പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ കേസിൽ ഇടനിലക്കാരനായ കുമളി സ്വദേശി ചന്ദ്രശേഖരൻ (കണ്ണന്‍) അറസ്റ്റില്‍. പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെ പരിചയപ്പെടുത്തിയത് കണ്ണനെന്ന് പോലീസ് പറഞ്ഞു. കറുപ്പയ്യയും സാബുവും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കണ്ണനെക്കുറിച്ച് വിവരം കിട്ടുന്നത്.
കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകരെത്തി ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പതംഗം സംഘമാണ് ഇവിടെ കടന്നുകയറി പൂജ നടത്തിയത്. സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടാഴ്ച മുന്‍പാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. അവര്‍ തന്നെ വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പുറത്തറിഞ്ഞത്.
ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയെന്നും ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്ന തരത്തില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ഒമ്പത് പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസെടുത്തത്. തൃശ്ശൂര്‍ സ്വദേശിയായ നാരായണന്‍ നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.
കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് വനം കറുപ്പയ്യയ്‌ക്കും സാബുവിനും പണം നല്‍കി അകത്ത് കടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: