ന്യൂദല്‍ഹി : 2015 മുതല്‍ രണ്ടായിരത്തോളം അപ്രസക്തമായ നിയമങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രി അമിത് ഷാ.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമരംഗത്ത് വിവിധ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂദല്‍ഹിയില്‍ നിയമനിര്‍മ്മാണ കരട് രൂപീകരണ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമനിര്‍മ്മാണം ശാസ്ത്രമോ കലയോ അല്ല മറിച്ച് ആത്മാര്‍പ്പണത്തോടെ വൈദഗ്ധ്യത്തോടെ നടപ്പിലാക്കേണ്ട കാര്യമാണ്.നിയമം വ്യക്തമായിരിക്കണം, അവ്യകത്മായ ഒന്നും അതില്‍ ഉണ്ടാകരുതെന്നും അമിത് ഷാ പറഞ്ഞു. ലളിതവും വ്യക്തവുമായ വാക്കുകളില്‍ നിയമം രൂപപ്പെടുത്തണമെന്ന് അദ്ദേഹം പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി അര്ജുന് റാം മേഘ്വാ എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിശീലന പരിപാടിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.
ജനാധിപത്യത്തിനായുളള പാര്‍ലമെന്ററി ഗവേഷണ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടും ഭരണഘടനാ -പാര്‍ലമെന്ററി പഠന ഇന്‍സ്റ്റിട്യൂട്ടും ചേര്‍ന്നാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
പാര്‍ലമെന്റ്, സംസ്ഥാന നിയമസഭകള്‍, വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയമനിര്‍മ്മാണ കരടിന്റെ തത്വങ്ങളെയും സമ്പ്രദായങ്ങളെയും കുറിച്ച് ധാരണ സൃഷ്ടിക്കുക എന്നതാണ് പരിശീലന പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: