കൊല്‍ക്കത്ത: ആംബുലന്‍സിന് നല്കാന് പണമില്ലാത്തതിനാല്‍ മകന്റെ മൃതദേഹവുമായി നാട്ടിലേക്ക് ബസില്‍ യാത്ര ചെയ്ത് ബംഗാള്‍ സ്വദേശി. ആംബുലന്‍സിന് വാടകയായി ചോദിച്ച 8,000 രൂപ നല്കാനില്ലാത്തതിനെത്തുടര്ന്നാണ് കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി ബസില്‍ 200 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവന്നതെന്ന് അഷിം ദേബ്ശര്‍മ്മ പറഞ്ഞു. സില്‍ഗുരിയില്‍ നിന്ന് കാളിയാഗഞ്ചിലെ വീട്ടിലേക്കാണ് മകന്റെ മൃതദേഹവുമായി അഷിം യാത്ര ചെയ്തത്.
കൂലിപ്പണി ചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. ഇരട്ടക്കുട്ടികളിലൊരാളുടെ ചികിത്സയ്ക്കായി 16,000 രൂപ ചെലവായി. സില്‍ഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജിലായിരുന്നു മകന്റെ ചികിത്സ. ശനിയാഴ്ച രാത്രി കുഞ്ഞ് മരിച്ചു. മകനെ വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ട 8,000 രൂപ നല്കാന് കൈയില്‍ ഉണ്ടായിരുന്നില്ല, അഷിം പറഞ്ഞു.
102 സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ രോഗികള്‍ക്ക് വേണ്ടിയാണ് സൗജന്യമായി പ്രവര്‍ത്തിക്കുന്നത്, മൃതദേഹങ്ങള്‍ക്കായല്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ തന്നോട് പറഞ്ഞു. ഇതോടെ മൃതദേഹം ബാഗിലാക്കി ബസില്‍ കയറുകയായിരുന്നു. മറ്റാരെങ്കിലും അറിഞ്ഞാല്‍ തന്നെ ബസില്‍ നിന്ന് ഇറക്കിവിടുമോയെന്ന് ഭയന്നുവെന്നും അഷിം വെളിപ്പെടുത്തി.
സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായി സുവേന്ദു അധികാരി രംഗത്തെത്തി. സര്‍ക്കാര്‍ പദ്ധതിയായ സ്വാസ്ഥ്യം സതിയുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്ന സംഭവമാണിതെന്ന് സുവേന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: