കൊച്ചി: കൊച്ചി പുറംകടലില്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വില 15,000 കോടിയല്ല, മറിച്ച് 25,000 കോടി രൂപയാണെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന് വിപണിയില്‍ കിട്ടുന്ന വില എത്രയാണെന്ന വിവരം എന്‍സിബി പുറത്തുവിട്ടത്. കൊച്ചിയില്‍ പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ഏറ്റവും പരിശുദ്ധമായ വെളുത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ളതിനാലാണ് ഇതിന് പൊള്ളുന്ന വില. അതുകൊണ്ടാണ് കണക്കുകൂട്ടിവന്നപ്പോള് ഇതിന്റെ വില 15,000 കോടിയില്‍ നിന്നും 25000 കോടിയായി ഉയര്‍ന്നത്.
എന്‍സിബിയും നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടിച്ചത്. രക്ഷപ്പെടാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ മയക്കമരുന്ന് നിറച്ച കപ്പല്‍ മുക്കാന്‍ ശ്രമിച്ച ശേഷം പ്രതികള്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരു ബോട്ട് പിന്തുടര്ന്നാണ് ഒരു പാകിസ്ഥാന് യുവാവിനെ പിടികൂടിയത്. മെത്താംഫിറ്റമിന്‍ എന്ന ലഹരിമരുന്നിന് തീവിലയാണ്. ആനന്ദവും ലഹരിയും ഒരുപോലെ പകരുന്ന മരുന്നാണ്. അതാണ് വിപണിയില്‍ ഇതിന് വലിയ ഡിമാന്റ്.
ഈ ലഹരിമരുന്ന് പാകിസ്ഥാനിലെ കുപ്രസിദ്ധനായ ഹാജി സലീമിന്റെതാണെന്നാണ് എന്‍സിബിയുടെ വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, മാലിദ്വീപ്, യുഎഇ തുടങ്ങി വിവിധ രാജ്യങ്ങളില്‍ എത്തിക്കുന്ന ഡ്രഗ് മാഫിയാത്തലവനാണ് ഹാജി സലിം. ഇദ്ദേഹത്തിന്റെ ശൃംഖല വളരെ വിപുലമാണ്. ദാവൂദ് ഇബ്രഹിമുമായിപ്പോലും അടുത്ത ബന്ധം പുലര്‍ത്തുന്ന ഹാജി സലിം ജമ്മു കശ്മീരിലേക്ക് ഭീകരരെ പറഞ്ഞയക്കുന്നതിലും ഏര്‍പ്പെടാറുണ്ട്. പാകിസ്ഥാന് ഇന്റലിജന്‍സ് ഏജന്സില ഐഎസ് ഐയുമായും ലഷ്കര്‍ ഇ ത്വയിബയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഭീകരനാണ് ഹാജി സലിം.
കപ്പലില്‍ നിന്നും പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി 23 മണിക്കൂറോളമെടുത്താണ് ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍സിബി നല്കുന്ന ഔദ്യോഗിക വിവരം. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും മുന്തിയ ഇനം ലഹരിമരുന്നായതിനാലാണ് ഇത്രയധികം വിപണി മൂല്യമുള്ളതെന്നും എന്‍സിബി അധികൃതര്‍ പറഞ്ഞു. മയക്കമരുന്ന് നിറച്ച കപ്പലില്‍ നിന്നും 29 കാരനായ യുവാവിനെ പിടികൂടിയിരുന്നു. ഇയാള്‍ നല്കുന്ന വിവരങ്ങളും ഹാജി സലിം ശൃംഖലയ്ക്ക് ഈ മയക്കമരുന്ന് കടത്തുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം നല്കുന്നു.
ലഹരി മരുന്ന് നിറച്ച ചാക്കുകളില്‍ ഹാജി സലിം ഗ്രൂപ്പിന്റേതായ ചില മുദ്രകള്‍ കണ്ടെത്തിയിരുന്നു. തേളിന്റെയും റോളക്സ് വാച്ചിന്റെ മുദ്രകള്‍ ഹാജി സലിം ഗ്രൂപ്പിന്റേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: