മുംബയ് : ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്ഥാന് തുടരുകയാണെങ്കില്‍ ചര്‍ച്ചകള്‍ ഒരിക്കലും സാധ്യമാകില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ പുരോഗതിയും ശക്തിയും ഇഷ്ടമാകാത്ത ചില ഇന്ത്യാ വിരുദ്ധ ശക്തികളുണ്ടെന്ന് ഛത്രപതി സംഭാജി നഗറില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ നേരിട്ട് നേരിടാനുള്ള കരുത്ത് ഇല്ലാത്തതിനാല്‍ ഇത്തരം ശക്തികള്‍ തീവ്രവാദം പോലുള്ള നിഴല്‍ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നും രാജാനാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ഉറി, പുല്‍വാമ സംഭവങ്ങള്‍ക്ക് ശേഷം രാജ്യത്തിനകത്തോ അതിര്‍ത്തിക്കപ്പുറമോ ഉള്ള ഭീകരതയെ നേരിടാനും ഉന്മൂലനം ചെയ്യാനും തങ്ങള്‍ തയ്യാറാണെന്ന ശക്തമായ സന്ദേശമാണ് മിന്നലാക്രമണത്തിലൂടെയും വ്യോമാക്രമണങ്ങളിലൂടെയും സായുധ സേന നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരില്‍ അനുച്ഛാദം 370 റദ്ദാക്കിയെന്നും തീവ്രവാദത്തിനെതിരെ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുക, ജനങ്ങളുടെ സുരക്ഷ, രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം എന്നിവ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
എല്ലാത്തരം ഭീഷണികളില്‍ നിന്നും രാജ്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുക മാത്രമല്ല, സഹൃദ് രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രതിരോധം ഉള്‍പ്പെടെ എല്ലാ മേഖലകളും സംഭാവന നല്‍കിയിട്ടുണ്ടെന്നും ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: