തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതിയാണ്. വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സര്‍വകലാശാലാ രജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റിലാണ് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാനും പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചത്. ജി.ജെ ഷൈജുവിനെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
അതേസമയം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം എംഎല്‍എമാരായ ഐ ബി സതീഷ് സി പിഐഎം ജില്ല കമ്മിറ്റിക്കും ജീ സ്റ്റീഫന്‍, മുഖ്യമന്ത്രിക്കും കത്ത് നല്കി. ആള്‍മാറാട്ട വിവാദത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് നേരത്തേ അരോപണം ഉയര്‍ന്നിരുന്നു. നേതാക്കള്‍ അറിയാതെ തെരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടക്കില്ലെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും വിമര്‍ശനമുണ്ടായി. ഈ സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് ഇരുവരും കത്ത് നല്‍കിയത്.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിദ്യാര്‍ഥി നേതാവായ എ. വിശാഖിനെ ഉള്‍പ്പെടുത്തിയ നടപടിയാണ് കോളിളക്കമുണ്ടാക്കിയത്. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത വിശാഖിനെ സര്‍വകലാശാല പ്രതിനിധിയായി നിശ്ചയിച്ചതിനെ തുടര്‍ന്ന് കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: