ജയ്പൂര്‍: രാജസ്ഥാന് റോയല്‍സിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്ക് തട്ടകത്തില്‍ കനത്ത തിരിച്ചടി. ജയിച്ചാല്‍ നോക്കൗട്ട് പ്രതീക്ഷ സജീവമായിരുന്ന രാജസ്ഥാന്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 112 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങി. റണ്‍റേറ്റിലും പിന്നിലായ അവര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. തകര്‍പ്പന്‍ ജയം റണ്‍റേറ്റില്‍ കുതിപ്പ് നല്കിയ ബാംഗ്ലൂര്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. രണ്ട് ടീമുകള്‍ക്കും 12 പോയിന്റ് വീതം. സ്കോര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-171/5 (20), രാജസ്ഥാന് റോയല്‍സ്-59 (10.3).
ബാംഗ്ലൂര്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഐപിഎല്ലിലെ റണ്ണിന്റെ അടിസ്ഥാനത്തിലെ വന്‍ തോല്‍വിയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ കുറഞ്ഞ സ്കോറാണ് രാജസ്ഥാന്റേത്. പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന്റെ കരുത്തുറ്റ മുന്‍നിരയെ ബാംഗ്ലൂര്‍ തൂത്തെറിഞ്ഞു. മൂന്നോവറില്‍ 10 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത വെയ്ന്‍ പാര്‍നെല്‍ ബാംഗ്ലൂരിന്റെ പോരാട്ടം നയിച്ചു. പാര്‍നലാണ് കളിയിലെ താരവും. മൈക്കിള്‍ ബ്രേസ്വെല്ലപം കരണ്‍ ശര്‍മ്മയും രണ്ടു വീതവും മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ്വെല്ലും ഓരോന്നും വിക്കറ്റെടുത്തു.
തകര്‍പ്പന്‍ ഫോമിലുള്ള ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ജോസ് ബട്ലറും റണ്ണെടുക്കാതെ മടങ്ങി. ജോ റൂട്ട് (10), സഞ്ജു സാംസണ് (നാല്), ദേവ്ദത്ത് പടിക്കല്‍ (നാല്), ധ്രുവ് ജുറേല്‍ (ഒന്ന്) എന്നിവരും തീര്‍ത്തും പരാജയമായി. 19 പന്തില്‍ ഒരു ഫോറും നാലു സിക്സും സഹിതം 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്മെയര്‍ രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ഹാഫെ ഡ്യുപ്ലെസിസിന്റെയും ഗ്ലെന്‍ മാക്സ്വെല്ലിന്റെയും അര്‍ധശതകങ്ങള്‍. ഡ്യുപ്ലെസിസ് 44 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 55 റണ്‍സെടുത്തപ്പോള്‍, മാക്സ്വെല്ലിന് 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 54 റണ്‍സ്.
അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത അനുജ് റാവത്തിന്റെ പ്രകനവും നിര്‍ണായകം. 11 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം റാവത്ത് പുറത്താകാതെ 29 റണ്‍സെടുത്തു. വിരാട് കോഹ്ലിക്ക് 18 റണ്‍സ്. രാജസ്ഥാനായി ആദം സാമ്പയും മലയാളി താരം കെ.എം. ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: