തൃശൂര്‍: ക്ഷേത്രമുറ്റത്ത് ഓടിക്കളിച്ച് വളര്‍ന്ന ആ പെണ്‍കുട്ടി ഇനി അതേക്ഷേത്രത്തിലെ പൂജാകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. തൃശൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രക്കാളി ക്ഷേത്രത്തിലാണ് ദേവിക്ക് പൂജ ചെയ്യുന്ന ആ പെണ്‍കുട്ടി. ജ്യോത്സന പദ്മനാഭന്‍ എന്ന പെണ്‍കുട്ടിയാണ് കേരളത്തിലെ ആദ്യ വനിതാ തന്ത്രിയായി മാറിയത്. താന്ത്രിക വിദ്യ പഠിച്ച് പൂജാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന കേരളത്തിലെ ആദ്യ പെണ്‍കുട്ടിയാണ് ജ്യോത്സന. പൂജാരിയായ അഛന്‍ പത്മനാഭനാണ് ഗുരു. കര്‍മങ്ങളോട് ചെറുപ്പത്തിലേ തോന്നിയ താല്‍പര്യമാണ് മകളെ പത്മനാഭന്‍ താന്ത്രിക വിദ്യകള്‍ പഠിപ്പിച്ചത്. 2010 ലായിരുന്നു ആദ്യപൂജ. പിന്നീടങ്ങോട്ട് പത്മനാഭന് കൂട്ടായി ക്ഷേത്രത്തിലെത്തി തുടങ്ങി. അമ്മ അര്‍ച്ചനയും സഹായത്തിന് ഒപ്പമെത്തും. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലയിലേക്ക് കടന്ന് വന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ജ്യോത്സന പറഞ്ഞു.
11 വര്‍ഷം മുമ്പ് കാട്ടൂര്‍ പൈങ്കണ്ണിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ മൂലബിംബപ്രതിഷ്ഠ നടത്തിയപ്പോഴും ജ്യോത്സ്‌ന പദ്മനാഭന്‍ പിതാവിനൊപ്പം പൂജാകര്‍മങ്ങളില്‍ സജീവമായിരുന്നു. 2010 മെയ് 23ന് കാട്ടൂര്‍ പൈങ്കണിക്കാവ് ക്ഷേത്രത്തിലെ ഉപദേവതയായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുമ്പോള്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ജ്യോത്സന. പൈങ്കണ്ണിക്കാവ് ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പദ്മനാഭന്‍ നമ്പൂതിരിയുടെയും അര്‍ച്ചന അന്തര്‍ജനത്തിന്റെയും രണ്ട് മക്കളില്‍ മൂത്തയാളാണ് ജ്യോത്സ്‌ന. അനുജന്‍ ശ്രീശങ്കരന്‍ തന്ത്രശാസ്ത്രത്തില്‍ ഉപരിപഠനം നടത്തുന്നു. കേരളത്തിലെ താന്ത്രികാചാര്യന്‍മാരില്‍ അദ്വിതീയനായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം തന്ത്രി പദ്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ അരുമശിഷ്യയാണ്. പുറത്തുപോയി പഠിക്കാനുള്ള ആഗ്രഹത്തെത്തുടര്‍ന്ന് കാഞ്ചീവരം ചന്ദ്രശേഖരേന്ദ്ര സരസ്വതി വിശ്വമഹാവിദ്യാലയ സര്‍വകലാശാലയിലാണ് ബിരുദാനന്തര ബിരുദപഠനത്തിന് ജ്യോത്സന ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: