ദുബായ്: ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ രാജ്യങ്ങളിലൊന്നാണ് യുഎഇ. അത്രമാത്രം യുഎഇ വികസിച്ചിരിക്കുന്നു. വികസനത്തിൽ എടുത്ത് പറയേണ്ടത് ഇവിടെ വിപൂലീകരിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയെപ്പറ്റിയാണ്. ആഗോള തലത്തിൽ ടൂറിസത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇപ്പോഴിതാ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പത്ത് ശതമാനത്തോളം ടൂറിസം മേഖലയിൽനിന്നാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോവിഡിന് ശേഷം രാജ്യത്തിന്റെ ടൂറിസം മേഖല വികസനത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ സിഇഒ ജൂലിയ സിപ്സൺ സാക്ഷ്യപ്പെടുത്തുന്നു. ട്രാവൽ ആൻഡ് ടൂറിസം മേഖലയ്‌ക്ക് മാത്രമായി ഈ വർഷം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 180.6 ബില്യൺ ദിർഹം സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നേരത്തെ കോവിഡിന് മുൻപ് 2019 ൽ 183.4 ബില്യൺ ദിർഹമായിരുന്നു ടൂറിസം മേഖലയിൽ നിന്ന് രാജ്യത്തിന് ലഭിച്ചത്.
ഇപ്പോൾ മഹാമാരിക്ക് ശേഷമുള്ള നാളുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുമായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ദുബായ്, അബുദാബി സന്ദർശിക്കാനായിട്ടെത്തുന്നത്. ഇത് ടൂറിസം മേഖലയ്‌ക്ക് മുതൽക്കൂട്ടാക്കുന്നുവെന്ന് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ അറിയിച്ചു. പ്രധാനമായും യുഎഇയുടെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് ടൂറിസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ഇതിനോടകം പ്രവർത്തന സജ്ജമായത്. ഇതെല്ലാം ജനങ്ങളെ യുഎഇയെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ ഈ വർഷം മാത്രം ടൂറിസം മേഖലയിൽ 7000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ആകമാനം 758000 പേർ ഈ മേഖലയിൽ പണിയെടുക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. കൂടാതെ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ മേഖലയിൽ രാജ്യത്തുടനീളം 872,000-ലധികം ആളുകൾ തൊഴിലിൽ ഏർപ്പെടുമെന്നും, ഇത് എല്ലാ തൊഴിലുകളുടെയും ഏകദേശം 12 ശതമാനത്തെ പ്രതിനിധീകരിക്കുമെന്നും കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നു.
യുഎഇയിൽ കോവിഡിന് ശേഷം ഏറ്റവും വേഗത്തിൽ തിരിച്ചു വരവ് നടത്തിയ മേഖല ടൂറിസം ആണ്. ഇതിന്റെ ഫലമെന്നോണം 2022 ൽ മാത്രം 66 ദശലക്ഷം പേരാണ് ദുബായ് എയർപോർട്ടിൽ വന്നു പോയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായിയിൽ ഈ വർഷം 78 ദശലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ 2022-ൽ യുഎഇ വൻ തോതിലുള്ള അന്താരാഷ്‌ട്ര യാത്രക്കാരുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഇന്ത്യ, ഒമാൻ, സൗദി അറേബ്യ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ എത്തിയത്. ഈ കണക്കുകൾ എല്ലാം തന്നെ അന്താരാഷ്‌ട്ര യാത്രക്കാർക്കിടയിൽ യുഎഇയുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: