തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള മുട്ടത്തറ സര്‍വീസ് സഹകരണ ബാങ്ക് അഴിമതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത് പാര്‍ട്ടി സഖാക്കള്‍. സഹകരണ വകുപ്പ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 14.5 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത് ബാങ്ക് ഉന്നതാധികൃതരേയും അഴിമതിക്ക് ഒത്താശ ചെയ്ത പാര്‍ട്ടി നേതാക്കളേയും കുടുക്കി.
ബാങ്ക് ചട്ടങ്ങള്‍ പാടെ അട്ടിമറിച്ചാണ് ക്രമക്കേട് നടത്തിയതെന്ന വിവരമാണ് പുറത്ത് വരുന്നത്. വായ്പകള്‍, ചിട്ടി തുടങ്ങി സ്വര്‍ണം പണയം വെയ്ക്കുന്നതില്‍ വരെ ബാങ്ക് രേഖകളില്‍ കൃത്രിമം വരുത്തിയാണ് സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ പണം തട്ടിയെടുത്തത്. ബാങ്ക് ജീവനക്കാരുടെ ഇഷ്ടക്കാര്‍ക്ക് ഈടില്ലാതെ വന്‍ തുക വായ്പയായി നല്‍കിയാണ് പണം പുറത്ത് കടത്തുന്നത്. മുമ്പ് ബാങ്ക് സെക്രട്ടറിയുടെ ഭര്‍ത്താവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് ചെയ്യാനായി വായ്പയായി ലക്ഷങ്ങള്‍ നല്‍കിയത് വിവാദമായിരുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് വായ്പ നല്കി. ഏതെങ്കിലും വ്യക്തി ഈട് വെച്ച് വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ ആ ഈടിന്റെ രേഖകള്‍ ഈടില്ലാതെ നല്കുന്ന വായ്പകളിലും ഉള്‍പ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ബാങ്ക് വ്യവസ്ഥയനുസരിച്ച് അഞ്ച് ലക്ഷം വരെ മാത്രമേ വായ്പ നല്കാന് പാടുള്ളൂവെന്നിരിക്കേ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ക്ക് അരക്കോടിയിലേറെ രൂപയാണ് കൈമാറിയത്. വിഹിതം കൃത്യമായി അനുവദിച്ച് കൊടുക്കുന്ന ജീവനക്കാരുടെ പോക്കറ്റിലെത്തുമെന്ന ഉറപ്പുള്ളതുകൊണ്ട് ബാങ്ക് നടപടികള്‍ വേഗത്തിലാണെന്നും പറയുന്നു. വായ്പകള്‍ക്ക് 13 ശതമാനമാണ് പലിശ. എന്നാല്‍ ഇത്തരക്കാര്‍ക്ക് 10 ശതമാനം പലിശ ഈടാക്കിയാണ് വായ്പകള്‍ നല്‍കുന്നത്. സ്വര്‍ണം പണയം വെയ്ക്കുമ്പോള്‍ പണയം വെയ്ക്കുന്ന വ്യക്തി ബാങ്കില്‍ അടയ്ക്കുന്ന പലിശയെക്കാള്‍ കുറവാണ് രേഖകളില്‍ കാണിക്കുന്നത്. ഇത്തരത്തില്‍ നിയമാനുസൃതമുള്ള ഇടപാടുകാര്‍ അറിയാതെ അവരുടെ പേരില്‍ ലക്ഷങ്ങള്‍ മറിക്കുന്നുവെന്നാണ് ആരോപണം. ബാങ്ക് എ ക്ലാസ്സ് മെമ്പര്‍ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു രജിസ്ട്രാറുടെ പരിശോധന നടന്നത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയിട്ടും പാര്‍ട്ടി നേതൃത്വവും സര്‍ക്കാരും നടപടിയെടുക്കാതെ ക്രമക്കേടിന് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: