കൊച്ചി: പിണറായി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ രണ്ടാം വാര്‍ഷികത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരമ്പര. സര്‍ക്കാരിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എറണാകുളത്ത് കണയന്നൂര്‍ താലൂക്കോഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. ലൈഫ്മിഷന്, എഐ ക്യാമറ തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്. വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലില്‍ പണപ്പെരുപ്പം കുറഞ്ഞിട്ടും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്തത് പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ്. മയക്കുമരുന്ന് കച്ചവടത്തിന് പിടിയിലാവുന്നവര്‍ക്കെല്ലാം സിപിഎം ബന്ധമുണ്ട്. ക്രമസമാധാന നില തകര്‍ന്നതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം.
ഡോക്ടര്‍ കൊല്ലപ്പെടുന്നു. ആളുകളെ തല്ലിക്കൊല്ലുന്നു. ബോട്ടപകടത്തില്‍ ആളുകള്‍ മരിക്കുന്നു. കാട്ടുപോത്ത് കുത്തിവരെ ജനങ്ങള്‍ മരിക്കുകയാണ്. ആരുടെയും ജീവന് സുരക്ഷയില്ല.
എലത്തൂര്‍ ട്രെയിന്‍ ആക്രമണം ശരിയായ രീതിയില്‍ അന്വേഷിച്ചതാണ് ഐജി പി. വിജയനെ പുറത്താക്കാന്‍ കാരണമെന്ന് സുരേന്ദ്രന് പറഞ്ഞു. കേസിന്റെ വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഈ സര്‍ക്കാര്‍ എല്ലാ കാര്യത്തിലും പകവീട്ടുകയാണ്. പുണ്യം പൂങ്കാവനം സ്കീം നടപ്പാക്കിയതും മന് കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചതുമാണോ അദ്ദേഹത്തെ പുറത്താക്കാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ഉപകരാര്‍ കിട്ടിയത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. അഴിമതിയുടെ കാര്യത്തില്‍ ഇരുകൂട്ടരും പരസ്പരം സഹകരിക്കുകയാണ്. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു അധ്യക്ഷനായി. ദേശീയ കൗണ്‍സില്‍ അംഗം പി.എം. വേലായുധന്, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. സജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: