കേരളത്തിലെ ദേശീയപാതാ വികസനത്തിന്റെ ബഹുമതി തങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇടതുമുന്നണി സര്‍ക്കാരിലെ ചില മന്ത്രിമാരും സിപിഎം നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന തരംതാണ പ്രചാരണം മാന്യതയുടെ എല്ലാ പരിധികളും ലംഘിക്കുകയാണ്. ദേശീയപാതാ വികസനത്തിനു വേണ്ടിവരുന്ന വിഹിതത്തിന്റെ നാമമാത്രമായ പങ്കാണ് സംസ്ഥാനം വഹിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഇരുപത്തിയഞ്ച് ശതമാനം മാത്രം. ബാക്കിവരുന്ന തുക മുഴുവന്‍ കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ദേശീയപാതാ വികസനത്തിന്റെ കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ദേശീയപാതാ വികസനം നാല് പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്നു. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന് ദല്‍ഹിയില്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിക്കുകയും, സ്ഥലമേറ്റെടുക്കുന്നതിന് സഹകരിച്ചാല്‍ ദേശീയപാതാ വികസനത്തിനുവേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് റോഡ് നിര്‍മാണത്തിന് ജീവന് വച്ചത്. റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യത്തില്‍ എടുത്ത താല്പര്യം മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പ്രശംസിച്ചിട്ടുള്ളതാണ്. നിരവധി തവണ ഗഡ്കരി കേരളത്തിലെത്തുകയും, ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധത തുറന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ സാക്ഷാല്‍ക്കാരമാണ് പിന്നിടുണ്ടായത്.
ദേശീയപാതകളുടെ കാര്യത്തില്‍ സമാനതകളില്ലാത്ത വികസനമാണ് കേരളത്തില്‍ നടക്കുന്നത്. യാത്രചെയ്യുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണിത്. മുന്‍കാലത്ത് ദേശീയപാതയുടെ വികസനത്തിന് സ്ഥലം വിട്ടുനല്‍കാന്‍ മടിച്ചിരുന്നവര്‍ ഇപ്പോള്‍ യാതൊരു മടിയുമില്ലാതെ അതിന് സമ്മതിക്കുകയാണ്. നല്ലൊരു ശതമാനം നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. അവശേഷിക്കുന്നതിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുകയുമാണ്. അരദിവസവും ഒരു ദിവസവുമൊക്കെയെടുത്ത് ഓടിയെത്തിക്കൊണ്ടിരുന്നിടത്ത് ഇപ്പോള്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ മതി. ഗതാഗതസ്തംഭനം ഒഴിവായതോടെ വളരെയധികം സമയം ലാഭിക്കാനും കഴിയുന്നു. ഇങ്ങനെയൊരു മാറ്റം ആരും പ്രതീക്ഷിച്ചതല്ല. മറ്റ് പല രംഗങ്ങളിലും കേരളം എങ്ങുമെത്താതിരിക്കുകയോ പിന്നോട്ടുപോവുകയോ ചെയ്യുമ്പോള്‍ ദേശീയപാതാ വികസനത്തില്‍ അതിവേഗം ബഹുദൂരം മുന്നേറുകയാണ്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന് അവകാശപ്പെട്ട ബഹുമതി അവര്‍ക്ക് ലഭിക്കാതിരിക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ തരംതാണ രീതിയില്‍ പെരുമാറുന്നത്. ദേശീയപാതാ വികസനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നവരെ കടന്നാക്രമിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ശൈലിയാണ് പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പിന്തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഇതിനു മുതിരുമ്പോള്‍ മറ്റു മന്ത്രിമാരുടെ കാര്യം പറയേണ്ടതില്ലല്ലോ. കള്ളപ്രചാരണത്തില്‍ അവര്‍ പരസ്പരം മത്സരിക്കുകയാണ്.
രാഷ്ട്രീയമായ അരക്ഷിതാവസ്ഥയാണ് സിപിഎമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും പിടികൂടിയിരിക്കുന്നത്. രാജ്യത്ത് എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട് കേരളത്തില്‍ മാത്രമായി സിപിഎം ഒതുങ്ങിയിരിക്കുകയാണല്ലോ. മൂന്നര പതിറ്റാണ്ടുകാലം ഭരിച്ച പശ്ചിമബംഗാളില്‍ ഒരൊറ്റ സീറ്റുപോലും നേടാന്‍ കഴിയാത്ത ദയനീയ സ്ഥിതിയിലാണ് സിപിഎം. രണ്ടര പതിറ്റാണ്ടുകാലം ഭരിച്ച ത്രിപുരയില്‍ ഇപ്പോള്‍ ഭരിക്കുന്നത് ബിജെപിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ കൂട്ടുപിടിച്ചുപോലും ത്രിപുരയില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും പരാജയത്തിന്റെ പടുകുഴിയിലാണ് സിപിഎം പതിച്ചത്. കേരളത്തില്‍ അധികാരമുള്ളതിന്റെ പേരില്‍ പൊള്ളയായതും പരിഹാസ്യവുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും സംഭവിക്കില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. വികസനത്തിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ സമ്മതിച്ചാല്‍ അത് ബിജെപിക്ക് രാഷ്ട്രീയ നേട്ടമാകുമെന്നതാണ് സിപിഎമ്മിന്റെ പ്രശ്നം. ജനങ്ങള്‍ക്ക് നേരിട്ട് ഗുണംചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ നടപ്പാക്കാതിരിക്കുക, പേരുമാറ്റി സ്വന്തം നേട്ടമായി അവതരിപ്പിക്കുക ഇതാണ് ഏഴു വര്‍ഷമായി പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. സഹായങ്ങളെല്ലാം കൈപ്പറ്റിയശേഷം കേന്ദ്രസര്‍ക്കാരിനെ അപഹസിക്കുക എന്നതാണ് സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും തന്ത്രം. മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിക്കുന്ന സ്വന്തം പദവിക്കുചേരാത്ത തരംതാണ പ്രസ്താവനകള്‍ ഇതിനു തെളിവാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: