Categories: Technology

സുജ ചാണ്ടി സഫിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍

തിരുവനന്തപുരത്തും ചെന്നൈയിലും ഓഫീസുള്ള സഫിന് ഇന്ത്യയില്‍ 300-ലധികം ജീവനക്കാര്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 600-ലേറെ ജീവനക്കാരാണുള്ളത്.

Published by

തിരുവനന്തപുരം: നിസ്സാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സുജ ചാണ്ടിയെ ബാങ്കുകള്‍ക്കും ഉപഭോക്തൃ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും സോഫ്റ്റ് വെയര്‍ അധിഷ്ഠിത പരിഹാരങ്ങള്‍ നല്‍കുന്ന മുന്‍നിര ആഗോള കമ്പനിയായ സഫിന്റെ (https://zafin.com) ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായ സഫിന്റെ ഇന്ത്യന്‍ മേഖലയിലെ വളര്‍ച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് നിയമനം. തിരുവനന്തപുരത്തു നിന്നാണ് സുജ ചാണ്ടി സഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

ഇന്ത്യയില്‍ സഫിന്റെ ബ്രാന്‍ഡ് സാന്നിധ്യവും വളര്‍ച്ചയും ത്വരിതപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക സേവനങ്ങളുമായും സാങ്കേതിക മേഖലയുമായും പങ്കാളിത്തം രൂപീകരിക്കുകയും മികച്ച നൈപുണ്യമുള്ളവരെ ആകര്‍ഷിക്കുന്നതുമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല സുജ ചാണ്ടിക്കാണ്.

സഫിന്റെ ലക്ഷ്യങ്ങളും ദീര്‍ഘകാല വിജയവും പ്രാപ്തമാക്കുന്നതില്‍ ഇന്ത്യക്ക് പ്രധാന പങ്കുണ്ടെന്ന് സഫിന്‍ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനുഗോപാല്‍ വേണുഗോപാലന്‍ പറഞ്ഞു. സുജ ചാണ്ടിയുടെ മികച്ച നേതൃപാടവവും ട്രാക്ക് റെക്കോര്‍ഡും സഫിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യും. കമ്പനിയുടെ മുന്‍ഗണനകള്‍ പരിഗണിച്ച് മികച്ച മുന്നേറ്റം നടത്താനും സാമ്പത്തിക, ബാങ്കിംഗ് മേഖലകളിലെ നവീകരണത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് എത്തിക്കാനുമായി സഫിനെ സുജ ചാണ്ടി ഇന്ത്യയില്‍ നയിക്കുമെന്നും അനുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യ എല്‍എല്‍പി, ഇന്‍വെസ്റ്റ് ഇന്ത്യ, കെപിഎംജി, പിഡബ്ല്യുസി, സിജിഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ആഗോളതലത്തില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള സുജ ചാണ്ടി അഡ്വൈസറി-ഓപ്പറേഷന്‍സ്-ഡെലിവറി മേഖലയില്‍ ദീര്‍ഘകാല അനുഭവസമ്പത്തുള്ളയാളാണ്.

തിരുവനന്തപുരത്തും ചെന്നൈയിലും ഓഫീസുള്ള സഫിന് ഇന്ത്യയില്‍ 300-ലധികം ജീവനക്കാര്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ 600-ലേറെ ജീവനക്കാരാണുള്ളത്. ബാങ്കുകളെ ശാക്തീകരിക്കുന്ന വ്യവസായ-സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ സൊല്യൂഷനുകളും മികച്ച ഉപഭോക്തൃ അനുഭവങ്ങളും നല്‍കുന്നതിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലും ലാഭം വര്‍ധിപ്പിക്കുന്നതിലുമാണ് സഫിന്‍ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by