തൃശൂര്‍: ഭഗവദ്ഗീതയെ ജീവിതത്തിലെ പ്രശ്നങ്ങളോട് പോരാടാനുള്ള തത്വശാസ്ത്രമായി അവതരിപ്പിച്ച സ്വാമി ഭൂമാനന്ദ തീര്‍ത്ഥയ്ക്ക് നവതി. മെയ് 13 ശനിയാഴ്ച തൃശൂരിലെ വെങ്ങിണിശേരിയിലെ അയ്യുന്ന് പാണ്ഡവപുരത്തില്‍ നാരായണാശ്രമ തപോവനത്തില്‍ ചെറിയ ചടങ്ങുകളോടെ നവതി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി രാവിലെ ഭജന, ഗുരുവര്ച്ചന, പ്രസാദഊട്ട്, പ്രഭാഷണം എന്നിവ നടന്നു. തൃശൂരില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇദ്ദേഹത്തിന്റെ വെങ്ങിണിശ്ശേരിയിലെ നാരായണതപോവനാശ്രമം.
1966ല്‍ 32ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് ആറ് ദശകമായി ആത്മീയജ്ഞാനം പകര്‍ന്ന് ലക്ഷക്കണക്കിന് അനുയായികള്‍ക്ക് വെളിച്ചം പകര്‍ന്ന മഹാത്മാവാണ് സ്വാമി. നിത്യജീവിതത്തില്‍ ഉപകാരപ്രദമാവുന്ന വിധം സാധാരണക്കാര്‍ക്ക് ഭഗവദ്ഗീതയും ഭാഗവതവും ഉപനിഷദ് തത്വങ്ങളും വേദങ്ങളും ലളിതമായി വിശദീകരിക്കുന്ന സ്വാമിയുടെ രീതിയ്ക്ക് ഏറെ കേള്‍വിക്കാറുണ്ട്.
ഗുരുസങ്കല്പത്തെ ഏറെ വിലമതിക്കുന്ന ആളാണ് സ്വാമി. ഒരു തീയില്‍ നിന്നും മാത്രമേ മറ്റൊരിടത്തേക്ക് തീ പകരാനാവൂ എന്ന് സ്വാമി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ജ്ഞാനം കൊണ്ട് ജീവിക്കുന്ന ഒരാളില്‍ നിന്നു മാത്രമേ ആത്മജ്ഞാനം ലഭിയ്ക്കൂ എന്നും സ്വാമി പറയുന്നു. ഓരോരുത്തരുടെയും മനസ്സിനും ബുദ്ധിയ്ക്കും അപാരമായ സാധ്യത ഒളിഞ്ഞുകിടപ്പുണ്ടെന്നും ഈ സത്യം മനസ്സിലാക്കി ജീവിതത്തെ സമ്പുഷ്ടമാക്കി, ആത്മജ്ഞാനവും പരമാനന്ദവും അനുഭവിയ്ക്കണമെന്നതും സ്വാമി പറയുന്ന തത്വം.
സഹോദരന്മാരും സന്യാസിമാര്‍
1933ല്‍ വടക്കാഞ്ചേരിയിലെ പാര്‍ളിക്കാടില്‍ ജനിച്ചു. തന്റെ രണ്ട് സഹോദരങ്ങളോടൊപ്പം ഇദ്ദേഹം പാര്‍ളിക്കാട് വ്യാസ കോളെജ് ആരംഭിച്ചു. കൊല്‍ക്കത്തയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ബാബ ഗംഗാധര പരമഹംസയെ കണ്ടുമുട്ടിയ ശേഷം അദ്ദേഹത്തെ ഗുരുവായി വരിച്ച് പൂര്‍ണ്ണമായും ആത്മീയതയില്‍ ആഴ്ന്നു.
പ്രളയകാലത്തും കോവിഡ് കാലത്തും ആയിരക്കണക്കിന് പേര്‍ക്കാണ് സ്വാമിയുടെ നേതൃത്വത്തില്‍ ഭൂമാനന്ദ ഫൗണ്ടേഷന് ആശ്രമത്തില്‍ നിന്നും സഹായംനല്‍കിയത്. സൗജന്യമായി 24 വീടുകള്‍ വെച്ചുനല്കുന്നതില് 16 എണ്ണം കൈമാറി. കഴിഞ്ഞ രണ്ട് ദശാബ്ദമായി വടക്കാഞ്ചേരിയിലെ നൈമിഷാരണ്യത്തില്‍ ജ്ഞാനസത്രം വിജയകരമായി നടക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഭാഗവതസത്രത്തില്‍ ലക്ഷത്തില്‍ അധികം പേരാണ് എത്തുക. ഒരു കോടി രൂപയാണ് ഇതിനായി ഓരോ വര്‍ഷവും ചെലവിടുന്നത്. ഇദ്ദേഹത്തിന്റെ ജ്ഞാനയജ്ഞ പരിപാടി 1975 മുതല്‍ ജാംഷെഡ് പൂരിലും തുടര്‍ച്ചയായി നടക്കുന്നു. നിലയ്ക്കല്‍ പ്രക്ഷോഭം, കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ടിനും എളവൂര്‍ തൂക്കത്തിനും എതിരായ സമരം എന്നിവയില്‍ പങ്കെടുത്തിരുന്നു.
അഞ്ച് വര്‍ഷത്തിലേറെയായി പൂട്ടിക്കിടന്ന പാങ്ങാവ് ശിവക്ഷേത്രം സ്വാമി നടത്തിയ തീവ്രമോചന യജ്ഞത്തിന് ശേഷമാണ് 1986ല്‍ തുറന്നത്. മണല്‍മാഫിയയ്ക്കെതിരെ സ്വാമി നടത്തിയ സമരം ജീവന്‍പണയം വെച്ചുള്ള പോരാട്ടമായിരുന്നു. അതോടെ തൃശൂരിലെ വെങ്ങിണിശ്ശേരിയിലെ അയ്യുന്ന് എന്ന് അറിയപ്പെടുന്ന കുന്നുകള്‍ ഇന്നും കുന്നുകളായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: