Categories: Main Article

അര്‍മാദിക്കുമ്പോള്‍ ഓര്‍ക്കണം ഇത് കേന്ദ്ര ഫണ്ടാണെന്ന്

കേരളത്തിലെ ദേശീയ പാതകളുടെ വികസന സാക്ഷാത്കാരത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. 1,34,729 കോടി രൂപ ചെലവില്‍ 1,924 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 39 ദേശീയ പാത ഇടനാഴികളാണ് എന്‍എച്ച്എഐ ഏറ്റെടുത്തത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന 56,910.86 കോടി രൂപയുടെ നിരവധി പദ്ധതികളോടെ കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തില്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സ്തംഭനാവസ്ഥ അവസാനിക്കും. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 21 പദ്ധതികളിലൂടെ സംസ്ഥാനത്തുടനീളമുള്ള 589 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യമിടുന്നത്, അതേസമയം മറ്റൊരു എന്‍എച്ച് പാക്കേജിന് കീഴിലുള്ള 880 കിലോമീറ്ററിന് 67,310.67 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.

കെ.കുഞ്ഞിക്കണ്ണന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രചാരണ കോലാഹലങ്ങള്‍ തകൃതിയായി നടക്കുകയാണ്. അതിലൊന്ന് ഇന്നലെ ദേശാഭിമാനിയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ”പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാനത്ത് ദേശീയ, മലയോര, തീരദേശ ഹൈവേകളുടെ നിര്‍മ്മാണം അതിവേഗം മുന്നേറുകയാണ്. 2025ല്‍ കാസര്‍ഗോഡ്-തിരുവനന്തപുരം ദേശീയപാത പൂര്‍ത്തിയാകും. ദേശീയ പാതയ്‌ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത് കേരളമാണ്. ദേശീയപാത 66ന്റെ സ്ഥലം ഏറ്റെടുപ്പിന്റെ 25 ശതമാനം തുകയും വഹിച്ചത് സംസ്ഥാന സര്‍ക്കാരാണ്. 5580.736 കോടി”. അതേ ഉള്ളൂ. ബാക്കി രണ്ട് ലക്ഷത്തോളം കോടി രൂപ കേന്ദ്ര സര്‍ക്കാരിന്റേതാണ്.

‘എജ്ജാതി യാത്ര, പറപറക്കും യാത്ര, ഇവിടത്തെ റോഡാണ് റോഡ്, നീണ്ട് നിവര്‍ന്ന് പേരാമ്പ്ര, അഴകായി അരിക്കൊമ്പന്‍ വഴി’, എന്നീ ഉപതലക്കെട്ടോടെ നല്ലവഴിനാട് എന്ന പേരിലിറക്കിയ പ്രചാരണം ഒരു എട്ടുകാലി മമ്മൂഞ്ഞ് ചമയലല്ലെ എന്ന സംശയം ബാക്കി. ഇങ്ങിനെ അര്‍മാദിക്കുമ്പോള്‍ ആലോചിക്കാമായിരുന്നു ഇത് കേന്ദ്രത്തിന്റെ ഫണ്ടുകൊണ്ടാണെന്ന്.

കേരളത്തിലെ ദേശീയ പാതകളുടെ വികസന സാക്ഷാത്കാരത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. 1,34,729 കോടി രൂപ ചെലവില്‍ 1,924 കിലോമീറ്റര്‍ ഉള്‍ക്കൊള്ളുന്ന 39 ദേശീയ പാത ഇടനാഴികളാണ് എന്‍എച്ച്എഐ ഏറ്റെടുത്തത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന 56,910.86 കോടി രൂപയുടെ നിരവധി പദ്ധതികളോടെ കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തില്‍ ഏകദേശം രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സ്തംഭനാവസ്ഥ അവസാനിക്കും. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 21 പദ്ധതികളിലൂടെ സംസ്ഥാനത്തുടനീളമുള്ള 589 കിലോമീറ്റര്‍ ദൂരമാണ് ലക്ഷ്യമിടുന്നത്, അതേസമയം മറ്റൊരു എന്‍എച്ച് പാക്കേജിന് കീഴിലുള്ള 880 കിലോമീറ്ററിന് 67,310.67 കോടി രൂപയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.  

സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍, തിരുവനന്തപുരം-കാസര്‍ഗോഡ് എന്‍എച്ച്66, 2025 പകുതിയോടെ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്‍എച്ച്66ന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ ചെലവിന്റെ 25ശതമാനം വിഹിതമായി 5,580 കോടി രൂപ കേരളം ഇതിനകം കൈമാറിയിട്ടുണ്ട്. എന്‍എച്ച്66 വികസനത്തിന് ആവശ്യമായ 1076.64 ഹെക്ടര്‍ ഭൂമിയില്‍ 988.09 ഹെക്ടര്‍ (91.77%) ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിലെ 1,732 കിലോമീറ്റര്‍ എന്‍എച്ച് ഇടനാഴികളില്‍ 1,184 കിലോമീറ്ററും എന്‍എച്ച്എഐയുടെ ഉടമസ്ഥതയിലാണ്.

2022 അവസാനം സംസ്ഥാനത്ത് 45,536 കോടിയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുന്ന ചടങ്ങിലായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റര്‍ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നുപോകും. 87,224 കോടിയാണ് ഇതിന്റെ ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവേയായ അരൂര്‍ തുറവൂര്‍ ഹൈവേയും ഇതില്‍ ഉള്‍പ്പെടും, ദേശീയപാതയ്‌ക്കായി സര്‍ക്കാര്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കുക, കമ്പിക്കും സിമന്റിനുമുള്ള സംസ്ഥാന  ജിഎസ്ടി ഒഴിവാക്കുകയും ചെയ്താല്‍, കേരളത്തില്‍ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡ് നിര്‍മ്മിച്ച്  അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം എന്ന് നിതിന്‍ ഗഡ്കരി ഓര്‍മിപ്പിച്ചു.  

സാമ്പത്തിക ഇടനാഴികള്‍

1) തൂത്തുക്കുടി കൊച്ചി, ആകെ ദൂരം  443 കിലോമീറ്റര്‍, സംസ്ഥാനത്ത് 166 കി.മി, പദ്ധതിച്ചെലവ്  20,000 കോടി

2) മുംബൈ കന്യാകുമാരി, ആകെ ദൂരം: 1619 കി.മി, സംസ്ഥാനത്ത്: 644 കി.മി, പദ്ധതിച്ചെലവ്: 61,060 കോടി

3) ബംഗളൂരു മലപ്പുറം. ആകെ ദൂരം: 323 കി.മി,സംസ്ഥാനത്ത്: 72 കി.മി, പദ്ധതിച്ചെലവ്: 7134 കോടി

വാണിജ്യ ഇടനാഴികള്‍ആകെ ദൂരം: 2385 കി.മി, സംസ്ഥാനത്ത്: 919 കി.മി, ആകെ തുക: 87,224 കോടി

സംസ്ഥാന പാതകള്‍,റെയില്‍വേ ബ്രിഡ്ജുകള്‍,പാലങ്ങളുടെ നവീകരണം, ചെലവിടുന്ന തുക: 400 കോടി

18 ബൈപ്പാസുകള്‍ആകെ ദൂരം: ആകെ ദൂരം: 164 കി.മി, അടങ്കല്‍തുക : 15,000 കോടി

31 ഇടനാഴികള്‍ (നിലവിലുള്ള റോഡുകളുടെ വികസനം) ആകെ ദൂരം: 1544 കി.മി, അടങ്കല്‍തുക: 80,000 കോടി

ആലപ്പുഴയിലെ അരൂര്‍തുറവൂര്‍ ഇടനാഴി  പോലെയുള്ള ചില പ്രദേശങ്ങളില്‍ എലിവേറ്റഡ് എന്‍എച്ച് നിര്‍മ്മിക്കും, 13 കിലോമീറ്റര്‍ നീളമുള്ള ഈ മേല്‍പ്പാലം രാജ്യത്തെ ഏറ്റവും നീളമേറിയ 6 വരി മേല്‍പ്പാലമാണ്. കൊച്ചിയിലെ 16 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടപ്പള്ളി-അരൂര്‍ എന്‍എച്ച് ബൈപാസില്‍ സമാനമായ എലിവേറ്റഡ് എന്‍എച്ച് പരിഗണനയിലാണ്. വര്‍ധിച്ച ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ ആറുവരിപ്പാതയാക്കി വികസിപ്പിക്കും. 1975 ല്‍ അംഗീകാരം ലഭിച്ച കൊല്ലം ബൈപാസ് ഏതാണ്ട് 50 വര്‍ഷത്തോളം മുടങ്ങി കിടന്ന ശേഷം മോദി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് ശാപമോക്ഷം ലഭിച്ചത്.  

ഹൈവേ വികസന പാതയില്‍ കേരളം

പ്രധാന ഹൈവേകള്‍: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിര്‍മ്മാണത്തിലിരിക്കുന്നതും അംഗീകരിച്ചിട്ടുള്ളതുമായ പാതകള്‍.

1.  വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് എന്‍എച്ച്866, 65കിമി ആദ്യ റീച്ച്1478 കോടി,രണ്ടാം റീച്ച്1489 കോടി(ഭാരത്മാല പരിയോജന പദ്ധതി)

2.  പാലക്കാട് കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് എന്‍എച്ച്966, 121കി.മി, 7937.96കോടി രൂപ ചെലവ്, എന്‍എച്ച് 544 നെയും എന്‍എച്ച് 66 നെയും തമ്മില്‍ ബന്ധിപ്പിയ്‌ക്കുന്നു.(ഭാരത്മാല പരിയോജന പദ്ധതി)

3.  കിളിമാനൂര്‍  അങ്കമാലി ഗ്രീന്‍ ഫീല്‍ഡ്(6 ജില്ലകള്‍, 13 താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്നു)

4.  കൊല്ലം  ചെങ്കോട്ട ഗ്രീന്‍ ഫീല്‍ഡ് 2800 കോടി(ഭാരത്മാല പദ്ധതി)

5.  വടക്കാഞ്ചേരി വാളയാര്‍ 53 കിമി ആറുവരിപ്പാത വികസനം

6.  വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മൈസൂര്‍ മലപ്പുറം ഹൈവേ, 72കി.മി.

7.  കൊല്ലം, ചിന്നക്കട, കൊട്ടാരക്കര, പുനലൂര്‍, ആര്യങ്കാവ്, തെങ്കാശി, മധുര വരെ നീളുന്ന എന്‍എച്ച്744 നാഷണല്‍ ഹൈവേ,

8.  കൊല്ലം ബൈപാസ്, ഇത് എന്‍എച്ച്66, എന്‍എച്ച്183, എന്‍എച്ച് 744 തുടങ്ങി 3 പ്രധാന ദേശീയ പാതകളെ ബന്ധിപ്പിക്കുന്നു. 213 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ട് ദേശീയ പാതകള്‍

9.  അടിമാലി, ചെറുതോണി, കട്ടപ്പന, കുമളി, എന്നിവയിലൂടെ കടന്നുപോകുന്ന എന്‍എച്ച് 185

10.  കൊല്ലം, കോട്ടയം, മുണ്ടക്കയം, കുമളി, ഡിണ്ടിഗല്‍ വഴിയുള്ള ഗതാഗതം സാധ്യമാക്കുന്നതും ശബരിമല തീര്‍ത്ഥാടകര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നതുമായ എന്‍എച്ച്183എ

11. കൊച്ചിമൂന്നാര്‍മധുര ഹൈവേ എന്‍എച്ച് 85

12. എന്‍എച്ച്44 സേലം, പാലക്കാട്, കൊച്ചി ഹൈവേ

13. കാസര്‍കോട് നീലേശ്വരം  ചെങ്കള(1800 കോടി രൂപ)

14. തളിപ്പറമ്പ് മുഴപ്പിലങ്ങാട്

15. കോഴിക്കോട് ജില്ലയിലെ മൂരാട്, പാലോളി പാലങ്ങള്‍ (68 കോടി രൂപ)

16. അഴിയൂര്‍-വെങ്ങളം (1382 കോടി രൂപ)

17. വെങ്ങളം-രാമനാട്ടുകര ബൈപാസ് (1853 കോടി രൂപ)

18. ഊരമനാട്ടുകര-വളാഞ്ചേരി (1945 കോടി രൂപ)

19. വളാഞ്ചേരി-കാപ്പിരിക്കാട് (1705 കോടി രൂപ)

20. തളിക്കുളം-കൊടുങ്ങല്ലൂര്‍ (1231 കോടി രൂപ)

21. കൊല്ലം-ബൈപാസ് കടമ്പാട്ടുകോണം (1282 കോടി രൂപ)

ദേശീയപാത 544ല്‍ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കും തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു തുരങ്കമാണ് കുതിരാന്‍ തുരങ്കം. കുതിരാന്‍ മലയെ തുരന്നുകൊണ്ടുള്ള ഇതിനു മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 920 മീറ്ററാണ് നീളം. 2021 ജൂലൈ 31ന് ട്വിറ്ററിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ കുതിരാന്‍ തുരങ്കം കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരി നാടിനു സമര്‍പ്പിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക