ന്യൂദല്‍ഹി: ഗ്രാമങ്ങളിലെ 12 കോടി കുടുംബങ്ങള്‍ക്ക് കുടിവെളളവിതരണം നല്‍കുന്നതിന്റെ മറ്റൊരു നാഴികക്കല്ല് കൂടി ജല്‍ ജീവന്‍ ദൗത്യം കൈവരിച്ചു. 2024 ഓടെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെളളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2019 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദൗത്യം പ്രഖ്യാപിച്ചത്.
ദൗത്യം ആരംഭിക്കുമ്പോള്‍ ഗ്രാമങ്ങളിലെ മൂന്ന് കോടി 23 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പിലൂടെ വെളളം ലഭ്യമായിരുന്നുള്ളൂ.ഇതുവരെ അഞ്ച് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് ജല്‍ ശക്തി മന്ത്രാലയം അറിയിച്ചു. ഗോവ, തെലങ്കാന, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, പുതുച്ചേരി, ദാമന്‍ ദിയു, ദാദ്ര നഗര്‍ ഹവേലി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഈ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.
ഹിമാചല്‍ പ്രദേശ് പദ്ധതി 98.35 ശതമാനവും പൂര്‍ത്തീകരിച്ചു. ബിഹാര്‍ 96.05 ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഗ്രാമീണ ജനതയുടെ സാമൂഹ്യ -സാമ്പത്തിക ഉന്നമനത്തിനും ജല്‍ ജീവന്‍ ദൗത്യം കാരണമായിട്ടുണ്ട്. മുമ്പ് സ്ത്രീകളും പെണ്‍കുട്ടികളും വിദൂര പ്രദേശങ്ങളില്‍ നിന്ന് വെളളം ചുമന്ന് തങ്ങളുടെ വീടുകളില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ ഈ സമയം മറ്റ് വരുമാനം ലഭിക്കുന്നതും നൈപുണ്യം ആര്‍ജ്ജിക്കുന്നതുമായ കാര്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കാനാകുന്നു.
രാജ്യത്തെ ഒമ്പത് ലക്ഷത്തിലധികം സ്‌കൂളുകളിലും ഒമ്പത് ലക്ഷത്തി 39 ആയിരം അങ്കണവാടികളിലും കുടിവെളള വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അശ്രാന്ത പരിശ്രമം കാരണമായെന്ന് മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: