വാഭാവികം. ഇരുകാലികളുടെ കുത്സിത ബുദ്ധിയില്‍ ഞങ്ങള്‍ നിസ്സഹായര്‍. എന്നെയാണവര്‍ നോട്ടപ്പുള്ളിയാക്കിയത്. ഗൃഹാതുരത്വം എനിക്കാണല്ലോ കൂടുതലുണ്ടാകുക. എന്നെ കീഴ്പ്പെടുത്തിയാല്‍ ജയിച്ചുവെന്നാണ് ഈ മനുഷ്യവര്‍ഗ്ഗത്തിന്റെ ആത്മവിശ്വാസം!
ഞാനില്ലെങ്കില്‍ മറ്റൊരു കൊമ്പന്. അത് ചിലപ്പോള്‍ ചക്ക കൊമ്പനുമാകാം. പോത്തും പുലിയും കരടിയുമൊക്കെ തുല്യ ദുഃഖിതര്‍. ഞങ്ങള്‍ ഞങ്ങള്‍ക്കാവോളം പൊരുതിനില്‍ക്കും. ആവാസകേന്ദ്രങ്ങള്‍ തിരിച്ചു പിടിക്കേണ്ടത് ഞങ്ങളുടെ അഭിമാന പ്രശ്നവും. നേരേ നിന്നു പയറ്റാനേ ശീലിച്ചിട്ടുള്ളു. മയങ്ങിക്കിടക്കുമ്പോഴല്ലേ അവര്‍ക്കെന്നെ ബന്ധിക്കാനാകു. ഞാന്‍ തിരിഞ്ഞോടിയില്ല. വെടിയുണ്ടകള്‍ക്കു മുന്നില്‍ മാറുവിരിച്ചു നിന്നു. ഞങ്ങളിലുള്ള ചില വര്‍ഗ്ഗവഞ്ചകരായ ‘കുങ്കികളെ’ നേരിടുന്നതില്‍ ഞാനും പരാജയപ്പെട്ടു. മയക്കം എന്നെ പിടികൂടിയിരിക്കുന്നു. ബന്ധിതനായ ഞാന്‍ എന്ത് ചെയ്യേണ്ടു. എന്നെ വീട്ടില്‍നിന്നും നാട്ടില്‍നിന്നും അവര്‍ നാടുകടത്തി. ഞാന്‍ പ്രസിദ്ധനായോ കുപ്രസിദ്ധനായോയെന്നു ബന്ധിച്ചവര്‍ തന്നെ തീരുമാനിക്കട്ടെ. അവരാണല്ലോ ഇവിടം അടക്കിവാഴുന്നവര്‍.
ഞാന്‍ വരും, എന്റെ നാട്ടിലേക്ക്. വരാതിരിക്കാനെനിക്കാവതുണ്ടോ? അതെന്റെ ജന്മാവകാശമല്ലേ? എത്ര നാളാണ് അയല്‍നാടിന്റെ ഔദാര്യത്തില്‍ കഴിയുക! ഇപ്പോള്‍ അങ്ങകലെയാണെങ്കിലും അടിവച്ചടിവച്ചു ഞാന്‍ വീടിന്നരികിലെത്തും. ഇരുകാലികള്‍ എന്നെ ഇല്ലാതാക്കിയാല്‍ അടുത്ത തലമുറയും മസ്തകമുയര്‍ത്തി ലക്ഷ്യത്തിലേക്കു നീങ്ങും. ഈ ബുദ്ധിജീവികളുടെ മുദ്രാവാക്യം ഞങ്ങളുടെ വലിയ ചെവികളിലും മുഴങ്ങുന്നുണ്ട്…
‘മരണംവരെ സമരംചെയ്യും!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: