കലവൂര്‍ : സിപിഐ, സിപിഎം ഭിന്നതയെ തുടര്‍ന്ന് കലവൂര്‍ സഹകരണ ബാങ്കില്‍ ഭരണം പ്രതിസന്ധിയില്‍, വെട്ടിലായത് ഇടപാടുകാര്‍. ബോര്‍ഡ് അംഗങ്ങള്‍ ചുമതലയേറ്റെങ്കിലും പ്രസിഡന്റിനെ ഇതുവരെ തമ്മിലടി കാരണം തെരഞ്ഞെടുക്കാനായിട്ടില്ല. വിവാഹം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കായി ബാങ്കിനെ ആശ്രയിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. വായ്പകള്‍ക്ക് അപേക്ഷിച്ചവരും ചിട്ടികള്‍ പിടിച്ചവരും നെട്ടോട്ടത്തിലാണ്.
പാസാക്കിയ വായ്പകളിലെയും ചിട്ടികളിലെയും ചെക്കില്‍ പ്രസിഡന്റ് ഒപ്പിട്ടാല്‍ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളു. ഇടപാട് നടക്കുന്ന പണം മാത്രമാണ് ഇപ്പോള്‍ ബാങ്കില്‍ ക്രയവിക്രയം നടക്കുന്നത്. വലിയ തുകകള്‍ കൈമാറ്റം ചെയ്യണമെങ്കില്‍ പ്രസിഡന്റ് വേണം. എന്നാല്‍ സിപിഎം, സിപിഐ ഭിന്നത കാരണം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാകുന്നില്ല. ഇടതുപാര്‍ട്ടികളുടെ അധികാര വടംവലി കാരണം കടുത്ത പ്രതിസന്ധിയിലാണ് അത്യാവശ്യക്കാരായ ഇടപാടുകാര്‍.
കഴിഞ്ഞ ഒന്നിനു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്കിയ സഹകരണ വികസനമുന്നണി ജയം നേടുകയും നിലവിലെ പ്രസിഡന്റ് വി.റ്റി. അജയകുമാറിനെ സിപിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫിലെ ധാരണപ്രകാരം സിപിഐയാണ് പ്രസിഡന്റ് സ്ഥാനം കയ്യാളിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനുശേഷം സിപിഎം. പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു. ഇതുമൂലം പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സാധിച്ചിട്ടില്ല. ഭരണ സമിതിയില്‍ ഭൂരിപക്ഷം അംഗങ്ങളും തങ്ങളുടേതായതിനാല്‍ പ്രസിഡന്റ് സ്ഥാനം കിട്ടണമെന്നാണ് സിപിഎം നിലപാട്. പുതിയ ഭരണ സമിതി വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നത്തിന് പരിഹാരം കാണാനാകാത്തതില്‍ വലയുന്നത് സഹകരണ ബാങ്കിനെ വിശ്വസിച്ച ഇടപാടുകാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: