ഉണ്ണി കൊടുങ്ങല്ലൂര്‍
സ്കൂളിലേക്കു പോകുന്ന വഴിയിലാണ് അവന് ആ പൊതി കണ്ടത്. പഴയ വര്‍ത്തമാനപ്പത്രം കൊണ്ടുള്ള ഒരു ചെറിയ പൊതി.
”എന്താകും പൊതിയില്‍!” ഒരാകാംക്ഷ അവന്റെയുള്ളില്‍ തത്തിക്കളിച്ചു.
”എടുത്താലോ വേണ്ട!”
ആദ്യം ഒന്നറച്ചു.
പിന്നെ ചുറ്റുപാടും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പു വരുത്തി. കുനിഞ്ഞു പൊതിയെടുത്ത് ഒറ്റയോട്ടം. അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിയപ്പോള്‍ അവന് ഓട്ടം നിര്‍ത്തി. ചുറ്റുപാടും വീണ്ടുമൊരാവര്‍ത്തി നോക്കിയശേഷം ആകാംക്ഷയോടെ പൊതിയഴിച്ചു.
”ഓ!”
അത് ഒരു കെട്ടു ബീഡിയായിരുന്നു. അവന്റെ ഉത്സാഹം മറഞ്ഞു.
അച്ഛന് വലിക്കുന്ന ബീഡി അവന് കണ്ടിട്ടുണ്ട്. അവ മഞ്ഞയില്‍ നീലവരകളുള്ള ചുവന്ന നിറത്തില്‍ പേരച്ചടിച്ച കവറിലായിരുന്നു. തലക്കെട്ട് വെച്ച ഒരാളുടെ ചിത്രവും അതിന്റെ കവറില്‍ ഉണ്ടായിരുന്നു. അവയില്‍ നിന്ന് ഓരോന്നെടുത്ത് അച്ഛന് ഇടയ്ക്കിടെ പുക വിട്ടു കൊണ്ടിരിക്കും.
എന്നാല്‍ ഈ ബീഡികള്‍ക്ക് കവറൊന്നും ഇല്ലായിരുന്നു. അച്ഛന് വലിക്കുന്ന ബീഡിയിലും കുറച്ചു കൂടി വലിപ്പം കൂടിയതായിരുന്നു ഈ ബീഡികള്‍.
അച്ഛന് ബീഡി വലിക്കുന്നത് കാണുമ്പോള്‍ അവനും തോന്നും ഒന്നെടുത്തു വലിക്കാന്‍. അച്ഛന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും ധൂമവലയങ്ങള്‍ വളഞ്ഞു പുളഞ്ഞുവരുന്നതു കാണാന്‍ നല്ല രസമാണ്. അവനും അനിയത്തിയും കൂടി അവ കൈയില്‍ പിടിക്കുവാന്‍ മത്സരിക്കുമായിരുന്നു. അപ്പോഴായിരിക്കും അമ്മയുടെ ശാസന വരുന്നത്…
”എന്റെ ഭഗവാനേ, ഈ മനുഷ്യനെക്കൊണ്ട് ഞാന്‍ തോറ്റു. ഒരായിരം വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട് കുട്ടികളുടെ മുന്പിലിരുന്ന് ബീഡി വലിക്കരുതെന്ന് കേറിപ്പോടാ അകത്തേക്ക്….”
അമ്മ വടിയെടുക്കുന്നതിനു മുന്‍പേ അവനും അനിയത്തിയും ഓടി അകത്തു കയറും. ഇല്ലെങ്കില്‍ അടി ഉറപ്പാണെന്ന് രണ്ടു പേര്‍ക്കും അറിയാം. അമ്മയുടെ ബഹളം കേള്‍ക്കുമ്പോള്‍ അച്ഛന് പതിയെ എഴുന്നേറ്റു വഴിയിലേക്കിറങ്ങും. ബാക്കി ബീഡിവലി വഴിയില്‍ നിന്നുകൊണ്ടായിരിക്കും.
”വലിച്ചു വലിച്ച് നിങ്ങടെ തടീം കേടാവും. ഈ കുട്ട്യോള് ദുശ്ശീലോം പഠിക്കും. എന്നാലും നിങ്ങള്‍ നിര്ത്തൂലാ. എന്റെ തേവരേ…..ഇങ്ങനേണ്ടോ മനുഷ്യര്‍ നാണോം മാനോം ഇല്ലാതെ.”
അമ്മ ശകാരം തുടര്‍ന്നുകൊണ്ടേയിരിക്കും. എന്നാല്‍ അതെല്ലാം കേള്‍ക്കാത്ത മട്ടില്‍ അച്ഛന് വലി തുടരും. മിനിമം രണ്ടു ബീഡിയെങ്കിലും തീര്‍ത്തിട്ടേ എണീക്കൂ.
”മോനേ.. മക്കളീ ചീത്ത സ്വഭാവൊന്നും പഠിക്കല്ലേ. ഇതെല്ലാം ദേഹത്തിന് വലിയ കേടാ” ഇടയ്ക്കിടെ അമ്മ ഉപദേശിക്കാറുള്ളത് അവനോര്‍ത്തു.
പക്ഷേ എന്തോ…. ആ പൊതി കളയാന്‍ അവന് മനസ്സ് വന്നില്ല! ചുരുട്ടിക്കൂട്ടി അവന് അത് ബാഗിന്റെയുള്ളില് വച്ചു.
”ഇതില്‍ നിന്ന് ഒന്നെടുത്ത് വലിച്ചുനോക്കണം…” അവന് മനസ്സില്‍ക്കരുതി. ”ബാക്കിയുള്ളത്അമ്മ കാണാതെ അച്ഛനു കൊടുക്കാം…….” അതു കിട്ടുമ്പോള്‍ അച്ഛന്റെ മുഖത്തു വിരിയാന്‍ പോകുന്ന സന്തോഷമോര്‍ത്ത് അവന് മനസ്സില്‍ ഉല്ലാസം നിറഞ്ഞു.
സ്കൂളില്‍ ക്ലാസ്സുകള്‍ ഇഴഞ്ഞു നീങ്ങുന്നതു പോലെ അവനു തോന്നി.
ഹൊ! വേഗമൊന്നു ക്ലാസ്സു വിട്ടാല്‍ മതിയായിരുന്നു…… വീട്ടില്‍പ്പോകാന്‍ തിടുക്കമായി….
ഉച്ചയൂണു കഴിക്കുമ്പോള്‍ അവന് ആ പൊതി ട്രൗസറിന്റെ. പോക്കറ്റില്ത്തിരുകി.
”ക്ലാസിലെ പെന്‍സില്‍ മോഷ്ടാക്കള്‍ ബാഗെങ്ങാന്‍ തപ്പിയാല്‍ അത് മതി…… സ്കൂളില്‍ ബീഡി കൊണ്ടുവന്നതിനു സമ്മാനമായി ഹെഡ്മാഷിന്റെന ചൂരല്‍ക്കഷായം വേണ്ടുവോളം മോന്താം…”
ഒരു കണക്കിനു ക്ലാസ്സു തീര്‍ന്നു. ബെല്ലടിച്ചതും ബാഗുമെടുത്ത് ഒറ്റയോട്ടം. അതിനിടയില്‍ അനിയത്തിയെ കൂടെക്കൂട്ടാന്‍ മറന്നു. തിരിച്ചോടിച്ചെന്നപ്പോഴേക്കും അനിയത്തി വഴിയിലെത്തിയിട്ടുണ്ടായിരുന്നു
”ചേട്ടനെന്താ എന്നെക്കൂട്ടാണ്ട് പോയത്”?…അവള് ചിണുങ്ങി.
”ശരി, ശരി കിണുങ്ങണ്ട. വേംവാ. അവന് അവളുടെ ബാഗ് വാങ്ങി ചുമലിലേറ്റി വേഗം നടന്നു.
”ചേട്ടാ പയ്യെപ്പോ!” അവന്റെയൊപ്പമെത്താന്‍ അവള്‍ക്ക് ഓടേണ്ടി വന്നു.
വീട്ടിലെത്തിയ അവന്റെ കണ്ണുകള്‍ ആദ്യം തിരഞ്ഞത് അച്ഛനെയാണ്. പക്ഷേ അച്ഛന് പുറത്തെവിടെയോ പോയിരിക്കുകയായിരുന്നു. അമ്മയാണെങ്കില്‍ അയല്പക്കത്തെ വീട്ടുകാരുമായി സംസാരിച്ചുകൊണ്ടു നില്ക്കുന്നു.
”എല്ലാം കൊണ്ടും നല്ല സമയം”
ബീഡിപ്പൊതിയും അടുക്കളയില്‍ നിന്നെടുത്ത തീപ്പെട്ടിയും അനിയത്തി കാണാതെ ട്രൗസറിന്റെ പോക്കറ്റിലിട്ടുകൊണ്ട് അവന് മെല്ലെ പുറത്തേക്കിറങ്ങി.
”അമ്മേ..ഞാന്‍ കളിക്കാന്‍ പോയിട്ട് വരാം…” അത്രയും പറഞ്ഞുകൊണ്ട് അവന് ഒരോട്ടം വെച്ചുകൊടുത്തു.
”നിക്കടാ…എന്തെങ്കിലും കഴിച്ചിട്ട് പോ…..” അമ്മ പുറകില്‍ നിന്ന് വിളിച്ചു.
”വേണ്ടാ ഞാന്‍ വന്നിട്ടു കഴിച്ചോളാം…”അമ്മ പറഞ്ഞതു കേള്‍ക്കാന്‍ നില്‍ക്കാതെ അവനോടി.
”ഈ ചെറുക്കന്റെ ഒരു കാര്യം. അനുസരണ തൊട്ടു തെറിച്ചിട്ടില്ല. അതെങ്ങിന്യാ. തന്തേടെയല്ലേ മോന്” അമ്മ ആത്മഗതമിട്ടു.
അമ്പലപ്പറമ്പ് വിജനമായിരുന്നു. കൂട്ടുകാരാരും കളിക്കാനെത്തിയിട്ടില്ല.
”നന്നായി” അവന് മനസ്സിലോര്‍ത്തു. ആദ്യമായി ബീഡി വലിക്കുന്നത് ആരും കാണണ്ട. അവര്‍ നാട്ടില്‍പ്പാട്ടാക്കും
അമ്പലത്തിന്റെ മതിലിനോടു ചേര്‍ന്ന് വലിയൊരു പേരാലുണ്ട്. അതിന്റെ മറവിലിരുന്നാല്‍ ആരും കാണില്ല. അതിന്റെ വലിയ വേരിലിരുന്ന് അവന് പൊതിയഴിച്ച് ഒരു ബീഡി കയ്യിലെടുത്തു. അച്ഛന് ചെയ്യുന്നതു പോലെ അതിന്റെ വാലറ്റം കുറച്ചു കടിച്ചു കളഞ്ഞു. അരുചികരമായ ഒരു സ്വാദ് ഉമിനീരില്‍ക്കലര്‍ന്ന് അവന്റെ നാക്കിന്റൊ അറ്റത്തു തത്തിക്കളിച്ചു.
ഒരു നിമിഷം അവന് ശങ്കിച്ചു… അമ്മയുടെ വാക്കുകളോര്‍ത്തു. പക്ഷേ ചെയ്യാന്‍ പോകുന്ന പ്രവൃത്തിയുടെ ഹരം അവനെ മോഹിപ്പിച്ചു. ബീഡി പതിയെ ചുണ്ടുകള്‍ക്കിടയില്‍ വച്ച് അച്ഛന് ചെയ്യുന്നതു പോലെ തീപ്പെട്ടിക്കൊള്ളിയുരച്ചു. പക്ഷേ കാറ്റില്‍ തീ കെട്ടു പോയി. എത്ര ശ്രമിച്ചിട്ടും അച്ഛന് ചെയ്യുന്നതു പോലെ ബീഡി കടിച്ചു പിടിച്ചുകൊണ്ട് അത് കത്തിക്കാന്‍ അവനെക്കൊണ്ട് കഴിഞ്ഞില്ല.
അവസാനം ബീഡി ആല്‍മരത്തിന്റെ വേരിന്റെ മറവില്‍കുത്തി നിറുത്തി തീപ്പെട്ടിയുരച്ചു കത്തിച്ചു. അല്‍പ്പ നേരത്തെ ശ്രമത്തിനു ശേഷം ബീഡിയുടെ അഗ്രം ജ്വലിച്ചു. വേഗം തന്നെ അവന് ബീഡിയെടുത്ത് ചുണ്ടുകള്‍ക്കിടയില്‍ വച്ച് അകത്തേക്കു ആഞ്ഞുവലിച്ചു. പെട്ടന്നുള്ള വലിയില്‍ നിറയെ പുക അവന്റെഅ വായിലും മൂക്കിലും തൊണ്ടയിലും വന്നു നിറഞ്ഞു. ശ്വാസം മുട്ടി കണ്ണുകള്‍ നിറഞ്ഞു. പെട്ടന്ന് അവന് ചുമ വന്നു. ശക്തമായ ചുമയില്‍ ബീഡിപ്പുക അവന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും പുറത്തേക്കു വന്നു.
ഒരു നിമിഷത്തേക്ക് അവനു ചുറ്റുപാടും കാണാതെയായി. കണ്ണില്‍ വെള്ളം നിറഞ്ഞ് കണ്ണു ചുവന്നു. ക്ഷീണിതനായി അവന് ആല്‍മരത്തിന്റെ വേരില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. അങ്ങനെയിരിക്കേ സാവധാനം അവന്റെ കണ്ണുകള്‍ക്കു മുന്പില് ചില രൂപങ്ങള്‍ മാറി മാറി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അച്ഛന് ചിരിച്ചുകൊണ്ട് അവനെ വിളിച്ചു. അപ്പോഴേക്കും അമ്മ വടിയെടുത്ത് തല്ലാനോടിച്ചു. അവന് ഭയവും സന്തോഷവും മാറി മാറി വന്നു. അപ്പോഴതാ ഹെഡ്മാഷ് വലിയ ചൂരലുമായി വരുന്നു. ഭയംകൊണ്ട് അവന് ഓടാന്‍ തുടങ്ങി. പക്ഷേ പാദങ്ങള്‍ ചലിക്കുന്നുണ്ടായിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഒരടിയെടുത്തു വയ്ക്കാന്‍ പോലും അവനു കഴിഞ്ഞില്ല.
”അടിക്കല്ലേ മാഷേ! ഞാന്‍ ഇനി ഒരു തെറ്റും ചെയ്യൂല്ല!” അവന് കരഞ്ഞുകൊണ്ടു പറഞ്ഞു. പക്ഷേ ഹെഡ്മാഷ് അടുത്തടുത്തു വന്നു. ചൂരല്‍ ആഞ്ഞു വീശി.
”ഹയ്യോ!”
അടി കൊണ്ട വേദനയില്‍ അവന് ഉറക്കെ നിലവിളിച്ചു.
”എടാ, നിനക്കെന്താ പറ്റ്യേ!”
പെട്ടെന്ന് ആരോ അവനെ കുലുക്കി വിളിക്കുന്ന പോലെ തോന്നി. പക്ഷേ കണ്ണുകള്‍ തുറന്നിട്ടും അവന് മുന്പിനാല് നില്‍ക്കുന്നതാരെന്നു വ്യക്തമാകുന്നുണ്ടായിരുന്നില്ല.
ആരോ അവന്റെ മുഖത്ത് വെള്ളമൊഴിച്ചു. ആരൊക്കെയോ ചേര്‍ന്ന് അവനെ എടുത്തു പൊക്കി.വീട്ടിലെത്തിച്ചപ്പോഴും അവന് ഒരര്‍ദ്ധമയക്കത്തിലായിരുന്നു.
”കുട്ടികളെ ശ്രദ്ധിക്കണ്ടേ! ചെറുക്കനേയ് കഞ്ചാവു ബീഡിയാ വലിച്ചത്, ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ തുടങ്ങിയാല്‍ ഇവനൊക്കെ വലുതാവുമ്പോള്‍ എന്താ കാണിക്ക്യാ! കെട്ടെറങ്ങാന്‍ നല്ലോണം മോരും വെള്ളം കുടിപ്പിക്ക്യാ.”
ആരൊക്കെയോ ഉരുവിട്ട വാക്കുകള്‍ പാതിമയക്കത്തിലും അവന്റെ കാതുകളില്‍ വീണു. പക്ഷേ അവനൊന്നും മനസ്സില്ലായില്ല.
തോരാത്ത കണ്ണുകളോടെ അമ്മ അവന്റെയടുത്തിരുന്നു.
”തൃപ്തിയായില്ലേ നിങ്ങക്ക് കാലമാടാ!…. വലിച്ചു വലിച്ചു ചത്തോ…. പക്ഷേ എന്റെ കുട്ടികള്‍ക്കെന്തെങ്കിലും ഏനക്കേടു വന്നാല്‍ പിന്നെ നിങ്ങളെ ഞാനീ വീട്ടീക്കേറ്റത്തില്ല. വല്ല വെഷോം വാരിത്തിന്നു ഞാനും പിള്ളേരും ചത്തു കളയും. പിന്നെ നിങ്ങടെ തോന്ന്യാസം എന്തു വേണേ ആയിക്കോ! എത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാ കുട്ടികളുടെ മുന്പില് വച്ചു വലിക്കരുതെന്ന്! കേട്ടോ നിങ്ങള്‍! ഇപ്പക്കണ്ടോ! നിങ്ങടെ മോന് ചെയ്തുകൂട്ടിയ വേണ്ടാതീനം! അച്ഛനെത്തോല്‍പ്പിക്കും മോന്! കഞ്ചാവല്ലേ വലിച്ചു തുടങ്ങിയിരിക്കുന്നത്!
എന്റെ തേവരേ ഞാനാരോടു പോയി എന്റെ വെഷമം പറയും! എന്നെപരീക്ഷിച്ചു മതിയായില്ലേ! ദൈവമേ!
മകനെ ശുശ്രൂഷിക്കുമ്പോഴും അമ്മയുടെ വായില്‍ നിന്ന് അച്ഛന്റെ നേരെ ശാപവചനങ്ങള്‍ ഇടതടവില്ലാതെ പ്രവഹിച്ചു.
മകന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ കഞ്ചാവു ബീഡികള്‍ കണ്ട് അച്ഛന് അമ്പരന്നു. അയാളുടെ മനസ്സ് അന്നാദ്യമായി കുറ്റബോധം കൊണ്ടു വിങ്ങി. പോക്കറ്റില്‍ കിടക്കുന്ന ബീഡിക്കെട്ടെടുക്കുവാന്‍ അയാളുടെ കൈ വിറച്ചു. താന്‍ ചെയ്യുന്ന തെറ്റിനെക്കുറിച്ചുള്ള ബോധം ആദ്യമായി അയാളുടെ കൈകളെ നിശ്ചലമാക്കി. പെട്ടെന്ന് എന്തോ ചിന്തിച്ചുറപ്പിച്ചതു പോലെ അയാള്‍ തൊടിയിലേക്കിറങ്ങി. പുല്ലും, കരിയലകളും പെറുക്കി ഒരു ചവറ്റു കൂന ഉണ്ടാക്കി അതിനു തീ കൊളുത്തി. അകത്തുപോയി കഞ്ചാവു ബീഡികള്‍ക്കൊപ്പം വീട്ടില്‍ പലയിടത്തായി അയാള്‍ ഒളിച്ചു വച്ചിരുന്ന ബീഡിപ്പൊതികളും എടുത്തു കൊണ്ടു വന്നു. ആളിക്കത്തുന്ന തീയിലേക്ക് ആ ബീഡിക്കെട്ടുകള്‍ വലിച്ചെറിയുമ്പോള്‍ ആ ജ്വാലയെ മനസ്സിലേക്കാവാഹിച്ച് ഒരു പുതിയ മനുഷ്യനായി മാറാന്‍ അയാള്‍ മനസ്സിലുറപ്പിച്ചിരുന്നു!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: