ന്യൂദല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തക നല്കിയ പീഡന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അസം പോലീസെടുത്ത കേസില്‍ ശ്രീനിവാസന് ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് ബി.ആര്. ഗവായ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും മെയ് 22ന് മുമ്പായി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ പത്തിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് ഏകദേശം രണ്ടു മാസത്തെ കാലതാമസം ഉണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ ഹര്ജിക്കാരന് ഇടക്കാല സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഡിവിഷന് ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ബി.വി. ശ്രീനിവാസന് തന്നെ ആറ്മാസമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. സംഭവം മുതിര്‍ന്ന നേതാക്കളോട് പറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. അതേസമയം പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ കോണ്‍ഗ്രസ് ഇവരെ ഇവരെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അപമാനിതനാക്കി, ചട്ട വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: