ഡോ. സന്തോഷ് മാത്യു
യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്നു തുര്‍ക്കി. അവിടുത്തെ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കുശേഷം രണ്ടാം റൗണ്ട് മത്സരം നടക്കും.
ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവര്‍ തമ്മിലാകും രണ്ടാം റൗണ്ട് മത്സരം. അതാണ് ഇനി നടക്കുന്നതും. കഴിഞ്ഞ 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക സഖ്യത്തിന്റെ നേതാവ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗനും ആറു പാര്‍ടികളുടെ പ്രതിപക്ഷസഖ്യമായ നാഷന് അലയന്‍സ് സ്ഥാനാര്‍ഥി കെമാല്‍ കിലിച്ദാറോ ലുവും തമ്മിലാണ് പ്രധാന മത്സരം. ഈ മാസം 28നു നടക്കുന്ന രണ്ടാം റൗണ്ടില്‍ മാത്രമേ തുര്‍ക്കിയെ ഇനി ആര് നയിക്കുമെന്ന് പറയാനാകുകയുള്ളൂ.
100 വര്‍ഷം മുമ്പ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക് പുതിയ മുഖം നല്കിയ തുര്‍ക്കിയെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എര്ദോഗന് ഇപ്പോഴും ജനപ്രീതിയില്‍ കാര്യമായ കുറവില്ലെന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തുര്‍ക്കി രാഷ്ട്രീയത്തില്‍ ഏറെയായി സജീവ സാന്നിധ്യമായ എര്ദോഗന് 1994ല്‍ ഇസ്റ്റംബുള്‍ മേയറായ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. 2003ല്‍ പ്രധാനമന്ത്രിയായ അദ്ദേഹം 2014 മുതല്‍ പ്രസിഡന്റുമാണ്. പാര്‍ലമെന്റിലെ 600 സീറ്റിലേക്ക് 24 രാഷ്ട്രീയ പാര്‍ട്ടികളും 151 സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തെരഞ്ഞെടുക്കാന്‍ 6.4 കോടി പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.
ലോകത്ത് ഇന്ന് ഭരണം നടത്തുന്ന തീവ്രവലതുപക്ഷ ജനകീയ ഭരണാധികാരികളില്‍ പ്രമുഖനാണ് എര്ദോഗന്. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീലിലെ മുന്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോ തുടങ്ങി എര്‍ദോഗനുമായി താരതമ്യം ചെയ്യാവുന്ന ഭരണാധികാരികള്‍ക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ എര്‍ദോഗനും ആ വഴിക്കാണ് നീങ്ങുന്നതെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍, ഇസ്ലാമിക ദേശീയത ആളിക്കത്തിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ എല്ലാ അടവും എര്ദോഗന് പുറത്തെടുക്കും-അതാണ് രണ്ടാം റൗണ്ടിലും കാണുന്നതും.
ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. ‘ടേബിള്‍ ഓഫ് സിക്സ്’ എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് സിഎച്ച്പിയാണ്.
എര്‍ദോഗന്റെ ജസ്റ്റീസ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി)യില്‍നിന്നും ഭിന്നിച്ചുവന്ന രണ്ട് ചെറുകക്ഷികള്‍, ദേശീയ വാദികളായ ഗുഡ് പാര്‍ട്ടി തുടങ്ങിയ കക്ഷികളാണ് ഈ സഖ്യത്തിലുള്ളത്. അതിനും പുറമെ രാജ്യത്തെ മൂന്നാമത്തെ കക്ഷിയും പുരോഗമനവാദികളുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ ഐക്യം പൂര്‍ണമാണെന്ന് പറയാനാവില്ല. ഇടതുപക്ഷം ഗ്രീന്‍ ലെഫ്റ്റ് പാര്‍ട്ടി ലേബലിലാണ് മത്സരിക്കുന്നത്.
ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ തുര്‍ക്കി. അഭിഭാഷകര്‍, പൗരപ്രമുഖര്‍ തുടങ്ങി നൂറ്റമ്പതോളംപേരെ അടുത്തിടെയാണ് ജയിലില്‍ അടച്ചത്. 2016ലെ അട്ടിമറിശ്രമം കരുവാക്കി നിയമഭേദഗതിയിലൂടെ എല്ലാ അധികാരവും പ്രസിഡന്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഉക്രയ്ന്, സിറിയന്‍ യുദ്ധത്തിലുള്ള തുര്‍ക്കിയയുടെ പങ്കാളിത്തം സമ്പദ്വ്യവസ്ഥയെ ഉലച്ചു. വന്‍ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വേള പണപ്പെരുപ്പം 85 ശതമാനം വരെ ഉയര്‍ന്നു. തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഫെബ്രുവരിയില്‍ ഉണ്ടായ ഭൂകമ്പം സ്ഥിതി രൂക്ഷമാക്കി. പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എര്ദോഗന് തയാറായില്ലെന്ന വിമര്‍ശം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: