ചേര്‍ത്തല: കയര്‍ തൊഴിലാളിയുടെ ആത്മഹത്യ, കയര്‍മേഖലയെ അവഗണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാക്കള്‍. കയര്‍ഫാക്ടറിയില്‍ നാളുകളായി തൊഴിലില്ലാത്തതില്‍ മനംനൊന്താണ് കടക്കരപ്പള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മുരിങ്ങവെളി എം.കെ. ശശി(68) കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി സിപിഐ നേതാക്കള്‍ രംഗത്തെത്തിയത്.
ആയിരങ്ങള്‍ക്ക് ജീവനോപാധി നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെ നിസംഗമായിരിക്കാന് ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ കഴിയുന്നുവെന്നാണ് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എന്‍.എസ്. ശിവപ്രസാദ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. കയറിനെയും കയര്‍ തൊഴിലാളികളെയും സര്‍ക്കാരും കയര്‍ വകുപ്പും പാടേ വിസ്മരിച്ചുവെന്നാണ് വിമര്‍ശം.
ആലപ്പുഴ ജില്ലയിലടക്കം പതിനായിരക്കണക്കിനആളുകള് തൊഴില്‍ ചെയ്തിരുന്ന മേഖല നാശത്തിലേക്ക് കൂപ്പുകുത്തി. സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണമില്ലായ്മയും വകുപ്പ് അധികാരികളുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് മേഖലയെ നാശത്തിലേക്ക് നയിക്കുന്നതിന് കാരണമായത്.
കയറിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന വയലാറില്‍ നിന്നടക്കം വ്യവസായം കുടിയിറക്കപ്പെട്ടു. ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമായിരുന്ന വ്യവസായത്തെ ആശയിച്ച് കഴിഞ്ഞിരുന്ന തൊഴിലാളി കുടുംബങ്ങളില്‍ ഭൂരിഭാഗവും തൊഴിലിനായി ഇതര മേഖലയെ ആണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. മേഖലയില്‍ തുടരുന്നവര്‍ കടക്കെണിയിലാണ്. അവശേഷിക്കുന്ന ചെറുകിട ഉല്‍പ്പാദകര്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വലയുകയാണ്. ചകിരിയുടെ വിലക്കയറ്റവും ലഭ്യത കുറവും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാത്തതുമാണ് ചെറുകിട ഉല്‍പ്പാദകരെയും തൊഴിലാളികളെയും മേഖലയില്‍ നിന്ന് അകറ്റുന്നത്.
സര്‍ക്കാരിന് ലഭിക്കുന്ന ഓര്‍ഡറുകള്‍ പോലും വന്‍കിട സ്ഥാപനങ്ങള്‍ക്ക് മറിച്ച് നല്‍കുകയാണ്. ചെറുകിട ഉല്‍പ്പാദകരുടെ സംരക്ഷണത്തിനായുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനവും ഇവര്‍ക്ക് ഗുണകരമാകുന്നില്ല. കയര്‍ കോര്‍പ്പറേഷനും കയര്‍ ഫെഡും അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം കയറ്റുമതിക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമായി മാറുന്നതായാണ് വിമര്‍ശനം. സര്‍ക്കാര്‍ അനുവദിക്കുന്ന സബ്സിഡി തുക വന്‍കിടക്കാര്‍ക്ക് വീതം വച്ച് നല്‍കുകയാണെന്നാണ് പരാതി. തൊഴിലാളി സംരക്ഷണത്തിന്റെ പേരില്‍ രൂപീകൃതമായിട്ടുള്ള യൂണിയനുകളും വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുന്നവരായി മാറി. നിരന്തരം ഇവരുണ്ടാക്കുന്ന തര്‍ക്കങ്ങളും സമര കോലാഹലങ്ങളും വ്യവസാത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: