പ്രസന്നന് .ബി
പ്രപഞ്ചത്തിലെ ഒരോ അണുവിലൂടെയും നാം കടന്നുചെന്നു വിശകലനം ചെയ്യുമ്പോഴെല്ലാം പല പല കൈവഴികള്‍ രാജപാതപോലെ അനായാസം തെളിയും. അതിലൂടെ സഞ്ചരിക്കവേ ഒരിടത്ത് ഒതുങ്ങുകയും, പ്രാധാന്യമെന്നു തോന്നാത്തതായ ഒരുവഴി, മനഃപൂര്‍വം അതു തിരഞ്ഞെടുത്തവര്‍ അതിലൂടെ കടന്നുപോയി അതിവിശാലവും അനന്തവുമായ ഒരുപാതയില്‍ ചെന്നെത്തുന്നതും കാണാം. അതുവരെ സഞ്ചരിച്ച വഴികള്‍ ആത്മീയമെന്നു തോന്നുമെങ്കിലും ആ വഴികളെല്ലാം ഭൗതികം തന്നെയാണ്. വിശാലമായ ആ വഴിയിലെത്തിയ ഏതൊരു ജ്ഞാനിയുടേയും മുന്നോട്ടുള്ള പ്രയാണം. അവിടെതുടങ്ങും ആത്മീയപാതയിലൂടുള്ള സഞ്ചാരം. പ്രചഞ്ചത്തിലുള്ള ഏതൊരു സംഭവങ്ങളിലും ഈ തത്വം കരുവായി നിലകൊള്ളുന്നതു കാണാം.
ഉദാഹരണത്തിന് അരങ്ങുതകര്‍ത്താടുന്ന അതിഗംഭീരമായ ഒരു സംഗീത നൃത്താവിഷ്കാരവേദി. നിറഞ്ഞു കവിയുന്ന ആസ്വാദകരില്‍ അവനവന്റെ അഭിരുചിക്കനുസരിച്ചുള്ള ആസ്വാദനം പല പല ധ്രുവങ്ങളിലായി പിരിഞ്ഞ് അതിന്റേതായ അന്ത്യത്തില്‍ നിലയുറപ്പിക്കും. ഇവരാരുംതന്നെ പരിപൂര്‍ണ്ണമായി എല്ലാത്തിനേയും ഉള്‍ക്കൊണ്ട് പരിസമാപ്തിയിലെത്തുന്നില്ല. അതിന്റെ പ്രചോദനമായ ആത്മീയതലം കണ്ടെത്തുന്ന പ്രക്രിയയില്‍ സഞ്ചരിക്കാന്‍ പാകമാകുന്ന വിരളം ചിലരൊഴിച്ചാല്‍ മറ്റെല്ലാം ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് കെട്ടടങ്ങുന്നതുകാണാം.
വേദിയിലാടുന്ന നര്‍ത്തകിയുടെ ലാവണ്യം സൗന്ദര്യാസ്വാദകനെ ആകര്‍ഷിക്കുമ്പോള്‍, അവളുടെ ആടയാഭരണങ്ങള്‍ മറ്റൊരാളെ തൃപ്തിപ്പെടുത്തും. അവളുടെ ചടുലമായ നൃത്തചാതുരി ഒരാളെയെങ്കില്‍, ചുവടുപിഴക്കാതുള്ള നടനം മറ്റൊരാളുടെ മനംമയക്കും. അതുപോലെ, വേദിനിറഞ്ഞാടാന് നര്‍ത്തകിക്ക് പ്രചോദനമായി വരുന്ന പിന്നണിയിലെ ഓരോരോ ഉപകരണവും സമയോചിതമായി കൂട്ടിയും കുറച്ചും സദസിളക്കിമറിക്കുംവിധം കൈകാര്യം ചെയ്യുന്ന കലാകാരന്മാരെ മാത്രം കാണുന്ന, ഓരോന്നിലും അഭിരുചിയുള്ള ആസ്വാദകര്‍ ഒരുവശത്ത്. ഒരു ഗുംഗുരുനാദംപോലും അവസ്ഥാനുസരണം കാതുകളിലെത്തിക്കുകയും അതില്‍ നിര്‍വൃതി കൊള്ളുന്നവരും അതില്‍പെടും. അവയ്ക്കെല്ലാം പ്രകാശ വര്ണ്ണരാജിവിതറുന്നവരും അതാസ്വദിക്കുന്നവരും വേറെ. അതിനിടയില്‍. ഇവയ്ക്കെല്ലാമുപരിയായി ഈകോലാഹലങ്ങളെ മുഴുവനായി അണിനിരത്തിയ സംഗീതത്തെ സാഷ്ഠാഗം പ്രണമിക്കുന്ന സംഗീതജ്ഞരുടെ കൃതജ്ഞതാമൗനം. ഇതിലെങ്ങും പെടാതെയും ഇവയുടെയെല്ലാം പൊരുളുമായ ഒരു പാവം കവിയും കവിതയും ആരവങ്ങളില്‍ നിന്നെല്ലാം മാറി ആരും ശ്രദ്ധിക്കപ്പെടാതെ ഏതോമൂലയിലൊതുങ്ങി അപ്രസക്തമായൊരു വഴിപോലെ നില്ക്കുന്നതു കാണാം. ഈ വഴിയിലൂടെ സഞ്ചരിച്ചാല്‍ അതിവിശാലമായ ഒരനന്തപാതയോരത്തേക്കു പോകുന്നതും കാണാം. ബാക്കിയുള്ളവയെല്ലാം കഠിനാദ്ധ്വാനത്തിലൂടെ നേടാമെങ്കില്‍ ഇതുമാത്രം താനറിയാത്ത പാതയിലൂടൊഴുകിവന്നതാണെന്നുള്ള സത്യം ആത്മജ്ഞാനമായി നിലകൊള്ളുമ്പോള്‍ അതന്വേഷിക്കലാണ് ഈ ആത്മീയത. അതിനെ മനസിലാക്കലാണ് ബ്രഹ്മജ്ഞാനം.
ഇവിടെ നടമാടിയ സകലകോലഹലങ്ങളിലൂടെ സംജാതമായൊരാനന്ദം സകലരിലും സകലതിലും പാറിപ്പറന്നുനടന്ന അവാച്യമായൊരു ഉന്മാദ നിര്‍വൃതി! അതാര്‍ക്കും വിലയ്ക്കു വാങ്ങാനും കൊടുക്കാനും സാധ്യമല്ലാത്ത ഒരഭൗമമായ ആനന്ദം! ആ ആനന്ദമത്രേ ഈശ്വരതേജസ്. ഈ തേജസ് സദാ നിലനിര്‍ത്താന്‍വേണ്ട ത്യാഗം അല്ലെങ്കില്‍ കര്‍മ്മമനുഷ്ഠിക്കലാണ് ഈശ്വരചിന്തയിലേക്കൊരാളെ നയിക്കുക.
മേല്പ്പറഞ്ഞതു പോലെ ഒരുവലിയസദസാകമാനം ഇളക്കിമറിച്ച വൈഭവം എങ്ങനെയോ അങ്ങനെതന്നെയാണ് പ്രപഞ്ചനാഥന് പ്രപഞ്ചത്തെ തന്റെ ചെറുകിരണങ്ങളാല് വളരെ ലാഘവത്തോടെ സകലതിലും പായിച്ചമ്മാനമാടുന്നത്. ഇത്തരത്തിലിളകിമറിയുന്ന പ്രപഞ്ചസാഗരത്തിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതായൊരുചെറുവഴി, അതുതേടിപ്പോകുന്നവരാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികള്‍. ഇവരാകട്ടെ അനന്തമായ ഈ ശക്തി സ്രോതസിനെ മനസിലാക്കാന്‍ പാകപ്പെടുംവരെ ബ്രഹ്മജ്ഞാനിയാകുന്നില്ല.! ആരാണോ അര്ത്ഥമോഹികളല്ലാത്ത സര്‍വസംഗപരിത്യാഗികളായി സ്വയം മാറിയതിനുശേഷമേ അവര്‍ക്ക് ആ പാത സഞ്ചാരയോഗ്യമാക്കാനാവൂ, അതിലൂടെ സഞ്ചരിക്കാനുമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: