തിരുവനന്തപുരം: രാജ്യത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഡോ. സാധ്വി പ്രാചി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സാധ്വി പ്രാചി.
ജപമാലയും കൈയിലേന്തി ജപിച്ചിരിക്കുന്ന സന്ന്യാസിമാര്‍ക്ക് രാഷ്ട്രത്തെ നയിക്കാന്‍ സാധിക്കുമോ എന്ന് ചിലര്‍ സംശയമുന്നയിക്കാറുണ്ട്. എന്നാല്‍ അതിന് സാധിക്കുമെന്നതിന് ഉത്തമോദാഹരണമാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ഭരണം. ഇത്തരത്തില്‍ ഭാരതത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും സാധ്വി പറഞ്ഞു.
മനസില്‍ ഹിന്ദുത്വത്തെ പ്രതിഷ്ഠിച്ച് രാഷ്ട്രത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച സന്ന്യാസി വര്യനായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി. ഗുരുവില്‍ നിന്ന് കേട്ടറിഞ്ഞ അദ്ദേഹത്തെ ദര്‍ശിക്കാനും ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു. സ്വാമികളുടെ സ്മൃതിക്ക് അടയാളവും മഹാസമാധിസ്ഥാനവുമായ ജ്യോതിക്ഷേത്ര പൂര്‍ത്തീകരണത്തിനായി ലോകത്തിന്റെ ഏതറ്റംവരെ പോകാനും തയ്യാറാണെന്നും സാധ്വി പറഞ്ഞു. ജ്യോതിക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ യോഗി ആദിത്യനാഥിനെക്കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിക്കാന്‍ സാധിക്കണമെന്നും ശ്രീരാമദാസാശ്രമം അധ്യക്ഷനോട് സാധ്വി പ്രാചി ആവശ്യപ്പെട്ടു.
ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമിബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം ചെയ്തു. മുംബൈ ബദ്ലാപൂര് ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ഭാര്‍ഗവറാം ആമുഖഭാഷണം നടത്തി. ജ്യോതിര്‍മേളനം സംഘാടക സമിതി അധ്യക്ഷന്‍ വി ആര് രാജശേഖരന് നായര്‍ സ്വാഗതം പറഞ്ഞു.
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്, മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ്, മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, സിനിമാ സംവിധായകന് രാമസിംഹന്, പത്മശ്രീ ഗോപാല്‍ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: