ഉദുമ (കാസര്‍കോട്): ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്പെഷല്‍ ക്രൈം സ്ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമെന്ന് ആക്ഷേപം. സ്ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായതോടെ കവര്‍ച്ച ഉള്‍പ്പെടെയുള്ള പലകേസുകളിലും പ്രതികളെ പിടികൂടുന്നതിന് കാലതാമസം നേരിടുന്നു. ജില്ലയിലെ വിവിധ കേസുകളുടെ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ കണ്ടെത്താനുമാണ് സ്ക്വാഡ് രൂപീകരിച്ചത്. വിവിധ കേസുകളുടെ അന്വേഷണങ്ങളില്‍ മികവ് പുലര്‍ത്തുന്ന എസ്ഐ, എഎസ്ഐ, സീനിയര്‍ സിവില്‍ഓഫീസര്‍, സിവില്‍ ഓഫീസര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരുന്നു സ്ക്വാഡ് രൂപീകരിച്ചിരുന്നത്.
സ്ക്വാഡില്‍ അംഗങ്ങളാകുന്നവരില്‍ ഏറെയും ഇത്തരം കേസുകളില്‍ മികവ് തെളിയിച്ചവരാണ്. ജില്ലാ പോലീസ് മേധാവിയുടെയും സബ്ഡിവിഷനിലെ ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്പെഷ്യല്‍ ക്രൈം സ്ക്വാഡിലെ അംഗങ്ങളില്‍ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്ക്വാഡ് നിര്‍ജീവമായത്. മഞ്ചേശ്വരം, കുമ്പള എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും അടുത്തിടെയായി കവര്‍ച്ച നടന്നിരുന്നുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മീയപദവില് പോലീസിന് നേരെയുണ്ടായ അതിക്രമങ്ങളില്‍ പ്രധാന പ്രതിയെ ഇതുവരെ പിടികൂടാനായില്ല. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാലപൊട്ടിക്കുന്ന കേസുകളില്‍ തുമ്പുണ്ടാക്കാനോ ഒരുപ്രതിയെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നമ്പര്‍പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് കവര്‍ച്ചാ സംഘം എത്തുന്നത്. ഒറ്റയ്ക്കു നടന്നു പോകുന്ന സ്ത്രീകളുടെയും കടകളില്‍ ഉണ്ടാകുന്ന സ്ത്രീകളുടെയും മാലയാണ് പതിവായി സംഘം തട്ടിയെടുത്ത് രക്ഷപ്പെടുന്നത്.
ഇത്തരം കേസുകളില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ പ്രതികളെ പിടികൂടാനാകും. നിരീക്ഷണ ക്യാമറകള്‍ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താല്‍ മാത്രമെ പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. നിലവില്‍ റജിസ്റ്റര്‍ ചെയ്ത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രൈംകേസുകള്‍ അതത് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.സ്ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാരെ നിയമിച്ചാല്‍ അവിടത്തെ പ്രവര്‍ത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു. സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഒരേ കേസിന്റെ പിന്നാലെ പോകാന്‍ പോലീസുകാര്‍ക്കു സാധിക്കുന്നില്ല. ഇത്തരം കേസുകളുടെ അന്വേഷണം ക്രൈം സ്ക്വാഡുകള്‍ക്കു നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: