തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ വിപുലീകരണത്തിനൊരുങ്ങുകയാണ് വാര്‍ത്ത ചാനലായ എന്‍ഡിടിവി. മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രദേശിക ഭാഷകളിലായി എന്‍ഡിടിവി ഗ്രൂപ്പിനു കീഴില്‍ ഒരുങ്ങുന്നത് ഒമ്പത് വാര്‍ത്താ ചാനലുകളാണ്. നിലവില്‍, ഈ ഗ്രുപ്പിനു കീഴില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവി 24×7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇംഗ്ലീഷും ഹിന്ദിയും കൂടാതെ, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് വാര്‍ത്ത ചാനലുകള്‍ എത്തുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ (എംഐബി) നിന്ന് ഒമ്പത് വാര്‍ത്താ ചാനലുകള്‍ക്കായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഓഹരി ഉടമകള്‍ക്കായി നടത്തിയ മീറ്റിംഗില്‍ കമ്പനി അറിയിച്ചു. എംഐബിയില്‍ നിന്നുള്ള അംഗീകാരം ലഭിച്ചാല്‍ പ്രസ്തുത ചാനലുകളുടെ ലോഞ്ച് തീയതി അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ബഹുമുഖ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി എന്‍ഡിടിവി ചാനലിനെ ശക്തിപ്പെടുത്തുമെന്നും ഇതിനായി നിക്ഷേപങ്ങള്‍ നടത്തുമെന്നും എന്‍ഡിടിവിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്കിന്റെ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞിരുന്നു. 2022 ഡിസംബറിലാണ് എന്‍ഡിടിവി പ്രമോട്ടര്‍മാരായ രാധികാ റോയ്, പ്രണോയ് റോയ് എന്നിവരില്‍ നിന്ന് 602.2 കോടി രൂപയ്‌ക്ക് (ഒരു ഷെയറിന് 342.65 രൂപ) എന്‍ഡിടിവിയുടെ 27.26% ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക