ന്യൂദല്‍ഹി : ഏറെ ചര്‍ച്ചകള്‍ക്കും അനുനയ നീക്കങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന് ഡി.കെ. സമ്മതംമൂളി. ടേം അനുസരിച്ച് മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യാനാണ് തീരുമാനം. ഇതുപ്രകാരം ആദ്യം സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയും ആകും. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇക്കാര്യം ഇന്ന് ഔദ്യോഗീകമായി പ്രഖ്യാപിക്കും.
നിലവില്‍ മെയ് 20നാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകണത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് ബെംഗളൂരുവില്‍ ചേരുന്നയോഗത്തില്‍ സിദ്ധരാമയ്യയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. വകുപ്പ് വിഭജനം സംബന്ധിച്ചും യോഗത്തില്‍ തന്നെ തീരുമാനം എടുത്തേക്കും.
മന്ത്രിസഭയില്‍ ഡികെയ്‌ക്ക് പ്രാതിനിധ്യം കൂടുതല്‍ നല്‍കുന്നതിനായി ആഭ്യന്തരം ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. രണ്ട് വര്‍ഷത്തിന് ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദവും നല്‍കും. ഒപ്പം കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനവും ഡികെ തന്നെ വഹിക്കും.
ഇതുവരെ മുഖ്യമന്ത്രി പദത്തില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു ഡികെയുടെ നിലപാട്. ഇതിനെ തുടര്‍ന്ന് രാഹുല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവര്‍ നിരന്തരം ചര്‍ച്ച നടത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല. അതിനിടെ ചര്‍ച്ചകളില്‍ സമവായം ആകുന്നതിന് മുന്നേ തന്നെ ബെംഗളൂരുവില്‍ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: