മുംബൈ : മുംബൈ നഗരത്തിന് ഇനി വന്ദേഭാരത് എക്‌സ്പ്രസ് ലോക്കല്‍ ട്രെയിനുകളും. രാജ്യത്തെ റെയില്‍വേ സര്‍വീസില്‍ അടിമുടി മാറ്റം വരുത്തുമെന്നും, വന്ദേഭാരത് മാതൃകയിലുള്ള ലോക്കല്‍ ട്രയിനുകുള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യമാകുന്നത്.
മുംബൈ നഗരത്തിനായി 238 വന്ദേ ഭാരത് എക്‌സ്പ്രസ് എസി ട്രെയിനുകള്‍ വാങ്ങാന്‍ മുംബൈ റെയില്‍വേ വികാസ് കോര്‍പറേഷന് (എംആര്‍വിസി) റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും ട്രെയിനുകളുടെ നിര്‍മാണം. 100 കിലോമീറ്റര്‍ വരെയുളള ഹ്രസ്വദൂര യാത്രകള്‍ക്കു ഉപകരിക്കുംവിധമുള്ളതാണിവ. റെയ്‌ക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു ഡിപ്പോകള്‍ നിര്‍മിക്കാനും ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
സാധാരണ ലോക്കല്‍ ട്രെയിനുകള്‍, ഘട്ടം ഘട്ടമായി ഒഴിവാക്കി സബര്‍ബന്‍ പാതകളില്‍ എസി ലോക്കല്‍ സര്‍വീസുകള്‍ മാത്രമാക്കാനാണ് റെയില്‍വേയുടെ തീരുമാനം. അതിനായാണ് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വന്ദേഭാരത് റേക്കുകള്‍ കൊണ്ടു വരുന്നത്. നിലവിലുള്ള എസി ലോക്കല്‍ ട്രെയിനുകള്‍ക്ക് 12 കോച്ച് ആണെങ്കില്‍ വന്ദേഭാരത് റേക്കുകള്‍ക്കു 15 കോച്ച് ഉണ്ടാകും. ഇതുകാരണം കൂടുതല്‍ യാത്രക്കാര്‍ക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: