തിരുവനന്തപുരം: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലുള്ള നിയമത്തില്‍ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രജിസ്റ്റര്‍ ചെയ്ത (താല്‍ക്കാലിക രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള) മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍, രജിസ്റ്റര്‍ ചെയ്ത നേഴ്സുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരുന്നത്.
പുതുക്കിയ ഓര്‍ഡിനന്‍സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടും. ആരോഗ്യ രക്ഷാ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് െ്രെഡവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരും കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമാകും.
അക്രമപ്രവര്‍ത്തനം ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രചോദനം നല്‍കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാതെ 5 വര്‍ഷം വരെ തടവ് ശിക്ഷയും 50,000 രൂപയില്‍ കുറയാതെ 2 ലക്ഷം രൂപ വരെ പിഴ ശിക്ഷയും ലഭിക്കും.ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകനെ കഠിനമായ ദേഹോപദ്രവത്തിന് വിധേയനാക്കുകയാണെങ്കില്‍ 1 വര്‍ഷത്തില്‍ കുറയാതെ 7 വര്‍ഷം വരെ തടവ് ശിക്ഷയും 1 ലക്ഷം രൂപയില്‍ കുറയാതെ 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആക്ടിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഓഫീസര്‍ അന്വേഷിക്കും. കേസന്വേഷണം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്ന തീയതി മുതല്‍ 60 ദിവസത്തിനകം പൂര്‍ത്തീകരിക്കും. വിചാരണാനടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സത്വര വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു കോടതിയെ സ്പെഷ്യല്‍ കോടതിയായി നിയോഗിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആക്ട് ഭേദഗതി ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിടുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് രോഗിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന ഉന്നതതല യോഗമാണ് ആക്ട് ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സര്‍വകലാശാലകളുടെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയെ കരട് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: