എന്‍. ഹരിദാസ്
കുഞ്ഞുമനസ്സുകളിലേക്ക് എളുപ്പം ഇറങ്ങിച്ചെല്ലുവാന്‍ പാകത്തിലുള്ള കുറച്ചു കവിതകള്‍ ഉള്‍പ്പെട്ടതാണ് മധുരച്ചെപ്പ്. കവി മധു കുട്ടംപേരൂരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രപഞ്ചം താളലയ സമ്മിശ്രമാണ്. ഏതിനും ഒരു താളമുണ്ട്. ആ താളമാണ് അതിന്റെ സൗന്ദര്യവും തനിമയും കൈവരുത്തുന്നത്. താളലയത്തിന് ഭംഗം വരുമ്പോഴാകട്ടെ അത് അസ്വസ്ഥതയ്ക്ക് വഴിമാറുന്നു. എന്നാല്‍ മധുരച്ചെപ്പില്‍ നേര്‍വിപരീതമാണ്. പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങള്‍ക്കും താളമുള്ളതുപോലെ മധുരച്ചെപ്പിലെ ഓരോ കവിതയ്ക്കും ഓരോ താളമുണ്ട്. കവിതകളുടെ താളം അതിന്റെ ജീവചൈതന്യമാണെന്ന് കവി പ്രതിഫലിപ്പിക്കുന്നു. വായനയിലൂടെ അത് അനുഭവപ്പെടുകയും ചെയ്യും.
കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും പാകമായ വിധത്തില്‍ എഴുതിയ 84 കുഞ്ഞുകവിതകളടങ്ങിയതാണ് മധുരച്ചെപ്പ്. രസതന്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ കവി കവിതകളിലൂടെ ഇളംമനസ്സിനെ ആനന്ദാതിരേകത്തിലെത്തിക്കുന്നതിനായുള്ള പണിപ്പുരയില്‍ മറ്റൊരു രസതന്ത്രം പ്രയോഗിച്ചു വിജയിച്ചുവെന്ന് കവിതകളിലൂടെ പോയാല്‍ അറിയാനും അനുഭവപ്പെടാനും ഇടയാകും.
”കുട്ടിക്കവിതയെന്നാല്‍ കുട്ടിത്തമുള്ള കവിത എന്നോ കുട്ടികള്‍ക്കുള്ള കവിത എന്നോ വിചാരിച്ച് മധും കുട്ടംപേരൂരിന്റെ പുസ്തകമെടുക്കരുതേ! ഇതിനെ ധന്വന്തരം ഗുളികകളെന്നപോലെ കാണണം. വലിയ വിഷയം ആലും കല്‍പരയാലുംപോലെ കുറുക്കിവച്ചിരിക്കുകയാണിവിടെ.” അവതാരികയില്‍ ‘ചെപ്പിലെ മുത്തെന്ന’ വിശേഷണത്തോടെ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞതിങ്ങനെയാണ്. മഴവില്ല് എന്ന കവിതയില്‍
”മഴ തോര്‍ന്നപ്പോളാരു വരച്ചു
മിഴിവാര്‍ന്നുള്ളൊരു മഴവില്ല്?
അഴകിന്നഴകാമീ മഴവില്ലിനെ
ആരു തുടച്ചു പെട്ടെന്ന്?
ആരു വരച്ചാലാരു തുടച്ചാല്‍
ആരു തടുക്കാനുണ്ടിവിടെ?
പാരിലദൃശ്യം ശക്തിക്കല്ലോ
പേരു വിളിപ്പൂ ജഗദീശന്!”
നല്ല താളപ്പിടിപ്പുള്ളതും കുട്ടികള്‍ക്ക് കൂട്ടമായി പാടാവുന്നതുമായ ധാരാളം കവിതകളുണ്ട് ഈ സമാഹാരത്തില്‍. ഒന്നിലും കുഞ്ഞുങ്ങളെ വലയ്ക്കുന്ന ചോദ്യങ്ങളില്ല. കുഞ്ഞുങ്ങളുടെ മനസ്സില്‍ വേദനയുണ്ടാക്കുന്ന വിഷയങ്ങളില്ല. ഒരദ്ഭുതവും അതിനുള്ള മറുപടിയും ചേര്‍ന്നുനില്‍ക്കുന്ന കവിതകള്‍ ധാരാളമുണ്ട്. സ്നേഹമുള്ള യോഗക്ഷേമ കവിതയെന്ന് ഞാനിവയെ വിളിക്കുമെന്നാണ് കൈതപ്രം എഴുതുന്നത്.
സാംസ്കാരിക രംഗത്തും യോഗക്ഷേമ സഭ തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായ മധും കുട്ടംപേരൂരിന്റെ മധുരച്ചെപ്പ് കവിതാസമാഹാരത്തിന്റെ ചിത്രീകരണം നിര്‍വഹിച്ചിരിക്കുന്നത് മകനും സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ കൈലാസ് കേശവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: