കുന്നംകുളം: കേന്ദ്രസര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കുന്നംകുളത്തെ സ്പോര്‍ട്സ് ഹബ്ബാക്കി മാറ്റുന്ന, ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ 7 കോടി രൂപ ചിലവഴിച്ച് നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനത്തിന് ഒരുങ്ങി. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോര്‍ട്സ് ടെക് എന്ന സ്ഥാപനമാണ് പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുന്നത്. ലൈന്‍ മാര്‍ക്കിങും കമ്പനിയാണ് നടത്തുന്നത്. ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 19 ന് രാവിലെ 9 മുതല്‍ പുല്‍മൈതാനിയില്‍ ഫുട്ബോള്‍ മത്സരം അരങ്ങേറും. ജനപ്രതിനിധികള്‍, കായികതാരങ്ങള്‍, വനിതകള്‍ എന്നിവരുടെ മത്സരങ്ങളാണ് അരങ്ങേറുക. തുടര്‍ന്ന് 11 മണിക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാന് സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്യും.
രമ്യ ഹരിദാസ് എംപി, എ.സി. മൊയ്തീന് എംഎല്‍എ എന്നിവര്‍ രക്ഷാധികാരികളും നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് സ്വാഗതസംഘം ചെയര്‍പേഴ്സനും സ്പോര്‍ട്സ് ആന്റ് യൂത്ത് ഡെ. ഡയറക്ടര്‍ സി. എസ്. രമേഷ് ജനറല്‍ കണ്‍വീനറുമായ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ഫുട്ബോള്‍ ഗ്രൗണ്ടിന് ചുറ്റുമാണ് 400 മീറ്റര്‍ നീളത്തിലുള്ള സിന്തറ്റിക് ട്രാക്ക് സജ്ജീകരിച്ചിട്ടുള്ളത്. ലൈന്‍ ട്രാക്കിന് പുറമേ ജമ്പിങ് പിറ്റ്, പവലിയന് എന്നിവയും ഡ്രസിങ്ങ് റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൗണ്ടില്‍ ദേശീയ അത്ലറ്റിക്സ് മത്സരങ്ങള്‍ നടത്താനാകുംവിധമാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: