ആലപ്പുഴ : താനൂര്‍ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ നടത്തിയ ഹൗസ്ബോട്ട് പരിശോധന പ്രഹസനമായി. രേഖകള്‍ ഇല്ലാത്ത ബോട്ടുകള്‍ ഭൂരിപക്ഷവും ഇവിടെ നിന്ന് കടത്തി. മുന്‍കാലങ്ങളിലും ഇത്തരത്തില്‍ എവിടെയെങ്കിലും അപകടങ്ങള്‍ നടത്തുമ്പോള്‍ ആലപ്പുഴയിലെ കായല്‍ടൂറിസം മോഖലയില്‍ പരിശോധന നടത്തും.
ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ എല്ലാം പഴയപടിയാകും. ഇത്തവണയും വ്യത്യസ്ഥമാകാനിടയില്ലെന്നാണ് ആക്ഷേപം. പരിശോധനകള്‍ കഴിയുമ്പോള്‍ രേഖകളില്ലാത്ത ഹൗസ്ബോട്ടുകള്‍ തിരികെ എത്തിക്കും. ഇപ്പോഴും ചില അനധികൃതബോട്ടുകള് സര്‍വീസ് നടത്തുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. താനൂര്‍ ബോട്ടപകടം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോള്‍ കായലോരമേഖലയില്‍ വിനോദസഞ്ചാരികള്‍ക്കു കുറവൊന്നുമില്ല. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്തി.
ഹൗസ്ബോട്ടുകള്‍ക്ക് പുറമെ, ഉല്ലാസ ബോട്ടുകള്‍ക്കും, ശിക്കാര വള്ളങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വേനലവധിക്കാലം അവസാനിക്കാറായതിനാലാണ് തിരക്ക് വര്‍ദ്ധിച്ചത്. ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് അധികമായി സഞ്ചാരികള്‍ എത്തുന്നത്.
ലൈഫ് ജാക്കറ്റ് ധരിച്ച് യാത്ര ചെയ്യുന്നതില്‍ പലരും അസൗകര്യം പറയുന്നുണ്ടെങ്കിലും പരിശോധന ഭയന്ന് നിര്‍ബന്ധിച്ച് ജാക്കറ്റ് ധരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: