കൊല്ലം: ഉളിയകോവില്‍ ക്ഷേത്രത്തിനു പിന്നിലുള്ള ഗവ. മെഡിക്കല്‍ മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. മരുന്നുകളും ഇരു ചക്രവാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് തീപ്പിടിച്ചത്. ഈ സമയം ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഉണ്ടായത്. തീപടരുന്നത് കണ്ടതോടെ ഇയാള്‍ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.
മിനിട്ടുകള്‍ക്കുള്ളില്‍ ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നും അഗ്നിശമന സേനയൂണിറ്റുകള്‍ എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. ഇടയ്ക്കിടെ സ്ഫോടന ശബ്ദവും ഉണ്ടായി. ജില്ലയിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി ഇരുപതോളം യുണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി രാത്രി വൈകിയും തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ആളിപ്പടരുന്നതിനാല്‍ ഗോഡൗണിനുള്ളിലേക്ക് കയറി തീ അണയ്ക്കാന്‍ സാധിക്കാത്തതാണ് വെല്ലുവിളി. സമീപത്തെ വീടുകളിലുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കെമിക്കലുകളടകമുള്ള മരുന്നുകള്‍ കത്തിയതിനാല്‍ പ്രദേശത്ത് കനത്ത പുകയും രൂക്ഷഗന്ധമുയര്ന്നു. നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.
പ്രദേശത്ത് പുക പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്ത് ഉണ്ടായിരുന്നവരെ മാറ്റി. ഗോഡൗണിന് സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടങ്ങള്‍ കണക്കാക്കുന്നു. കൊല്ലം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ സ്ഥലത്തെത്തി രക്ഷാപ്രപ്രവര്ത്തനങ്ങള്ക്ക് മേല്‍നോട്ടം നല്കി.
സിറ്റി പോലീസ് കമ്മീഷണര്‍ മെറിന് ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഗോഡൗണിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിങ് പൗഡര്‍ ചൂടായി തീ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇവിടെ നിന്നാണ് മരുന്നുകള്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: