ഡോ.അനില്‍കുമാര്‍ വടവാതൂര്‍
കള്ളന് കപ്പലില്‍ത്തന്നെ എന്നത് പഴമൊഴി. സംഗതി നൂറ് ശതമാനം സത്യവുമാണ്. കൂടാരത്തില്‍ കടന്നുകയറിയ കള്ളന്മാര് എപ്പോഴും കൂടെ കാണും. അപ്പോഴാണ് പാരകള്‍ പെരുകുന്നതും പാളയത്തില്‍ പട പൊട്ടുന്നതും. പ്ലാസ്റ്റിക് മലിനീകരണം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള ആഗോള ഉടമ്പടിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെ. പ്ലാസ്റ്റിക്കിനെ മുളയിലെ നുള്ളി ലോകത്തെ സുന്ദരമാക്കാനുള്ള ഉടമ്പടി ചര്‍ച്ചയിലാകെ നിറഞ്ഞത് പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും പിണിയാളുകളുടെയും സാന്നിധ്യം. അവര്‍ ഓരോ വട്ട ചര്‍ച്ചകളും കുഴച്ചുമറിച്ചു. അംഗങ്ങളെ ആശയക്കുഴപ്പത്തില്‍ ആറാടിച്ചു. അങ്ങനെയാണ് ഉറുഗ്വേയില്‍ നടന്ന ഉടമ്പടി ചര്‍ച്ച എങ്ങുമെത്താതെ 2022 ഡിസംബറില്‍ സമാപിച്ചത്.
പ്ലാസ്റ്റിക് സ്വയം കുഴപ്പക്കാരനല്ല. ഉപയോഗിക്കുന്ന നാമാണ് അതിനെ കുഴപ്പക്കാരനാക്കുന്നത്. പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. നാടും നഗരവും കാടും കടലുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. അത് ആഗോള താപനത്തിന് ചൂട്ടുപിടിക്കുന്നു. പ്ലാസ്റ്റിക് അകത്താക്കിയ വന്യമൃഗങ്ങളും ജലജീവികളും കടല്‍പക്ഷികളും പിടഞ്ഞുമരിക്കുന്നു. പവിഴപ്പുറ്റുകള്‍ക്ക് ശ്വാസംമുട്ടുന്നു. മണ്ണ് മരിക്കുന്നു. പക്ഷേ അപകട സൂചനകള്‍ക്കുനേരെ ലോകം കണ്ണടച്ചിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്നു. അത്തരം കണ്ണുകള്‍ തുറപ്പിക്കാന്‍ ഒടുവില്‍ ഐക്യരാഷ്ട്രസഭ മുന്നിട്ടിറങ്ങി. സഭയുടെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ (യുഎന്‍ഇപി) അസംബ്ലിയുടെ അഞ്ചാം യോഗമാണ് തുടക്കമിട്ടത്. ”എല്ലാ രാജ്യങ്ങള്‍ക്കും നിയമപരമായി സാധ്യതയുള്ള കരാറിലൂടെ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണം” എന്നതായിരുന്നു അവര്‍ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം.
ഉറുഗ്വേയിലെ പുന്താ ഡെല്‍ എസ്റ്റില്‍ ആയിരുന്നു ആദ്യയോഗം. അമേരിക്കയും ചൈനയും അടക്കം ആ യോഗത്തില്‍ പങ്കെടുത്തത് 175 രാജ്യങ്ങള്‍. ആകെ രണ്ടായിരത്തിലേറെ പ്രതിനിധികള്‍. ലക്ഷ്യം പ്ലാസ്റ്റിക് നിര്‍മാണം, ഉപയോഗം, നിര്‍മാര്‍ജനം എന്നിവ ഒഴിവാക്കി ഗ്രീന്‍ഹൗസ് ഉത്സര്‍ജനത്തില്‍നിന്ന് ഭൂഗോളത്തെ രക്ഷിക്കുക. 2024 ല്‍ എങ്കിലും കരാര്‍ നിലവില്‍ വരണം. ”പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കു ശേഷം ഉണ്ടാകുന്ന ഏറ്റവും പ്രധാന അന്താരാഷ്ട്ര ഉടമ്പടി ആവും ഇത്” എന്ന് യുഎന്‍ഇപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്ഗര് അന്ഡേഴ്സന് പ്രതിനിധികളോട് പറഞ്ഞു. ”പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവല്ല പ്രശ്നം. മറിച്ച്, അത് ഒഴുകിവരുന്ന ഉറവിട ടാപ്പുകള്‍ മുറുക്കി അടയ്ക്കുകയാണ്” യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.
പക്ഷേ പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പ്രതിനിധികള്‍ അംഗരാജ്യങ്ങളുടെ പ്രതിനിധി സംഘത്തില്‍പോലും നുഴഞ്ഞു കയറി. പൊതുസമൂഹത്തിന് പ്രവേശന നിഷേധിച്ച രഹസ്യ യോഗങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും അവര്‍ സാന്നിധ്യമറിയിച്ചു എന്നാണ് ആരോപണം. അവര്‍ ചര്‍ച്ചയെ വഴിതിരിക്കാന്‍ ശ്രമിച്ചു. അങ്ങനെ ചര്‍ച്ചകള്‍ അവസാന ദിവസം വരെ നീണ്ടു. ഉറഗ്വേ, ഘാന, സ്വിറ്റ്സര്‍ലാന്റ്, യൂറോപ്യന്‍ യൂണിയന് എന്നീ രാജ്യങ്ങള്‍ പ്ലാസ്റ്റിക്കിന്റെ വേരറുക്കണമെന്ന് വാദിച്ചു. പ്ലാസ്റ്റിക് ഉല്‍പ്പാദനം തന്നെ നിരോധിക്കണം. സാര്‍വത്രികമായി നിയമസാധുതയുള്ള കരാര്‍ വരണം. അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക്-പെട്രോ കെമിക്കല്‍ കമ്പനികളുടെ ആസ്ഥാനമായ സൗദി അറേബ്യയും അമേരിക്കയും ആ നിര്‍ദ്ദേശത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ മലിനീകാരിയായ ചൈനയും കുത്തിത്തിരുപ്പ് നടത്തുന്നതില്‍ പിന്നിലായിരുന്നില്ല. നിരോധനമല്ല, മറിച്ച് അത് ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സാഹചര്യങ്ങള്‍ കൂടി പരിശോധിക്കണമെന്നതായിരുന്നു സൗദിയുടെ ആവശ്യം. നിത്യജീവിതത്തില്‍ പ്ലാസ്റ്റിക്കിന്റെ അഭാവം ഗുരുതരമായ പ്രതസന്ധിയുണ്ടാക്കുമെന്ന് വ്യവസായ ലോബി വാദിച്ചു. പ്ലാസ്റ്റിക് നിരോധനമല്ല, മറിച്ച് മാലിന്യം കുറയ്ക്കാനുള്ള അടിയന്തര നടപടിയാണ് ആവശ്യമെന്ന് പ്ലാസ്റ്റിക് ഇന്‍ഡസ്ട്രി അസോസിയേഷന് പ്രസിഡന്റ് മാറ്റ് സീഹോമിനെ പോലുള്ളവര്‍ തര്‍ക്കിച്ചു.
പ്ലാസ്റ്റിക്കിനെ സ്വമേധയാ ഒഴിവാക്കണമെന്നതായിരുന്നു അമേരിക്കന്‍ പക്ഷം. ക്രൂഡ് ഓയില്‍ ഉല്‍പ്പാദന രാജ്യങ്ങളുടെ താല്‍പ്പര്യത്തിനായി സൗദിയും സംഘവും നിലകൊണ്ടു. ആഗോള ബാധ്യതകള്‍ നിയമ/ഉടമ്പടിയിലൂടെ നടപ്പില്‍ വരുത്തുന്നത് രാജ്യങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൈനയും വാദിച്ചു. ഇന്ത്യ പൊതുവെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. മാലിന്യം ഇല്ലാത്ത അവസ്ഥ ഉണ്ടാക്കുന്ന സര്‍ക്കുലര്‍ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് ചിന്തിക്കണമെന്ന് ചര്‍ച്ചക്ക് നേതൃത്വം നല്കുന്ന ഇന്റര്‍ ഗവണ്മെന്റല് നെഗോഷിയേറ്റിങ് കമ്മിറ്റി (ഐഎന്‍സി) സെക്രട്ടറിയേറ്റ് മേധാവി ജ്യോതി മാത്തൂര്‍ ഫിലിപ്പ് നിര്‍ദേശിച്ചു.
അതിനിടയിലും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മല്ലടിക്കുന്ന രാജ്യങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ യുഎന്‍ഇപി മറന്നില്ല. ഒരു വര്‍ഷം ലോകമൊട്ടാകെ 46000 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണത്രെ പ്രകൃതിയിലെത്തുക. അതില്‍ 46 ശതമാനം ഭൂമിക്കുള്ളിലേക്ക് കടക്കും. 22 ശതമാനം പ്രകൃതിയില്‍ ചിതറി പറക്കും. 17 ശതമാനം കത്തിക്കുന്നു. ഇതില്‍ 15 ശതമാനം മാലിന്യം മാത്രമേ പുനഃചംക്രമണത്തിനായി എത്തുകയുള്ളൂ. നട്ടെല്ലില്ലാത്ത ഒരു ഉടമ്പടി ഉണ്ടാക്കിയാല്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ലോക പ്ലാസ്റ്റിക് നിര്‍മാണവും മാലിന്യവും നേരെ ഇരട്ടിയാവുമെന്ന് ഗ്രീന്‍പീസും മുന്നറിയിപ്പ് നല്കി. യുഎന്‍ഇപിയുടെ കണക്കുകള്‍ പ്രകാരം കടലില്‍ പ്രതിവര്‍ഷം എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 140 ലക്ഷം ടണ്‍ ആണത്രേ.
ആലോചനകള്‍ അന്തമില്ലാതെ നടക്കുകയാണ്. കരാര്‍ നടപ്പില്‍ വരേണ്ടത് 2024 ല്‍ ആണ്. അതിന് വ്യക്തമായ രൂപംനല്കുന്നതിനുള്ള രണ്ടാംവട്ട പ്ലാസ്റ്റിക് ആഗോള ചര്‍ച്ച 2023 മെയ് 29 ന് ആരംഭിക്കുന്നു. യുനസ്കോയുടെ ആസ്ഥാനമായ ഫ്രാന്‍സിലാണ് വേദി ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറെ ആകാംക്ഷയോടെയാണ് ഈ ചര്‍ച്ച കാത്തിരിക്കുന്നത്. പക്ഷേ ആശങ്കയുമുണ്ട് അവര്‍ക്ക്. സൗദിയും അമേരിക്കയും ചൈനയുമൊക്കെ ചേര്‍ന്ന് തന്ത്രങ്ങള്‍ മെനഞ്ഞെത്തുമ്പോള്‍ ആഗോള പ്ലാസ്റ്റിക് നിര്‍മാര്‍ജന കരാറിന്റെ ഭാവി എന്താവുമെന്ന് അവര്‍ ആശങ്കപ്പെടുന്നു. പാരീസ് ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ രൂപപ്പെടാത്ത പക്ഷം അടുത്തവര്‍ഷം ശക്തമായ ഒരു കരാര്‍ നിലവില്‍ വരുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. എങ്കില്‍ ഭൂഗോളത്തിന്റെയും അതിലെ ജീവജാലങ്ങളുടെയും ഭാവി ഇരുളടഞ്ഞതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: